സീനിയർ അത്ലറ്റിക്സ്: ജിൻസൺ ജോൺസൺ, മുഹമ്മദ് അനീസ്, വി. നീന എന്നിവർക്ക് സ്വർണം
text_fieldsഗുണ്ടൂർ: മൂന്നു സ്വർണവും രണ്ടു വെള്ളിയുമുൾപ്പെടെ അഞ്ച് മെഡലുകൾകൂടി അക്കൗണ്ടിൽ വരവുവെച്ച് കേരളം ദേശീയ അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിെൻറ കിരീടത്തിലേക്ക്. ആദ്യദിനത്തിലെ രണ്ടെണ്ണം ഉൾപ്പെടെ അഞ്ചു സ്വർണവുമായി രണ്ടാം ദിനം പിന്നിട്ടപ്പോൾ കേരളത്തിന് 60 പോയൻറ്. അഞ്ച് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്ന നിലയിലാണ് കേരളത്തിെൻറ മെഡൽപട്ടിക. പുരുഷ വിഭാഗത്തിൽ 24ഉം വനിത വിഭാഗത്തിൽ 36ഉം പോയൻറാണ് കേരളത്തിെൻറ സമ്പാദ്യം.
പുരുഷന്മാരുടെ ലോങ്ജംപിൽ വൈ. മുഹമ്മദ് അനീസ് സ്വർണവും പി.എ. സുഹൈൽ വെള്ളിയും നേടിയപ്പോൾ 800 മീ. ഓട്ടത്തിൽ ജിൻസൺ ജോൺസൺ സ്വർണമണിഞ്ഞു. കോരിച്ചൊരിഞ്ഞ മഴയത്ത് നടന്ന അവസാന ഇനമായ വനിതകളുടെ ലോങ്ജംപിൽ വി. നീനയാണ് കേരളത്തിനായി രണ്ടാം ദിനത്തിലെ മൂന്നാം സ്വർണം നേടിയത്. വനിതകളുടെ 800 മീറ്ററിൽ അബിത മേരി മാനുവലാണ് കേരളത്തിെൻറ രണ്ടാം വെള്ളി നേടിയത്.
7.60 മീറ്റർ ചാടിയാണ് മുഹമ്മദ് അനീസ് ലോങ്ജംപിൽ സ്വർണം നേടിയത്. 7.55 മീറ്റർ ചാടി മലപ്പുറം തവനൂർ സ്വദേശി പി.വി. സുഹൈൽ വെള്ളി നേടി. 1.47.38 മിനിറ്റിൽ ഫിനിഷ് ചെയ്താണ് 800 മീറ്ററിൽ ജിൻസൺ ജോൺസൺ ഒന്നാമതെത്തിയത്. 6.29 മീറ്റർ ചാടി പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചാണ് വി. നീന സ്വർണം നേടിയത്. 800 മീറ്ററിൽ 2.06.19 മിനിറ്റിലെത്തിയായിരുന്നു അബിത വെള്ളി നേടിയത്.
പുരുഷന്മാരുടെ ജാവലിൻത്രോയിൽ പഞ്ചാബിെൻറ ധൻവീന്ദർ സിങ് കുറിച്ച 81.84 മീറ്ററിെൻറ ഏക റെക്കോഡാണ് ഇന്നലെ നാഗാർജുന സ്റ്റേഡിയത്തിൽ പിറന്നത്.
ഇൗ മെഡൽ ചോരചിന്തി നേടിയത്
ഗുണ്ടൂർ: ആദ്യ ചാട്ടത്തിനിടയിൽ കൈക്കേറ്റ പരിക്കൊന്നും മുഹമ്മദ് അനീസിെൻറ പ്രകടനത്തെ ബാധിച്ചില്ല. ചോരയൊലിക്കുന്ന കൈയുമായി അനീസ് സ്വർണത്തിലേക്ക് കുതിക്കുന്നതാണ് പിന്നീട് കണ്ടത്. പുരുഷന്മാരുടെ വാശിയേറിയ ലോങ്ജംപ് മത്സരത്തിൽ 7.60 മീറ്റർ ചാടി വൈ. മുഹമ്മദ് അനീസ് സ്വർണം നേടുമ്പോൾ പ്രോത്സാഹനവുമായി ജ്യേഷ്ഠനും ഇന്ത്യൻ താരവുമായ മുഹമ്മദ് അനസും സമീപത്തുണ്ടായിരുന്നു.
ആദ്യ ചാട്ടത്തിൽ 7.51 മീറ്റർ ചാടി വീഴുന്നതിനിടെ പിറ്റിനു സമീപം കൈ ഇടിച്ചായിരുന്നു അനീസിന് പരിേക്കറ്റത്. ഡോക്ടർ എത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്തം ഒലിക്കുകയായിരുന്നു. മുറിവ് കെട്ടിെവച്ച് ചാടിയത് 7.28 മീറ്റർ. അപ്പോഴേക്കും രണ്ടാമത്തെ ശ്രമത്തിൽ കേരള താരം പി.വി. സുഹൈൽ 7.55 മീറ്റർ ചാടി. അതോടെ അനീസ് തെൻറ മൂന്നാം ചാട്ടം 7.60 മീറ്ററിലേക്ക് ചാടി സ്വർണം ഉറപ്പിക്കുകയായിരുന്നു.
കൊല്ലം നിലമേൽ പരേതനായ യഹിയ-ഷീന ദമ്പതികളുടെ മകനായ അനീസ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയാണ്. സായി കോച്ച് എൻ.വി. നിഷാന്ത് കുമാറാണ് പരിശീലകൻ.
സ്വർണനേട്ടത്തിലും ലോക ചാമ്പ്യൻഷിപ് കൈവിട്ട് ജിൻസൺ ജോൺസൺ
ഗുണ്ടൂർ: സ്വർണം നേടിയെങ്കിലും കഷ്ടിച്ച് രണ്ടു സെക്കൻഡുകളുടെ വ്യത്യാസത്തിൽ ലോക ചാമ്പ്യൻഷിപ് നഷ്ടപ്പെട്ട നിരാശയിലാണ് ജിൻസൺ ജോൺസൺ. പുരുഷന്മാരുടെ 800 മീ. ഓട്ടമത്സരത്തിൽ 1.47.38 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ജിൻസൺ കേരളത്തിനായി സ്വർണം നേടിയത്. 1.45.90 മിനിറ്റിൽ എത്തിയാൽ മാത്രമേ ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. ആകെ നിരാശനായ ജിൻസണെ കോച്ച് മുഹമ്മദ് കുഞ്ഞി എത്തി ആശ്വസിപ്പിക്കുകയായിരുന്നു. പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരനായ ജിൻസൺ കോഴിക്കോട് ചക്കിട്ടപാറ കുളച്ചലിൽ ജോൺസൺ-ഷൈലജ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.