ദേശീയ ജൂനിയർ മീറ്റ്: കേരളത്തിന് നിരാശപ്പെടുത്തുന്ന രണ്ടാം സ്ഥാനം
text_fieldsറാഞ്ചി: ഇന്ത്യൻ അത്ലറ്റിക്സിലെ ഭാവിതാരങ്ങളെ കണ്ടെത്തുന്ന ജൂനിയർ മീറ്റിൽ കേരളം വീണ്ടും രണ്ടാം സ്ഥാനത്ത്. തുടർച്ചയായ ആറാം കിരീടം പ്രതീക്ഷിച്ചെത്തിയ കഴിഞ്ഞവർഷവും രണ്ടാം സ്ഥാനമായിരുന്നു. അന്നുമിന്നും വീണത് ഹരിയാനയുടെ നിശ്ചയദാർഢ്യത്തിനു മുന്നിലും. രണ്ടുവർഷത്തെ സ്ഥാനനേട്ടങ്ങൾക്കിടയിൽ ഒട്ടും ശുഭകരമല്ല വസ്തുതകൾ. 11 സ്വർണം, 15 വെള്ളി, 18 വെങ്കലവുമാണ് ഇക്കുറി നേടിയത്. കഴിഞ്ഞവർഷം 24, 17, 18 എന്നായിരുന്നു കണക്ക്. കഴിഞ്ഞവർഷം എട്ടു പോയൻറ് വ്യത്യാസത്തിലാണ് കിരീടം നഷ്ടമായതെങ്കിൽ ഇക്കുറി അങ്ങനെയൊരു നിരാശയില്ല. 140 പോയൻറിനു മുകളിലാണ് വ്യത്യാസം.
റെക്കോഡ് പുസ്തകം
22 തവണ ചാമ്പ്യന്മാർ, 10 തവണ റണ്ണേഴ്സ്അപ്പ്, പ്രകടന മികവിൽ മീറ്റ്, ദേശീയ റെക്കോഡ് പുസ്തകങ്ങളിലും കായികചരിത്രത്തിലും ഇടംതീർത്ത താരങ്ങൾ. കേരളത്തിെൻറ വിശേഷങ്ങൾ അവസാനിക്കുന്നതല്ല. എന്നാൽ, ഓരോ മീറ്റും അവസാനിക്കുമ്പോഴും ചരിത്രമോർത്ത് സന്തോഷിക്കാൻ മാത്രമാണ് കേരളത്തിെൻറ വിധി. റാഞ്ചിയിൽ 14 ദേശീയ റെക്കോഡുകളും 24 മീറ്റ് റെക്കോഡുകളുമാണ് പിറന്നത്. ദേശീയ റെക്കോഡിൽ കേരളത്തിെൻറ സാന്നിധ്യം അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിലെ അപർണ റോയിയിൽ ഒതുങ്ങി. അണ്ടർ 18, 20 പെൺകുട്ടികൾ പ്രകടനമികവിൽ മുന്നിൽനിന്നു. ആൻസി സോജെൻറ ട്രിപ്ൾ, അബിത മേരി മാനുവലിെൻറ ഡബ്ൾ സ്വർണനേട്ടവും അഭിമാനാർഹമായി. അതേസമയം, ചാമ്പ്യന്മാരായ ഹരിയാന നാലു ദേശീയ റെക്കോഡും നാലു മീറ്റ് റെക്കോഡും സ്വന്തം പേരിലാക്കി. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക ടീമുകൾ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
നേട്ടം ഹർഡ്ൽസിൽ,
സ്പ്രിൻറിൽ തിരിച്ചടി
ഹർഡ്ൽസിലായിരുന്നു നേട്ടം. മൂന്നു സ്വർണം, മൂന്നു വെള്ളി, ഒരു വെങ്കലം. അപർണയുടെ റെക്കോഡ് ഇരട്ടിമധുരമായി. 400 മീറ്റർ ഹർഡ്ൽസിൽ മുഹമ്മദ് ഷദാനും ആർ. ആരതിയും സ്വർണമണിഞ്ഞു. എന്നാൽ, സ്പ്രിൻറിൽ തിരിച്ചടി തുടരുന്നു. 200 മീറ്ററിൽ ആൻസിയുടെ സ്വർണമാണ് ആകെയൊരു നേട്ടം. മൂന്നു വെങ്കലവും ലഭിച്ചു. അണ്ടർ 20, 18 പെൺകുട്ടികളുടെ വിഭാഗം നിരാശപ്പെടുത്തി.
നഷ്ടപ്പെടുന്ന കാഴ്ചപ്പാട്
കേരളത്തെ കണ്ടുപഠിച്ചാണ് ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങൾ നേട്ടങ്ങളുടെ പട്ടികയിലേക്കു നടന്നുകയറിയത്. മികച്ച ആസൂത്രണവും ദീർഘവീക്ഷണവുമാണ് അവരുടെ നേട്ടം. കായികശേഷിയിൽ ഏറെ പിന്നിലുള്ളവരെപ്പോലും താരങ്ങളാക്കുന്നതാണ് അവരുടെ നയം. കുട്ടികളിലാണ് അവർ നാളെയുടെ താരങ്ങളെ തേടുന്നത്. അതേസമയം, കേരളത്തിൽ സ്ഥിതി നേരേ മറിച്ചാണ്. സ്കൂൾ മീറ്റിൽ മാത്രമായി മത്സരം മുറുകുന്നു. അതിനായി ഇതര സംസ്ഥാനക്കാരെ സ്കൂളിലെത്തിക്കാൻപോലും അധികൃതർ തയാറാകുന്നതിന് കഴിഞ്ഞ മീറ്റ് സാക്ഷിയാണ്. ദേശീയ മീറ്റുകളെപ്പോലും വെല്ലുവിളിച്ചുള്ള തുടർച്ചയായ മീറ്റുകൾ കുട്ടികൾക്ക് നൽകുന്ന ശാരീരിക ക്ഷീണം ഏറെയാണ്. ദുരിതയാത്ര കൂടിയാകുമ്പോൾ പറയേണ്ടതുമില്ല. സർവകലാശാല മീറ്റിൽ പങ്കെടുക്കാനുള്ള കേരള ടീമിൽനിന്ന് മൂന്നു പേരാണ് മാറിയത്.
തിരിച്ചടിച്ച സംഘാടനം
യാത്രക്കൊടുവിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് താമസ സ്ഥലത്തേക്കു താരങ്ങളെ എത്തിക്കുന്നതിൽ തുടങ്ങി മത്സരക്രമം തയാറാക്കുന്നതിൽവരെ സംഘാടനം പാളി. രാവിലെ 11 മുതൽ ഉച്ചക്കു മൂന്നു വരെ ഇടവേള നൽകി പിന്നീട് തുടർച്ചയായി മത്സരങ്ങൾ നടത്തുന്നതായിരുന്നു രീതി. രണ്ട്, മൂന്ന് ദിനങ്ങളിൽ വൈകീട്ട് ആറരക്കുശേഷം തണുപ്പു വീണശേഷമായിരുന്നു ഫൈനലുകൾ. അതിനൊപ്പം പനിയും ഛർദിയും ഉൾപ്പെടെ കേരളത്തിന് തിരിച്ചടിയായി. നേരേത്ത അഞ്ചു ദിവസം തീരുമാനിച്ചിരുന്ന മത്സരം ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം കണക്കിലെടുത്ത് ഒരു മുന്നറിയിപ്പുമില്ലാെത നാലു ദിവസത്തേക്കു ചുരുക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രായത്തട്ടിപ്പുകാരോടുമൊക്കെ കേരളത്തിനു മത്സരിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.