ദേശീയ കബഡി ചാമ്പ്യൻഷിപ്പ്: അഡ്മിനിസ്ട്രേറ്റർ കണ്ണുരുട്ടി: ഒറ്റ ടീമായി കേരളം കോർട്ടിലിറങ്ങി
text_fieldsകാഞ്ഞങ്ങാട്: ദേശീയ കബഡി ചാമ്പ്യൻഷിപ്പിനായി മഹാരാഷ്ട്രയിലെത്തിയത് രണ്ട് കേരള ടീമുകൾ. അവസാനം അഡ്മിനിസ് ട്രേറ്റർ താക്കീത് ചെയ്തതോടെ അസോസിയേഷനുകൾ തമ്മിലുള്ള വൈര്യം മറന്ന് ഒറ്റ ടീമായി മത്സരത്തിനിറങ്ങി. കേരള കബഡിയുടെ ചരിത്രത്തിലാദ്യമാണ് വേറെ വേറെ ടീമുകളായി ചാമ്പ്യൻഷിപ്പിനെത്തിയത്. സംസ്ഥാന കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രവീൺ കുമാറിനെ അനുകൂലിക്കുന്നവരും പഴയ സംസ്ഥാന പ്രസിഡൻറ് സുധീർ കുമാറിനെ അനുകൂലിക്കുന്നവരുമാണ് െവവ്വേറെ കേരള ടീമുകളുണ്ടാക്കി ദേശീയ ചാമ്പ്യൻഷിപ്പിന് പോയത്.
66ാമത് ദേശീയ കബഡിചാമ്പ്യൻഷിപ്പിൽ എച്ച് ഗ്രൂപ്പിൽ ഉത്തർപ്രദേശ്, ത്രിപുര, ജാർഖണ്ഡ് തുടങ്ങിയവർക്കൊപ്പമാണ് കേരളം. ഫെബ്രുവരി രണ്ടാം വാരം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആൾ ഇന്ത്യ കബഡി ഫെഡറേഷനെ സുപ്രീം കോടതി നേരത്തെ പിരിച്ചുവിട്ടിരുന്നു. അത് കൊണ്ട് തന്നെ മാഡ സൊസൈറ്റി ഗ്രൗണ്ടിലെ ദേശീയ മത്സരം നിയന്ത്രിക്കുന്നത് സുപ്രീം കോടതി നിയമിച്ച റിട്ട. ജഡ്ജിയായ അഡ്മിനിസ്ട്രേറ്ററാണ്. കേരള കബഡി അസോസിയേഷനിലെ ഭിന്നിപ്പിനെ തുടർന്ന് റിട്ട. ജഡ്ജിയായ അഡ്മിനിസ്ട്രേറ്റർ ശക്തമായ നിലപാടെടുത്തതോട് കൂടിയാണ് രണ്ട് അസോസിയേഷനുകളും ചേർന്ന് ഒരു കേരള ടീമായി മത്സരരംഗത്തിറങ്ങിയത്.
അസോസിയേഷനുകൾ തമ്മിലുള്ള തർക്കം തുടരുകയാണെങ്കിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള അവസരം തന്നെ നഷ്ടപ്പെടുമെന്നും അഡ്മിനിസ്ട്രേറ്റർ താക്കീത് നൽകുകയും ചെയ്തിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് കബഡി ലീഗ് ടൂർണമെൻറായ പ്രോകബഡിയിലേക്ക് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം ആകെ മൂന്ന് പേരാണ് കേരളത്തിൽ നിന്ന് പ്രോ കബഡിയിൽ കളിച്ചത്. സാഗർ ബി.കൃഷ്ണ യു.പി യോദ്ദക്കും അതുൽ തമിൾ തലൈവാസിനും, ആദർശ് ബംഗാൾ വാരിയേഴ്സിനും വേണ്ടിയായിരുന്നു മത്സരരംഗത്തിറങ്ങിയത്. ജില്ലയില്‍നിന്നുള്ള ഒരുപാടുതാരങ്ങള്‍ പ്രോ കബഡിയിലെ മികച്ച ക്ളബുകളിലേക്ക് പ്രോ കബഡിയുടെ ആദ്യ സീസണിലൊക്കെ തെരഞ്ഞെടുത്തിരുന്നു.
തെലുങ്ക് ടൈറ്റാന്‍സ്, ജയ്പുര്‍ പിങ്ക് പാന്തേഴ്സ് തുടങ്ങിയ ക്ളബുകള്‍ക്കുവേണ്ടി മികച്ച പ്രകടനവും ജില്ലയില്‍നിന്നുള്ള കബഡിതാരങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു. കബഡി അസോസിയേഷനുകൾ തമ്മിലുള്ള ഭിന്നിപ്പ് കബഡി താരങ്ങളുടെ വളർച്ചയെ തന്നെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രവീൺ കുമാറിനെ അനുകൂലിക്കുന്നവരും പഴയ സംസ്ഥാന പ്രസിഡൻറ് സുധീർ കുമാറിനെ അനുകൂലിക്കുന്നവരും െവവ്വേറെ ചാമ്പ്യൻഷഷിപ്പുകളാണ് കേരളത്തിൽ നടത്തിയത്.
ജനുവരി 22 മുതൽ 24 വരെ കുറ്റിക്കോലിൽ വെച്ചാണ് സുധീർ കുമാറിനെ അനുകൂലിക്കുന്നവർ ചാമ്പ്യൻഷിപ്പ് നടത്തിയതെങ്കിൽ കൊല്ലത്ത് വെച്ചായിരുന്നു പ്രവീൺ കുമാറിനെ അനുകൂലിക്കുന്നവരുടെ ചാമ്പ്യൻഷിപ്പുണ്ടായത്. നേരത്തെ ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പും അസോസിയേനുകൾ തമ്മിലുള്ള പോര് കാരണം രണ്ടെണ്ണമാണ് നടത്തിയത്. സംസ്ഥാന കബഡി അസോസിയേഷനും സ്പോർട്സ് കൗൺസിലും ഇൗ വിഷയത്തിൽ ശക്തമായ നിലപാടെടുക്കാത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമായത്. ദേശീയ കബഡി ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.