കുതിപ്പിനൊരുങ്ങി കേരളം
text_fieldsഭോപാല്‍: മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ 63ാമത് ദേശീയ സ്കൂൾ കായികമേളയുടെ ഭാഗമായുള്ള രണ്ടാമത് ജൂനിയർ സ്കൂൾ മീറ്റിന് ഭോപാലിൽ തുടക്കം. ഭോപാല്‍ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ അഭിഷേക് മാത്യൂ പതാകയേന്തി.
മത്സരങ്ങള്‍ ഇന്നു തുടങ്ങും. ഇന്ന് രണ്ട് ഫൈനലുകള്‍ മാത്രമാണ് അരങ്ങേറുക. ഹാമര്‍ത്രോ, പോൾവാള്‍ട്ട് ഫൈനലുകളും നാലു സെമിഫൈനലുകളും 12 ഹീറ്റ്സുകളുമുൾപ്പെടെ 24 ഇനങ്ങള്‍ ആദ്യദിനം നടക്കും.
ഹാമര്‍ത്രോയിലും പോൾവാള്‍ട്ടിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്. പോൾവാള്‍ട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്കൂളിലെ ആര്. ശ്രീലക്ഷ്മിയും തിരുവനന്തപുരം സായിയുടെ എസ്. അക്ഷരയും കേരളത്തിനുവേണ്ടി ആദ്യ ഫൈനലിനിറങ്ങും. പാലായില്‍ നടന്ന സംസ്ഥാന കായികമേളയില്‍ 2.60 മീറ്റര്‍ ഉയരം ചാടി ഒന്നാമതായാണ് ശ്രീലക്ഷ്മി ദേശീയ മത്സരത്തിന് യോഗ്യതയുറപ്പാക്കിയത്. 2.50 മീറ്ററായിരുന്നു അക്ഷര മറികടന്നത്. തമിഴ്നാടിെൻറ പുഷ്പറാണിയാണ് പോൾവാൾട്ടിൽ കേരള താരങ്ങൾക്ക് പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ കേരളത്തിെൻറ നിവ്യ ആൻറണിയുടെ പിറകില്‍ രണ്ടാമതായിരുന്ന പുഷ്പ സീസണില്‍ മികച്ച ഫോമിലാണ്. മാതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിെൻറ കെസിയ മറിയം ബെന്നിയും നാട്ടിക സ്കൂളിലെ പി.എ. അതുല്യയുമാണ് ഹാമര്‍ ത്രോയില്‍ കേരളത്തിനായി മെഡല്‍ തേടിയിറങ്ങുന്നത്. കെസിയ ഷോട്പുട്ടിലും മത്സരിക്കുന്നുണ്ട്.
അതിനിടെ, സംഘാടനത്തിലെ പാളിച്ചകള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ ടീമുകള്‍ രംഗത്തെത്തി. ദേശീയ മീറ്റിെൻറ ഒരുക്കങ്ങള്‍ സമയബന്ധിതമായി നടക്കാത്തതും മത്സരക്രമങ്ങള്‍ പോലും നേരത്തെ നിശ്ചയിക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പ്രതിഷേധത്തിനു കാരണം. പ്രധാന വേദിയായ സായി സെൻറര്‍ ഗ്രൗണ്ടില്‍ ഇനിയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇന്നലെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങും നടന്നത് മറ്റൊരു ഗ്രൗണ്ടിലാണ്.
രണ്ട് സെഷനുകളിലായി ഫീല്‍ഡില്‍ ജംപ്, ത്രോയിനങ്ങളുടെ യോഗ്യതമത്സരവും ട്രാക്കില്‍ 1500 മീ., 100- x 110 മീ. ഹര്‍ഡ്ല്‍സ് എന്നിവയുടെ ഹീറ്റ്സും ഇന്ന് നടക്കും. 400 മീറ്ററില്‍ ഇരുവിഭാഗത്തിെൻറയും ഹീറ്റ്സും സെമി ഫൈനലും ഇന്നുതന്നെയാണ്. ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഹീറ്റ്സോടെയാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. കേരള ക്യാപ്റ്റന്‍ അഭിഷേക് മാത്യൂവും ജെ. അശ്വിനും ആദ്യ മത്സരത്തിനിറങ്ങും. പെണ്‍കുട്ടികളില്‍ നിലവിലെ ജേതാവ് കല്ലടി സ്കൂളിലെ സി. ചാന്ദിനിയും തിരുവനന്തപുരം സായിയിലെ മിന്നു പി. റോയിയും ട്രാക്കിലിറങ്ങും. ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ സംസ്ഥാന റെക്കോഡുമായി സ്വര്‍ണംനേടിയ കെ.എം. ശ്രീകാന്ത്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡ് സ്വന്തമാക്കിയ ആര്. സൂര്യജിത്ത്, ജാവലിന്‍ ത്രോയില്‍ അഖില്‍ ശശി എന്നിവരും ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.