ഹരിയാന സൂപ്പർഫാസ്റ്റ്; വൈകിയോടി കേരളം
text_fieldsവിജയവാഡ: പതിതാളത്തിൽ തുടക്കം, മെല്ലെ കൊട്ടിക്കയറ്റം, ഒാരോചുവടുമുറപ്പിച്ച് കുതിപ്പ്. ഇനി കിരീടത്തിലേക്കുള്ള മരണയോട്ടം. ദേശീയ ജൂനിയർ അത്ലറ്റിക്സിലെ 23ാം കിരീടം തേടി ആന്ധ്ര മംഗളഗിരിയിലെ ആചാര്യ നാഗാർജുന സർവകലാശാല സ്റ്റേഡിയത്തിലെ ട്രാക്കിൽ പൊന്നിൻകുടം തുറന്ന് കേരളത്തിെൻറ തുടക്കം.
ആദ്യദിനത്തിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും പോക്കറ്റിലാക്കി കേരള എക്സ്പ്രസ് ഒച്ചിഴയും വേഗത്തിൽ യാത്രതുടങ്ങിയപ്പോൾ മുഖ്യവൈരികളായ ഹരിയാന ബഹുദൂരം മുന്നിൽ. 19 ൈഫനലുകൾ നടന്ന വ്യാഴാഴ്ച അണ്ടർ 20 ആൺകുട്ടികളുടെ 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശനും, അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജംപിൽ പി.എസ്. പ്രഭാവതിയുമാണ് ചാമ്പ്യന്മാരുടെ അക്കൗണ്ടിലേക്ക് സ്വർണം വരവുവെച്ചത്. ത്രോഇനങ്ങൾ ഏറെ നടന്നപ്പോൾ ഹരിയാന ഏഴു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും നേടി സൂപ്പർഫാസ്റ്റായി. മുൻവർഷങ്ങളിലും ഇതുതന്നെയായിരുന്നു പതിവെന്നതിനാൽ വരും ദിനങ്ങളിലെ സ്വന്തം ഇനങ്ങളിലൂടെ കേരളം കുതിച്ചുപായുമെന്ന് പ്രതീക്ഷിക്കാം.
അണ്ടർ 18 വിഭാഗത്തിൽ ഗായത്രി ശിവകുമാർ (ഹൈജംപ്), ആദർശ് ഗോപി (1500 മീ.), അണ്ടർ 16ൽ സി. ചാന്ദിനി (2000 മീ.) എന്നിവരാണ് വെള്ളിയണിഞ്ഞത്. അണ്ടർ 20 പെൺകുട്ടികളിൽ സി. ബബിതയും ആൺ അണ്ടർ 18ൽ എം. അജിത്തും 1500മീറ്ററിൽ വെങ്കലം നേടി. ട്രയാത്ലണിൽ കെ.എ . അനാമിക വെങ്കലം സ്വന്തമാക്കി. അണ്ടർ 18 പെൺ ഹൈജംപിൽ ഹരിയാനയുടെ റുബീന യാദവ് ദേശീയ റെക്കോഡ് മറികടന്ന് സ്വർണമണിഞ്ഞു.
ചാടിച്ചാടി റുബീന; ഗായത്രി വെള്ളി
മീറ്റ് റെക്കോഡും ദേശീയ ജൂനിയര്‍ റെക്കോഡും തകിടംമറിഞ്ഞ അണ്ടർ 18 പെൺ ഹൈജംപിൽ താരമായത് 1.81മീ ചാടിയ ഹരിയാനയുടെ റുബീന യാദവ്. റുബീനക്ക് പിന്നില്‍ ദേശീയ ജൂനിയര്‍ റെക്കോഡിന് ഒപ്പമെത്തിയ (1.71 മീ.) പ്രകടനവുമായി കേരളത്തിെൻറ ഗായത്രി ശിവകുമാർ വെള്ളിയണിഞ്ഞു. പശ്ചിമ ബംഗാളിെൻറ സ്വപ്ന ബര്മെൻറ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോഡാണ് ഗായത്രി തകർത്തത്. കേരള താരം ജിഷ്ന മോഹൻ നാലാമതായി. പി.യു. ചിത്രയും മുഹമ്മദ് അഫ്സലും വഴി സമീപകാലങ്ങളിൽ ട്രാക്ക് വാണ ദീർഘദൂരത്തിലൂടെയാണ് മത്സരം ആരംഭിച്ചതെങ്കിലും അണ്ടര്‍ 20 ആൺ-പെണ് വിഭാഗം 5000 മീറ്ററിൽ കേരളം പച്ചതൊട്ടില്ല.
ഫോേട്ടാഫിനിഷില്ല; എല്ലാം കൈക്കണക്ക്
അത്ലറ്റുകളെയും ഒഫീഷ്യലുകളെയും വലച്ച് ഫോേട്ടാഫിനിഷിങ് മെഷീൻ പണിമുടക്കി. രാവിലെ തന്നെ െമഷീനില്ലാതായതോടെ കൈക്കണക്കിലായി സമയനിർണയം. അത്ലറ്റുകളും ടീം ഒഫീഷ്യലുകളും പ്രതിഷേധമറിയിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. മത്സര ഫലപ്രഖ്യാനത്തിനും ഇത് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.