ദക്ഷിണേഷ്യൻ െഗയിംസിൽ ഇന്ത്യ രണ്ടാമത്: അത്ലറ്റിക്സിൽ നാലു സ്വർണം; വോളിബാളിൽ ഡബ്ൾ
text_fieldsകാഠ്മണ്ഡു: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കായിക മാമാങ്കത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ അത്ലറ്റുകൾ. അത്ലറ്റിക് മത്സരങ്ങൾക്ക് വേദിയുണർന്ന ഇന്നലെ നാലു സ്വർണം ഇന്ത്യ സ്വന്തമാക്കി. വനിതകളുടെ 100 മീറ്ററിൽ മലയാളി താരം അർച്ചന സുശീന്ദ്രൻ, പുരുഷ ഹൈജംപിൽ സർവേശ് അനിൽ കുഷാരെ, വനിതകളിൽ മലയാളി താരം എം. ജിഷ്ണ, 1500 മീറ്ററിൽ അജയ് കുമാർ സരോജ് എന്നിവർ സ്വർണം നേടി. 11.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അർച്ചന സ്വർണ റാണിയായത്. ശ്രീലങ്കൻ താരങ്ങളായ തനുജി അമാഷ (11.82), ലക്ഷിക സുഗന്ധ് (11.84) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈജംപിൽ 1.73 മീറ്റർ ചാടി ജിഷ്ണ ഒന്നാമെതത്തിയപ്പോൾ മറ്റൊരു ഇന്ത്യൻ അത്ലറ്റ് റുബീന യാദവ് 1.69 മീറ്റർ കടന്ന് വെങ്കലം നേടി. പുരുഷന്മാരിൽ 2.21 മീറ്റർ കടന്നാണ് കുഷാരെയുടെ സ്വർണ നേട്ടം. ചേതൻ ബാലസുബ്രമണ്യം (2.16 മീ.) വെള്ളിയും നേടി.
3:54.18 മിനിറ്റിലാണ് സ്വർണ മെഡൽ ജേതാവായ സരോജ് 1500 മീറ്ററിൽ വര കടന്നത്. അജിത് കുമാർ 3:57.18 മിനിറ്റിൽ വെള്ളി നേടി. 1500 മീറ്റർ വനിതകളിൽ വെള്ളിയും വെങ്കലവും ഇന്ത്യക്കാണ്. ചന്ദ (4:34.51), ചിത്ര (4:35.46) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടപ്പോൾ സ്വർണം ശ്രീലങ്കയുടെ ഉദ കുബുറലാഗെക്കൊപ്പമായി. ഇതോടെ, 1500 മീറ്ററിൽ പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്ത്യ നാലു മെഡലുകളാണ് വാരിക്കൂട്ടിയത്.
വനിതകളുടെ 10,000 മീറ്ററിൽ കവിത യാദവ് വെള്ളിമെഡൽ നേടി. പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യൻ അത്ലറ്റുകൾ നിരാശപ്പെടുത്തി. മാലദ്വീപിെൻറ സയ്ദ് ഹുസൈനാണ് സ്വർണം.
വോളിബാളിൽ പുരുഷ, വനിത വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം തൂത്തുവാരി. പുരുഷന്മാർ പാകിസ്താനെ 20-25, 25-15, 25-17, 29-27ന് വീഴ്ത്തിയപ്പോൾ വനിതകൾ ആതിഥേയരായ നേപ്പാളിനെ 25-17, 23-25, 21-25, 25-20, 15-6 നാണ് കീഴടക്കിയത്. വനിത ഫുട്ബാളിൽ ആദ്യമത്സരത്തിൽ ഇന്ത്യ മാലദ്വീപിനെ 5-0ത്തിന് മുക്കി.
മൂന്നാം ദിവസം പോയൻറ് നിലയിൽ നേപ്പാളിനു പിറകിൽ രണ്ടാമതാണ് ഇന്ത്യ. നേപ്പാൾ 23 സ്വർണമടക്കം 44 മെഡലുകൾ സ്വന്തമാക്കിയപ്പോൾ 15 സ്വർണമുൾപ്പെടെ 40 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഏഴു രാജ്യങ്ങൾ പങ്കാളികളായ ഗെയിംസിൽ ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.