കേരളത്തിന് ഒമ്പത് സ്വർണം കൂടി; എം. ശ്രീശങ്കറിന് മീറ്റ് റെക്കോഡ്
text_fieldsവിജയവാഡ: മംഗളഗിരി ആചാര്യ നാഗാർജുന സർവകലാശാല സ്റ്റേഡിയത്തിലെ നീലട്രാക്കിൽ പോരാട്ടത്തിന് ചൂടുപിടിക്കുേമ്പാൾ ഉച്ചിയിൽ സൂര്യൻ കത്തിജ്വലിക്കുകയായിരുന്നു. 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ ചൂടിൽ താരങ്ങളും കാണികളും വെന്തുരുകിയപ്പോൾ സ്വർണവും വെള്ളിയുംകൊണ്ട് ദാഹമകറ്റി കേരളത്തിെൻറ കുതിപ്പ്. 33ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ ഹരിയാനയെ വെല്ലുവിളിച്ച് കേരളം ടോപ് ഗിയറിലേക്ക് മാറി. ഞായറാഴ്ച ഒമ്പതു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടിയ ചാമ്പ്യന്മാർക്ക് 298 പോയൻറായി. ഒന്നാം സ്ഥാനത്തുള്ള ഹരിയാനയുമായി (328) പോയൻറ് വ്യത്യാസം 30 ആയി കുറച്ചു. ഇഷ്ട ഇനങ്ങളായ 800 മീ, 200 മീ, 4x400 മീ. റിലേ എന്നിവ ബാക്കിനിൽക്കെ ചാമ്പ്യൻഷിപ് അനായാസം നിലനിർത്താമെന്നാണ് കേരളത്തിെൻറ പ്രതീക്ഷ.
പൊന്നിൽ കുളിച്ച ഞായർ
മെഡൽ വരൾച്ചയുടേതായിരുന്നു പ്രഭാതം. പിന്നെ തടയണ പൊട്ടിയപോലെ മെഡലുകളുടെ കുത്തൊഴുക്കായി. ട്രാക്കിലും പിറ്റിലും പൊന്നുകൊണ്ട് തുലാഭാരം നടത്തിയവർ ഒരു പകൽ ബാക്കിനിൽക്കെ മെഡൽവേട്ടയിൽ കഴിഞ്ഞവർഷത്തെ പ്രകടനവും മറികടന്നു. കോയമ്പത്തൂരിൽ ചാമ്പ്യന്മാരാവുേമ്പാൾ 18-18-23 ആയിരുന്നു പ്രകടനം. ഇക്കുറി ഒരു ദിനം ബാക്കിനിൽക്കെ തന്നെ 19-14-13 എന്നായി.
ഹർഡ്ലിൽ നൂറിൽ നൂറ്
മെഡലുകളൊന്നുമില്ലാതെ കാഴ്ചക്കാരായപ്പോെഴല്ലാം കേരളത്തിന് ഭാഗ്യമെത്തിച്ചത് ഹർഡ്ലുകൾക്കു മീതെയുള്ള കുതിപ്പായിരുന്നു. ആ ഭാഗ്യം ഞായറാഴ്ചയും ആവർത്തിച്ചു. രാവിലെ ദീർഘദൂരത്തിലും പോൾവാൾട്ടിലും നഷ്ടക്കണക്കായപ്പോൾ ഉച്ചകഴിഞ്ഞ് തുടങ്ങിയ 400 മീറ്റർ ഹർഡ്ൽസിൽ പൊന്നിൽ കുളിച്ച് കേരളം കുതിപ്പ് തുടങ്ങി. ട്രാക്കിൽ നടന്ന മൂന്നിനങ്ങളിലും സ്വർണം. രണ്ടു വെള്ളിയും. അനന്തു വിജയൻ (അണ്ടർ 18), പി.ഒ. സയന (അണ്ടർ 20 പെൺ), ജെ. വിഷ്ണുപ്രിയ (അണ്ടർ 18 പെൺ) എന്നിവരിലൂടെ പൊന്ന് പിറന്നപ്പോൾ, അഭിഗെയ്ൽ ആരോഗ്യനാഥൻ, കെ.എം. നിബ എന്നിവർ വെള്ളി നേടി. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ അനന്തു വിജയൻ വെല്ലുവിളിയില്ലാതെയാണ് (53.33 സെ.) സ്വർണത്തിലേക്ക് ഒാടിക്കയറിയത്. പെൺകുട്ടികളിൽ കേരള താരങ്ങൾ തമ്മിലായിരുന്നു പോരാട്ടം. അണ്ടർ 18ൽ പാലക്കാട് ജി.എം.എച്ച്.എസ്.എസിലെ വിഷ്ണുപ്രിയ (1:02.47 മി.) ഫിനിഷിങ് ലൈൻ െതാടുേമ്പാൾ നാട്ടുകാരിയായ കെ.എം. ലിബ തൊട്ടുപിന്നിൽ (1:06.36 മി). സീനിയർ പെൺകുട്ടികളിൽ പി.ഒ. സയന (1:01.13 മി) അഭിഗെയ്ലിനെ പിന്തള്ളി സ്വർണമണിഞ്ഞു.
ഉയരങ്ങളിൽ ശ്രീശങ്കർ
ഇന്ത്യയുടെ രാജ്യാന്തര അത്ലറ്റുകളായ അച്ഛനും അമ്മയും അരികെനിന്ന് ഉൗർജംപകരുേമ്പാൾ ശ്രീശങ്കർ പറന്നിറങ്ങാതിരിക്കുന്നതെങ്ങനെ? ഏഷ്യൻ മെഡലിസ്റ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ എം. ശ്രീശങ്കറായിരുന്നു ഞായറാഴ്ചയിലെ താരം. അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജംപിൽ ആദ്യ ശ്രമത്തിൽ തന്നെ 7.72 മീറ്റർ ചാടിയ ‘ശ്രീ’ ഇന്ത്യൻ താരം അങ്കിത് ശർമയുടെ പേരിലുണ്ടായിരുന്ന ആറു വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് (7.57 മീ) തകർത്തു. മെഡലിനൊപ്പം 2018െല ഫിൻലൻഡ് ലോക യൂത്ത് ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും നേടി. കേരളത്തിെൻറതന്നെ മലപ്പുറം തവനൂരുകാരനായ മുഹമ്മദ് സാലിഹിനാണ് വെള്ളി. അവസാന ചാട്ടത്തിൽ 7.56 മീറ്റർ ദൂരെയെത്തിയാണ് സാലിഹ് വെള്ളിയണിഞ്ഞത്. പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് ശ്രീശങ്കർ.
പെൺകുട്ടികളുടെ ലോങ്ജംപിൽ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സിലെ ലിസ്ബത് കരോളിൻ ജോസഫ് 12.35 മീറ്റർ ചാടി സ്വർണം നേടി. അണ്ടർ 20 ആൺകുട്ടികളുടെ പോൾവാൾട്ടിൽ എതിരാളിയില്ലാതെ പോരാടിയ കെ.ജി. ജെസൻ (4.70 മീ) സ്വർണമണിഞ്ഞു. പാലക്കാട് കല്ലടി എം.ഇ.എസ് കോളജ് വിദ്യാർഥിയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ ജെസൻ. പിന്നാലെ റിലേയിലും കേരള താരങ്ങൾ മെഡൽ നേടി. അണ്ടർ 16 മിഡ്ലെ പെൺകുട്ടികളിൽ അനു ജോസഫ്, ഗ്രേസ് മരിയ വിൽസൺ, എ.എസ്. സാന്ദ്ര, പ്രിസ്കില ഡാനിയേൽ, അണ്ടർ 20 പെൺ 4x100 റിലേയിൽ അനുപമ, അഖിന ബാബു, പി.ഒ. സയന, അഞ്ജലി ജോൺസൺ, അണ്ടർ 20 ആൺ വിഭാഗത്തിൽ നിബിൻ ബൈജു, മുഹമ്മദ് തൻവീർ, അതുൽ സേനൻ, സചിൻ ബിനു എന്നിവരടങ്ങിയ ടീമുകൾക്കാണ് സ്വർണം. അണ്ടർ 18 മിഡ്ലെയിൽ പുരുഷ-വനിത ടീമുകൾ വെങ്കലത്തിലൊതുങ്ങി. ആതിര മോഹൻ ഹെപ്റ്റാത്ലണിൽ വെള്ളിയും ഷോട്ട്പുട്ടിൽ നെൽസ ഷാജി വെങ്കലവും നേടിയതോടെ നാലാം ദിനത്തിലെ കേരള വാഴ്ച പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.