ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്; ഒരു സ്വർണം മാത്രം
text_fieldsറാഞ്ചി: 34ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ മെഡൽ വരൾച്ചയിലാണ്ടുപോയ കേരളത്തിന് മൂന്നാം ദിനം ആശ്വസിക്കാൻ ഒരു സ്വർണം മാത്രം. 27 ഫൈനലുകൾ നടന്ന ഞായറാഴ്ച അണ്ടർ 18 മെഡ്ലേ റിലേയിൽ പെൺകുട്ടികളാണ് കേരളത്തിെൻറ മുഖംരക്ഷിച്ചത്. ആൻസി സോജൻ, അപർണ റോയ്, എ.എസ്. സാന്ദ്ര, ഗൗരി നന്ദന ഉൾപ്പെടുന്ന ടീമാണ് കേരളത്തിെൻറ അഭിമാനമായത്. 2:13.53 സെക്കൻഡിലാണ് ടീം ഓടിയെത്തിയത്. മൂന്നാം ദിനം ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് കേരളത്തിെൻറ സമ്പാദ്യം.
കിരീടം അകലുന്നു
ഒരു ദിനം മാത്രം ബാക്കിനിൽക്കെ കിരീടസ്വപ്നങ്ങളിൽനിന്ന് ഏറെ പിന്നിലാണ് കേരളം. ദേശീയ മീറ്റുകളിൽ കേരളത്തിെൻറ കുതിപ്പിനു കാഴ്ചക്കാരായിരുന്നവർ മെഡൽ വാരിക്കൂട്ടുമ്പോൾ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മലയാള കൗമാരങ്ങൾ വിയർക്കുന്നു. കഴിഞ്ഞവർഷം വിജയവാഡയിൽ നിസ്സാര പോയൻറുകൾക്ക് നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാമെന്ന മോഹങ്ങൾകൂടിയാണ് റാഞ്ചിയിൽ വീണുടയുന്നത്.
അതേസമയം, കേരളത്തിൽനിന്ന് പാഠം പഠിച്ചെത്തിയ ഹരിയാന മൂന്നാംദിനം 12 സ്വർണംകൂടി നേടി (23 സ്വർണം, 16 വെള്ളി, എട്ടു വെങ്കലം) ഏറെ മുന്നിലാണ്. കഴിഞ്ഞവർഷം എട്ടു പോയൻറ് വ്യത്യാസത്തിലാണ് ഹരിയാന ചാമ്പ്യന്മാരായത്. ആറു സ്വർണം, എട്ടു വെള്ളി, 13 വെങ്കലം ഉൾപ്പെടെ 26 മെഡലുകളുമായി പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിനം 37 ഫൈനലുകളുണ്ട്.
അണ്ടർ 18 ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ പാലക്കാട് മുണ്ടൂർ സ്കൂളിലെ അഖിൽകുമാറിനും (15.03), അണ്ടർ 20 പെൺകുട്ടികളുടെ 4x400 മീറ്ററിൽ റിലേയിലുമാണ് വെള്ളി (3:55.33 സെ). അണ്ടർ 20 പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ ഇടുക്കി മറയൂർ സ്വദേശി പി.ആർ. ഐശ്വര്യ (12.46), അണ്ടർ 18 ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ തിരുവനന്തപുരം സായിയുടെ ആകാശ് എം. വർഗീസ് (14.96), അണ്ടർ 14 ഷോട്ട്പുട്ടിൽ കൊച്ചി നേവി സ്കൂളിലെ രാജ് കുമാർ (14.97 മീറ്റർ), അണ്ടർ 16 പെൺകുട്ടികളുടെ മെഡ്ലേ റിലേയിലുമാണ് വെങ്കലം.
റിലേയിൽ രശ്മി ജയരാജൻ, അലീന വർഗീസ്, എൽഗ തോമസ്, പ്രതിഭ വർഗീസ് എന്നിവരടങ്ങുന്ന സംഘം 2:18.58 സെക്കൻഡിലാണ് ലക്ഷ്യം മറികടന്നത്. മൂന്നാം ദിനം പിറന്ന ത് ആറു േദശീയ റെക്കോഡുകൾ. മൂന്നെണ്ണം ഹരിയാനയുടെ പേരിലായിരുന്നു.
ഷോട്ട്പുട്ടിലെ ഭായി
ബിഹാറിൽനിന്ന് റാഞ്ചിയിലേക്ക് എട്ടു മണിക്കൂർ യാത്രയേയുള്ളൂ. പക്ഷേ, അണ്ടർ 14 ഷോട്ട്പുട്ടിൽ വെങ്കലം നേടിയ ബിഹാർ ആരാ സ്വദേശി രാജ്കുമാർ റാഞ്ചിയിലെത്തിയത് രണ്ടു ദിവസത്തെ യാത്രക്കൊടുവിലാണ്. കേരള ടീമിനൊപ്പം കൊച്ചിയിൽ നിന്നായിരുന്നു യാത്ര. കൊച്ചി നേവി ചിൽഡ്രൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
സംസ്ഥാന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിൽ മികച്ച താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കേരളത്തിനായൊരു മെഡൽ നേടണമെന്ന മോഹം പങ്കുവെച്ച് ഷോട്ട് എറിയാനിറങ്ങിയ രാജ്കുമാർ നിരാശപ്പെടുത്തിയില്ല. ദേശീയ റെക്കോഡ് പിറന്ന മത്സരത്തിൽ മൂന്നാം സ്ഥാനവുമായി തെൻറ വക കേരളത്തിനൊരു മെഡൽ സമ്മാനിച്ചു. പിതാവ് കൃഷ്ണകുമാർ നേവി ഉദ്യോഗസ്ഥനാണ്. മാതാവ്: തീലാമുനി. സഹോദരൻ: ഇന്ദ്രജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.