മണിപ്പൂരിലെ ഉപരോധം; മോദി ഇടപെടണമെന്ന് മേരികോം
text_fieldsന്യൂഡല്‍ഹി: ഇടിക്കൂട്ടില്‍ നിന്നും അഞ്ചു തവണ ചാമ്പ്യന്‍ പട്ടം നേടി മണിപ്പൂരിന്‍െറ യശസ്സ് ലോകത്തോളം ഉയര്‍ത്തിയ മേരികോം ഇപ്പോള്‍ പൊരുതുന്നത് സ്വന്തം നാടിന്‍െറ നിലനില്‍പിനുവേണ്ടിയാണ്. മണിപ്പൂരിനെ വരിഞ്ഞുമുറുക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പി കൂടിയായ കോം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഏഴു പുതിയ ജില്ലകള്‍ രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തിനെതിരായി യുനൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി) നടത്തിവരുന്ന സാമ്പത്തിക ഉപരോധമാണ് നാടിനെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിട്ടത്. നാഗാ ഗോത്ര വിഭാഗക്കാര്‍ അധിവസിക്കുന്ന മേഖലകളിലൂടെയാണ് പുതിയ ജില്ലകളുടെ രൂപവത്കരണമെന്നും ഇത് ഭൂമിക്കുമേലുള്ള അവരുടെ അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് യു.എന്‍.സിയുടെ വാദം.
50 ദിവസം പിന്നിട്ട ഉപരോധത്തില്‍ മണിപ്പൂരിലെ സാധാരണ ജീവിതം താളംതെറ്റിയിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്കുപോലും കടുത്ത ക്ഷാമം നേരിടുന്നു. കഠിനതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നും ഏറ്റവും വേഗത്തില്‍ പ്രശ്നത്തില്‍ പരിഹാരം കാണണമെന്നും മേരികോം മോദിയോട് അഭ്യര്‍ഥിച്ചു. സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായില്ളെങ്കില്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.