മൂന്നാക്കിയാലും ഒന്നാമതാകും; ‘സീനിയേഴ്സ്’ ഒരുങ്ങുന്നു
text_fieldsതിരുവനന്തപുരം: ഒന്നായ ദേശീയ സ്കൂള്‍ കായികമേളയെ മൂന്നാക്കി മാറ്റിയ ശേഷമുള്ള ആദ്യ അങ്കത്തിന് കേരളം മറ്റന്നാള്‍ പുറപ്പെടും. ഇത്തവണ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങള്‍ വെവ്വേറെ നടത്താന്‍ തീരുമാനിച്ചതോടെ സീനിയര്‍ വിഭാഗത്തിന്‍െറ പരിശീലനക്യാമ്പ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. ജനുവരി നാലുമുതല്‍ ഏഴുവരെ പുണെയിലാണ് 62ാമത് ദേശീയ സ്കൂള്‍ കായികമേളയുടെ സീനിയര്‍ വിഭാഗം പോരാട്ടങ്ങള്‍. ക്രോസ് കണ്‍ട്രി മത്സരങ്ങളും ഇതിനൊപ്പം നടക്കും. ക്യാമ്പ് നാളെ സമാപിക്കും.
ജൂനിയര്‍ വിഭാഗം തെലങ്കാനയിലെ രംഗറെഡി ജില്ലയിലും സബ്ജൂനിയര്‍ പോരാട്ടം മഹാരാഷ്ട്രയിലെ നാസിക്കിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇവയുടെ മത്സരത്തീയതി തീരുമാനിച്ചിട്ടില്ല. 38 പെണ്‍കുട്ടികളും 40 ആണ്‍കുട്ടികളുമടക്കം ട്രാക്കിലും ഫീല്‍ഡിലുമായി 78 അംഗ ‘സീനിയര്‍’ സേനയെയാണ് കേരളം കളത്തിലിറക്കുന്നത്. ഇതില്‍ 47 കുട്ടികളാണ് തിരുവനന്തപുരത്തെ ക്യാമ്പിലത്തെിയത്. വ്യാഴാഴ്ച കുറച്ച് താരങ്ങളും കൂടി ക്യാമ്പിലത്തെുമെന്ന് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മാര്‍ ബേസിലിലെ താരങ്ങള്‍ മൂന്നാറില്‍ ഹൈ ആള്‍ട്ടിറ്റ്യൂട് ട്രെയിനിങ് സെന്‍ററില്‍ പരിശീലനത്തിലായതിനാല്‍ ജനുവരി ഒന്നിന് മാത്രമേ ടീമിനൊപ്പം ചേരൂ. 11 ഒഫിഷ്യലുകളാണ് ടീമിനെ അനുഗമിക്കുന്നത്. പുണെയിലെ ഭക്ഷണം താരങ്ങള്‍ക്ക് ‘അസ്വസ്ഥത’ ഉണ്ടാക്കാതിരിക്കാന്‍ കേരളത്തില്‍നിന്നുതന്നെ പാചകക്കാരെയും ഒപ്പം കരുതും. ജനുവരി ഒന്നിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് ജയന്തി ജനതയിലാണ് ടീം പുണെയിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന 61ാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ 39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവുമടക്കമായിരുന്നു കേരളത്തിന്‍െറ സമ്പാദ്യം. ഇത്തവണ ടീം വിഭജിക്കപ്പെട്ടെങ്കിലും ഒരു കാരണവശാലും ട്രോഫി വിട്ടുകൊടുക്കില്ളെന്ന വാശിയിലാണ് കേരള ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.