ദേശീയ സീനിയര്‍ വോളിബാള്‍: കേരളത്തിന് സമ്പൂര്‍ണ ജയം
text_fieldsകോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളത്തിെൻറ പുരുഷസംഘം ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള് എ ജേതാക്കളായി. അവസാന പൂള് മത്സരത്തില്‍ പഞ്ചാബിനെ എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് മറികടന്നാണ് ജെറോം വിനീതും കൂട്ടരും ഗ്രൂപ് ജേതാക്കളായത്. സ്കോർ: 25-20, 25-20, 27-25. ഇതേ പൂളില്‍ നിന്ന് ആന്ധ്രപ്രദേശും പഞ്ചാബും ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു. വനിതകളില്‍ റെയില്‍വേസും തമിഴ്നാടും അവസാന എട്ടിലെത്തി.
ആന്ധ്രയോട് വിയര്‍ത്ത കേരളം വെള്ളിയാഴ്ചയും ആദ്യ സിക്സില് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളില്‍ നിറംമങ്ങിയ അജിത് ലാല്‍ ഒന്നാം സെറ്റില്‍ മികച്ച സ്മാഷുമായി തിളങ്ങി. ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ ഗുരീന്ദറിെൻറ സ്മാഷുകള്‍ പഞ്ചാബിനും പോയൻറ് നേടിക്കൊടുത്തു. സെറ്റര്‍ രാജ്വീര് സിങ്ങും രഞ്ജിത് സിങ്ങും പഞ്ചാബിവീര്യത്തോടെ കേരളതാരങ്ങളെ പ്രതിരോധിച്ചു. അവസാനഘട്ടത്തില്‍ വരുത്തിയ പിഴവുകളാണ് പഞ്ചാബിന് ആദ്യ സെറ്റില്‍ തിരിച്ചടിയായത്.
രണ്ടാം സെറ്റില്‍ കശ്മീരി സെറ്റര്‍ സഖ്ലൈൻ താരിഖ് പഞ്ചാബ് നിരയില്‍ ഇറങ്ങി. കേരളം കാര്യമായ മാറ്റങ്ങള്‍ക്ക് തുനിഞ്ഞില്ല. 15-12ന് മുന്നിലെത്തിയ ആതിഥേയര്‍ക്ക് പിന്നാലെ 18-20 വരെ എത്തിയ പഞ്ചാബിന് പിന്നീട് രണ്ട് പോയൻറില്‍ തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സെറ്റില്‍ ഇരുകൂട്ടരും കാണികളെ ത്രസിപ്പിച്ചു. ഇലക്ട്രോണിക് സ്കോര്‍ബോർഡില്‍ അക്കങ്ങള്‍ മാറിമറിഞ്ഞു. 20 പോയൻറ് പിന്നിട്ടതോടെ പോരാട്ടം കനത്തു.
ജെറോമിെൻറ കനത്ത ഷോട്ടുകള്‍ പോലും പഞ്ചാബുകാര്‍ പെറുക്കിയെടുത്തു. 26-25ല്‍ നില്‍ക്കെ റഫറി കേരളത്തിന് അനുകൂലമായി പോയൻറ് വിളിച്ചെങ്കിലും തെറ്റായ തീരുമാനം പിന്നീട് തിരുത്തി. റഫറിയുടെ ഒൗദാര്യമില്ലാതെ തന്നെ 27-25ന് കേരളം മൂന്നാം സെറ്റും മത്സരവും കൈക്കലാക്കി.
പുരുഷന്മാരുടെ പൂള് ബിയില്‍ വാശിയേറിയ പോരാട്ടത്തിൽ റെയില്‍വേസ്, സർവിസസിനെ നേരിട്ടുള്ള സെറ്റില്‍ വീഴ്ത്തി. സ്കോർ: 25-19, 25-21, 25-19. നേരിട്ടുള്ള സെറ്റ് വിജയമായിരുന്നെങ്കിലും സർവിസസിെൻറ പട്ടാളവീര്യം കാണികളെ ഹരം െകാള്ളിച്ചു.
മലയാളിയും ക്യാപ്റ്റനുമായ മനു ജോസഫിെൻറ അത്യുഗ്രന്‍ സ്മാഷുകളാണ് ഉറക്കമിളച്ച് കളികാണാനിരുന്ന ആരാധകര്‍ക്ക് ആവേശമായത്. സെൻറര്‍ ബ്ലോക്കര്‍ കെ. രാഗുലും അറ്റാക്കര്‍ കാക്ക പ്രഭാകരനും സെറ്റര്‍ വിപുല്‍ കുമാറും തീവണ്ടിപ്പടയില് തിളങ്ങി. പങ്കജ് ശര്‍മയും നവീന്‍ കുമാറുമായിരുന്നു സർവിസസ് നിരയില്‍ റെയില്‍വേക്ക് ഭീഷണിയായത്.
ഞായറാഴ്ചയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങൾ. കേരളത്തിെൻറ എതിരാളികളെ പ്ലേഓഫ് മത്സരങ്ങൾക്ക് ശേഷമേ അറിയാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.