ദേശീയ വനിത ബോക്സിങ്: ഇന്ദ്രജ, ശീതൾ, നിസി, ദിവ്യ പ്രീ ക്വാർട്ടറിൽ
text_fieldsകണ്ണൂർ: ഇടിക്കൂട്ടിൽ ഗർജനം മുഴക്കിയ നാലു കേരള താരങ്ങൾ കൂടി ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ പ്രീ ക്വാർട്ടറിൽ കടന്നു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ റിങ്ങിൽ ആതിഥേയരുടെ പ്രതീക്ഷയായ ശീതൾ ഷാജിയും കെ.എ. ഇന്ദ്രജയും ദിവ്യ ഗണേശും എതിരാളികളെ ഇടിച്ചുവീഴ്ത്തിയാണ് ജയിച്ചുകയറിയത് . നിസി ലൈസി തമ്പിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ച മറ്റൊരു താരം. ഇതോടെ ഇതുവരെ റിങ്ങിലിറങ്ങിയ എട്ടിൽ ആറുപേരും ആദ്യ റൗണ്ട് പിന്നിട്ടു. അതേ സമയം, രണ്ട് മലയാളി താരങ്ങൾ ആദ്യ റൗണ്ടിൽ തോറ്റുമടങ്ങി. ആർ.കെ. സിൻഷയും ജോഷ്മി ജോസും.
ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനമായ ഇന്നലെ ആതിഥേയ താരങ്ങൾ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ദേശീയ താരമായ ഇന്ദ്രജ, അസമിെൻറ ഗിററിമോനി ഗഗോയിയെ കീഴടക്കി. ആദ്യ റൗണ്ടിൽ പതിയെ തുടങ്ങിയ ഇന്ദ്രജ രണ്ടാം റൗണ്ടിൽ ആധിപത്യം സ്ഥാപിച്ചു. ശക്തമായ ഇടികളേറ്റ എതിരാളി മൂന്നാം റൗണ്ടിെൻറ തുടക്കത്തിൽതന്നെ തോൽവി സമ്മതിക്കുകയായിരുന്നു. ലൈറ്റ് ഹെവിവെയ്റ്റിൽ തുടക്കം മുതൽ ഇടിച്ചുകയറിയ ശീതൾ, മഹാരാഷ്ട്രയുടെ റുതുജ ദേവകറിനെ രണ്ടാം റൗണ്ടിൽ തന്നെ നിഷ്പ്രഭയാക്കി. ലൈറ്റ് വെയ്റ്റിൽ തെലങ്കാനയുടെ ലക്ഷ്മി പ്രത്യൂഷ, ദിവ്യ ഗണേശിന് എതിരാളിയേ ആയില്ല. ആദ്യ റൗണ്ടിൽ തന്നെ ദിവ്യ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ബാൻറം വെയ്റ്റിൽ നിസി, തമിഴ്നാടിെൻറ വി. വിനോദിനിയെ തോൽപിച്ചു.
ഫെതർവെയ്റ്റ് വിഭാഗത്തിൽ മണിപ്പൂരിെൻറ കരുത്തയായ എതിരാളി തോങ്ബ്രാം പ്രേമിദേവിയോട് സിൻഷ അവസാനം വരെ പൊരുതിയെങ്കിലും തോറ്റു. അഖിലേന്ത്യ പൊലീസിലെ ലാൽബുഹാത് സാഹിയോടാണ് ലൈറ്റ് വെൽറ്റർ വിഭാഗത്തിൽ ജോഷ്മി ജോസ് തോറ്റത്.
പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.