ദേശീയ ഒാപൺ അത്ലറ്റിക് ചാമ്പ്യൻഷിപ് ഇന്നുമുതൽ ചെന്നൈയിൽ
text_fieldsചെന്നൈ: 57ാമത് ദേശീയ ഒാപൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ചെന്നൈയിൽ കൊടി ഉയരും. സംസ്ഥാനങ്ങൾ, െപാതുമേഖല ടീമുകൾ എന്നിവയുടേതായി 32 ടീമുകൾ മാറ്റുരക്കുന്ന അങ്കത്തിൽ നാലുദിവസം ട്രാക്കും ഫീൽഡും സജീവമാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നും റെയിൽവേസ്, സർവിസസ്, ഒ.എൻ.ജി.സി, എൽ.െഎ.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്ത് ആയിരത്തോളം കായികതാരങ്ങളാണ് രംഗത്തുള്ളത്. കേരളം 61 താരങ്ങളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 22 പുരുഷ താരങ്ങളും 24 വനിത താരങ്ങളും കേരളത്തിനായി മത്സരിക്കാന്‍ ചെന്നൈയില്‍ എത്തിക്കഴിഞ്ഞു. ശേഷിച്ചവർ തിങ്കളാഴ്ച എത്തിച്ചേരും. കഴിഞ്ഞ ലഖ്നോ ഒാപൺ മീറ്റിൽ നാലാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറിയും കിരീട പോരാട്ടത്തിൽ ചിത്രത്തിലെങ്ങുമില്ല. എന്നാല്‍, വിവിധ ടീമുകളെ പ്രതിനിധാനം ചെയ്യുന്ന മലയാളി താരങ്ങളെക്കൂടി കണക്കിലെടുത്താൽ അംഗബലം 100നു മുകളിലുണ്ടാകും. സീസണിലെ അവസാന മീറ്റും മറ്റ് മീറ്റുകളിലേക്ക് യോഗ്യത മാനദണ്ഡമില്ലാത്തതിനാലും പൊതുവെ കാര്യമായ പരിഗണന ഇൗ ചാമ്പ്യൻഷിപ്പിന് കിട്ടിയിട്ടില്ല. നിലവിലെ ഒാവറോൾ ചാമ്പ്യന്മാരായ റെയിൽവേക്കാണ് ഇക്കുറിയും സാധ്യത. 19ാം തവണയും പാളംെതറ്റാതെ ചാമ്പ്യൻഷിപ് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. സർവിസസും ഒ.എൻ.ജി.സിയും മുൻനിര താരങ്ങളുമായി രംഗത്തുണ്ട്. 99 പേരെ അണിനിരത്തിയ റെയില്‍വേസാണ് ഏറ്റവും വലിയ സംഘം.
മലയാളി പ്രതീക്ഷ
വനിതകളുടെ കരുത്തിലാണ് കേരളത്തിെൻറ പ്രതീക്ഷ. 100,- 200 മീറ്ററില്‍ മെര്ലിന് ജോസഫ്, ഹൈജംപില്‍ ജിനു മരിയ, പോൾവാള്‍ട്ടില്‍ സിന്‍ജു പ്രകാശ്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ൈഡബി സെബാസ്റ്റ്യൻ, 5000 മീറ്ററില്‍ എം.ഡി. താര, നടത്തത്തില്‍ കെ.ടി. നീന, ഹെപ്റ്റാത്ത്ലണില് നിക്സി ജോസഫ് എന്നിവരാണ് കേരളത്തിന് മെഡല്‍ പ്രതീക്ഷയുള്ള വനിതതാരങ്ങൾ. പുരുഷന്മാരില് 100 മീറ്ററില്‍ അനുരൂപ് ജോൺ, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന് പൗലോസ് എന്നിവരിലും കേരളം പ്രതീക്ഷ പുലര്‍ത്തുന്നു. 15 മലയാളി താരങ്ങളാണ് 99 അംഗ റെയില്‍വേ ടീമിലുള്ളത്. ഒളിമ്പ്യന്മാരായ രഞ്ജിത്ത് മഹേശ്വരി, എം.എ. പ്രജുഷ, വി. നീന എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ. സര്‍വിസസ് ടീമിലും മലയാളിപ്പെരുമയാണ്. 60 അംഗ ടീമില്‍ 15 മലയാളി താരങ്ങള്‍ അണിനിരക്കുന്നു. മുഹമ്മദ് അഫ്സൽ, എം.പി. ജാബിർ, വി. സജിൻ, ജുത്തു ബേബി, വി.ഒ. ജിനേഷ് എന്നിവരാണ് പട്ടാളത്തിനായി ജഴ്സിയണിയുന്ന മലയാളികൾ.
ഇന്ന് ആറ് ഫൈനൽ
തിങ്കളാഴ്ച ആറിനങ്ങളിൽ മെഡൽ തീർപ്പാക്കും. രാവിലെ പുരുഷ-വനിത ടീമുകളുടെ 5000 മീറ്റർ, ഉച്ചക്കുശേഷം വനിത വിഭാഗം ഹാമർത്രോ, ലോങ്ജംപ്, ഹൈജംപ്, പുരുഷവിഭാഗം ഷോട്ട്പുട്ട് മത്സരങ്ങളുടെ ഫൈനൽ നടക്കും. 5000 മീറ്റർ പുരുഷ വിഭാഗത്തില്‍ കേരളത്തിന് മത്സരാര്‍ഥികളില്ല. വനിതകളില്‍ കെ.കെ. വിദ്യയും എം.ഡി താരയുമാണ് കേരളത്തിനായി ഇറങ്ങും. വനിതകളുടെ ഹൈജംപിൽ ഉച്ചക്കുശേഷം കേരളം ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.