സീനിയർ സ്കൂൾ കായികമേള: കേരളത്തിന് ആദ്യ ദിനം ഒരു വെങ്കലം
text_fieldsസംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ സീനിയർ കായികമേളയുടെ ആദ്യദിനത്തിൽ കേരളത്തിന് ഒരു വെങ്കലം. പെൺകുട്ടികളുടെ ഹൈജംപിൽ മീര ഷിബുവാണ് നാല് ഫൈനൽ പൂർത്തിയായ ആദ്യദിനം കേരളത്തിെൻറ മാനം കാത്തത്. 1.63 മീറ്റർ ചാടിയാണ് ഇരിങ്ങാലക്കുട നാഷനൽ എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ മീര വെങ്കലം നേടിയത്. കേരളത്തിെൻറ കെ.എച്ച്. സലീനയും യു.പിയുടെ മാൻഷിയും ഇതേ ഉയരം താണ്ടിയെങ്കിലും കൂടുതൽ അവസരങ്ങൾ എടുത്തതിനാൽ മെഡൽ നഷ്ടമായി. 1.66 മീറ്റർ ചാടിയ മഹാരാഷ്ട്രയുടെ കുംബ്ലെ ശ്രുതിക്കാണ് സ്വർണം. ആദ്യദിനമായ ബുധനാഴ്ച രണ്ടുമീറ്റ് റെക്കോർഡുകളാണ് സംഗ്രൂരിലെ വാർ ഹീറോസ് സ്റ്റേഡിയത്തിൽ പിറന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, വിദ്യാഭാരതി എന്നിവ ആദ്യദിനം സ്വർണം നേടി.
രാവിലെ നടന്ന പെൺകുട്ടികളുടെ 3000 മീറ്റർ ഫൈനലിൽ ഉത്തർപ്രദേശിെൻറ രബി പാൽ റെക്കോർഡോടെ സ്വർണം നേടി. കേരളത്തിെൻറ ഷമീന ജബ്ബാർ 2006ൽ പുണെയിൽ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 55.62 സെക്കൻഡ് എന്ന സമയമാണ് രബി തിരുത്തിയത്. 37 പേർ ഒരുമിച്ചു മത്സരിച്ച ഇനത്തിൽ കേരളത്തിെൻറ സി. ചാന്ദിനി 20ാം സ്ഥാനത്താണ്. അഞ്ചു റൗണ്ട് വരെ അഞ്ചാം സ്ഥാനത്തായിരുന്ന കേരളത്തിലെ മിന്നു പി. റോയിക്ക് പേശിവലിവ് കാരണം ട്രാക്കിൽ തളർന്നുവീണതിനെത്തുടർന്ന് ഓട്ടം പൂർത്തിയാക്കാനായില്ല. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ മധ്യപ്രദേശിെൻറ ഇക്രം അലിഖാൻ സ്വന്തം റെക്കോർഡ് തിരുത്തി. 59.39 മീറ്റർ ദൂരത്തേക്ക് ആണ് ഇക്രം ഡിസ്കസ് എറിഞ്ഞത്.
ആൺകുട്ടികളുടെ 3000 മീറ്ററിൽ വിദ്യാഭാരതിയുടെ സചിൻ യാദവിനാണ് സ്വർണം. കേരളത്തിെൻറ വിഷ്ണു ബിജു നാലാമതായി. മറ്റൊരു കേരള താരമായ അമിതിന് മത്സരം പൂർത്തിയാക്കാനായില്ല. രണ്ടാംദിനം ഒമ്പത് ഫൈനലുകളാണ് അരങ്ങേറുന്നത്. 100 മീറ്റർ ഫൈനലുകളും രണ്ടാം ദിനം നടക്കും. ആൺകുട്ടികളിൽ ആർ.കെ. സൂര്യജിത്തും പെൺകുട്ടികളിൽ ആൻസി സോജനും 100 മീറ്ററുകളിൽ കേരളത്തിലെ സ്വർണ പ്രതീക്ഷകളാണ്. ഷോട്ട്പുട്ടിൽ കെസിയ മറിയം ബെന്നി, ആൺകുട്ടികളുടെ ലോങ്ജംപിൽ ടി.ജെ. ജോസഫ്, പി.വി മെഹ്ഫിൽ ജാസിം, ആൺകുട്ടികളുടെ 400 മീറ്ററിൽ ഹരിശങ്കർ, പെൺകുട്ടികളിൽ ഗൗരി നന്ദന, എ.എസ്. സാന്ദ്ര, ആൺകുട്ടികളുടെ ഹൈജംപിൽ അറിൻ കെ. ബാബു എന്നിവരും ഫൈനലിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.