സാജന് പ്രകാശിന് കേരള പൊലീസില്‍ ശമ്പളമില്ല
text_fieldsകോഴിക്കോട്: ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ഏകതാരമായ സാജന് പ്രകാശിന് കേരള പൊലീസില്‍ ശമ്പളമില്ലെന്ന് പരാതി. ദേശീയ ഗെയിംസിലെ മിന്നും പ്രകടനത്തിെൻറ ബലത്തില്‍ ഇൗവർഷം ജനുവരി നാലിന് ആംഡ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ കയറിയതാണ് സാജൻ. ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പരിശീലനത്തിനും മറ്റ് ചില ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനും വിദേശത്തായിരുന്ന സാജന് ശമ്പളമില്ലാത്ത അവധിയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അനുവദിച്ചത്. ശമ്പളം കിട്ടണമെങ്കില്‍ സര്‍വിസ് ബുക്കില്‍ വിരലടയാളം പതിക്കണം. തായ്ലൻഡിലുള്ള സാജന് വിരലടയാളം പതിക്കാന്‍ കേരളത്തിെലത്തിയാല് ചുരുങ്ങിയത് ആറ് ദിവസം പരിശീലനം മുടങ്ങും.
നീന്തല്‍ താരങ്ങളുടെ പരിശീലനം ഒരുനേരം മുടങ്ങിയാൽപോലും പ്രകടനത്തെ ബാധിക്കുമെന്ന് അമ്മയും മുന്‍ ഇന്ത്യന്‍ അത്ലറ്റുമായ ഷാൻറി മോള് പറയുന്നു. പൊലീസില്‍ ചേര്‍ന്ന സാജന് വേണ്ടതെല്ലാം ചെയ്യാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉറപ്പുനല്‍കിയിരുന്നു. നാലുവര്‍ഷം പരിശീലനത്തിന് പോകാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു. എന്നിട്ടും ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണവും മൂന്നുവെള്ളിയും നേടി മലയാളക്കരക്ക് അഭിമാനമായ താരത്തിന് അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഈമാസം 14 മുതല്‍ ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ് സാജന്. എന്നാല്‍, ദേശീയ നീന്തല്‍ ഫെഡറേഷന് സഹായങ്ങളൊന്നും ചെയ്യുന്നില്ല. വിമാനടിക്കറ്റിനും മറ്റ് ചെലവുകള്‍ക്കുമുള്ള പണം സ്വന്തമായി കണ്ടത്തെണം. കഴിഞ്ഞതവണ റഷ്യയില്‍ ലോകചാമ്പ്യന്‍ഷിപ്പിന് പോകാന്‍ സാജെൻറ അമ്മക്ക് ചെലവായത് രണ്ടര ലക്ഷം രൂപയാണ്. ഫെഡേറഷന് കൊടുത്തത് 30,000 രൂപ മാത്രം.
200 മീറ്റര്‍ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ലോക നീന്തല്‍ ഫെഡറേഷെൻറ സ്പോണ്സര്ഷിപ്പിൽ തായ്ലൻഡിൽ തന്യാപുര ഹെല്‍ത്ത് ആൻഡ് സ്പോര്‍ട്സ് റിസോര്‍ട്ടില്‍ പരിശീലനത്തിലാണ് താരം. ഇവിടത്തെ പരിശീലനത്തിനിടെ മലേഷ്യന്‍, സിംഗപ്പുര്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡലടക്കം നേടിയിരുന്നു.
ദേശീയ ഗെയിംസിന് ശേഷം 33 ലക്ഷം രൂപയാണ് സര്‍ക്കാര്‍സഹായമായി കിട്ടിയത്. 90 ലക്ഷത്തിലേറെ രൂപ സാജന് വേണ്ടി അമ്മ ചെലവാക്കിയിട്ടുണ്ട്. മാസം രണ്ട് ലക്ഷം വരെയാണ് ചെലവ്. സിം സ്യൂട്ടിന് തന്നെ 45,000 രൂപയിലേറെ വേണം. നെയ്വേലി ലിഗ്ൈനറ്റ് കോര്‍പറേഷനിലെ ജീവനക്കാരിയായ ഷാൻറി മോള് സാജന് വേണ്ടി സ്പോണ്‍സറെ തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.