സി.കെ വിനീതിന് സർക്കാർ ജോലിയും പി.യു ചിത്രക്ക് പ്രത്യേക സഹായവും
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ അഭിമാനതാരം പി.യു. ചിത്രക്ക് സംസ്ഥാന സർക്കാർ പ്രതിമാസം 25,000 രൂപ ധനസഹായം നൽകും. മന്ത്രിസഭ യോഗം ഇക്കാര്യം തീരുമാനിെച്ചന്ന് മന്ത്രി എ.സി. മൊയ്തീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മതിയായ ഹാജർ ഇല്ലെന്ന കാരണത്താൽ ഏജീസ് ഒാഫിസിൽനിന്ന് പിരിച്ചുവിട്ട ഫുട്ബാൾ താരം സി.കെ. വിനീതിന് സെക്രേട്ടറിയറ്റ് അസി. തസ്തികയിലോ അതിന് സമാന തസ്തികയിലോ നിയമനം നൽകും. കായികരംഗത്തെ മികവ് ശക്തിപ്പെടുത്താനായി സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് ചിത്രക്ക് നൽകും. ഇതുവഴി 10,000 രൂപ നൽകാൻ മന്ത്രിസഭ സ്പോർട്സ് കൗൺസിലിനോട് നിർദേശിച്ചിട്ടുണ്ട്. നല്ല ഭക്ഷണത്തിനായി പ്രതിദിനം എലൈറ്റ് സ്കീമിൽ 400 രൂപയും 50 രൂപ താമസത്തിനുമായി കൗൺസിൽ നൽകുന്നുണ്ട്. ചിത്രയുടെ കാര്യത്തിൽ പ്രതിദിനം 500 രൂപ നൽകും.
ചിത്രക്ക് ജോലിനൽകുന്ന കാര്യം മന്ത്രിസഭ വിശദമായി പരിശോധിച്ചു. ഇപ്പോൾ ഡിഗ്രി കഴിഞ്ഞിേട്ടയുള്ളൂവെന്നതിനാൽ അവരെ സ്പോർട്സ് രംഗത്ത് കൂടുതൽ കേന്ദ്രീകരിപ്പിക്കുന്നതാണ് നല്ലത് എന്ന ധാരണയിലാണ് എത്തിയത്. വിദേശത്തേത് ഉൾപ്പെടെ കൂടുതൽ വിദഗ്ധ പരിശീലനം ആവശ്യമുണ്ടെങ്കിൽ അത് നൽകാൻ സ്പോർട്സ് കൗൺസിൽ തയാറാണ്. പരിശീലകൻ സിജിന് കൂടുതൽ പരിശീലനത്തിന് സൗകര്യം ഒരുക്കും. സിജിൻ തന്നെ പരിശീലകനായി ഉണ്ടാകണമെന്ന് ചിത്ര ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കേണ്ടതുണ്ടെങ്കിൽ അതിനും സർക്കാർ ഒരുക്കമാണ്. ചിത്രക്ക് സഹായ വാഗ്ദാനവുമായി അമേരിക്കൻ മലയാളിയുടെ മെയിൽ മുഖ്യമന്ത്രിക്ക് വന്നിട്ടുണ്ട്. വിനീതിന് സെക്രേട്ടറിയറ്റിലോ പി.എസ്.സിയിലോ ലോക്കൽ ഫണ്ട് ഒാഡിറ്റിലോ നിയമനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ചിത്രക്കിത് വലിയ ആശ്വാസം
പാലക്കാട്: മകൾക്ക് മതിയായ സൗകര്യം ഒരുക്കിനൽകാനാകാത്ത സങ്കടമായിരുന്നു കായികതാരം പി.യു. ചിത്രയുടെ അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ വസന്തകുമാരിക്കും ഉണ്ടായിരുന്നത്. ഒരു അന്താരാഷ്ട്ര കായികതാരത്തിന് നൽകേണ്ട ഭക്ഷണവും പരിശീലന സൗകര്യവും ലഭ്യമാക്കാൻ അന്നന്ന് കിട്ടുന്ന വരുമാനംകൊണ്ട് അവർക്ക് സാധിക്കുമായിരുന്നില്ല. കുടുംബം പുലർത്താൻ അച്ഛനുമമ്മയും നെട്ടോട്ടമോടുന്നതിനിടെ അവരെയറിയിക്കാതെ അരവയറുമായി മുണ്ടൂർ സ്കൂൾ ഗ്രൗണ്ട് ചിത്ര പലതവണ വലംവെച്ചിരിക്കും. ചിത്രയെ കാണാൻ വരുന്നവരോടെല്ലാം പരിശീലനവും പോഷകാഹാരവും നൽകാൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്ന ദുഃഖം മാതാപിതാക്കൾ പറയുമായിരുന്നു.
എന്നാൽ, ലോകമീറ്റിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കായിക മന്ത്രി എ.സി. മൊയ്തീൻ ചിത്രയുടെ വീട്ടിലെത്തി നൽകിയ വാഗ്ദാനം ഉടൻ പാലിച്ചതിൽ ചിത്രയും കുടുംബവും സന്തോഷത്തിലാണ്. പരിശീലനത്തിനായി പ്രതിമാസം 10,000 രൂപയും ദിനബത്തയായി 500 രൂപയും അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനം. പാൽ, മാംസം, മത്സ്യം, പഴങ്ങൾ, ഡ്രൈ ഫ്രൂട്സ്, പരിപ്പുവർഗങ്ങൾ, കോൺഫ്ലെക്സ് എന്നിവയാണ് പ്രധാന ഭക്ഷണം. സർക്കാർ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്നും സ്നേഹവും പരിഗണനയും വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്നും ചിത്ര പറഞ്ഞു. പാലക്കാട്ട്തന്നെ സംസ്ഥാന സർക്കാറിന് കീഴിൽ ജോലി ലഭിക്കുകയാണ് ആഗ്രഹങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.