ശ്രീശങ്കറിന് ലോങ്ജംപിൽ ദേശീയ റെക്കോഡ്
text_fieldsഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് രണ്ട് ദിവസം പൂർത്തിയാക്കിയപ്പോൾ മെഡൽപട്ടികയിൽ സംപൂജ്യരായിരുന്നു കേരളം. മൂന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കാനിരിക്കെ നടന്ന ലോങ് ജംപ് പിറ്റിൽനിന്നെത്തിയ സന്തോഷവാർത്തക്ക് എല്ലാ നിരാശയും മറക്കാനുള്ള തിളക്കമുണ്ടായിരുന്നു.
ലോങ്ജംപിൽ കേരളത്തിെൻറ എം. ശ്രീശങ്കർ നേടിയത് വെറും സ്വർണമല്ല. ലോങ്ജംപിലെ ദേശീയ റെക്കോഡ് ഇനി ശ്രീക്ക് സ്വന്തം. 8.20 മീറ്ററിൽ കേരള താരം പറന്നുവീഴുമ്പോൾ മീറ്റ്, ദേശീയ റെക്കോഡ് ജേതാവ് അങ്കീത് ശർമ അടുത്ത് തന്നെയുണ്ടായിരുന്നു. 2016ൽ ചാടിയ 8.19 മീറ്ററായിരുന്നു അങ്കിതിെൻറ റെക്കോഡ്. മീറ്റിലേത് 7.87 മീറ്ററും.
ഏഷ്യൻ ഗെയിംസ് വെള്ളിക്കും മീതെ
ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 7.95 മീറ്റർ ചാടി ആറാം സ്ഥാനത്തെത്തിയ ശ്രീശങ്കർ നൽകിയത് വ്യക്തമായ സൂചനയായിരുന്നു. 19 വയസ്സ് മാത്രമുള്ള തനിക്ക് ജംപിങ് പിറ്റിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് തെളിയിക്കുന്ന പ്രകടനം. ജകാർത്തയിൽ രണ്ടാം സ്ഥാനം നേടിയ ചൈനയുടെ ഴാങ് യാവോഗ്വാങ് ചാടിയത് 8.15 മീറ്റർ. അതിനും മുകളിലെത്തിയിരിക്കുന്നു കേരളത്തിെൻറ സ്വന്തം ശ്രീ ഇപ്പോൾ.
സ്വർണ മെഡൽ ജേതാവ് ചൈനയുടെ വാങ് ജിയാനെൻറ 8.24 മീറ്ററിനരികെ. ജിയാനേൻറത് ഗെയിംസ് റെക്കോഡായിരുന്നു. അതുവരെ 8.14 ആയിരുന്നു റെക്കോഡ്. ഒളിമ്പ്യൻ ടി.സി. യോഹന്നാൻ ആണ് (8.07) എട്ട് മീറ്റർ കടന്ന ആദ്യ മലയാളി. ശ്രീശങ്കർ ഇത്രയും ചെറുപ്പത്തിൽ 8.20ത്തിൽ എത്തിയതിനാൽ അദ്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നതേയുള്ളൂ.
മാജിക് നമ്പറിൽ ശ്രീശങ്കർ
കലിംഗയിലെ ആദ്യ ശ്രമത്തിൽ ശ്രീശങ്കർ 7.95 മീറ്റർ ചാടുമ്പോൾ അങ്കീത് ശർമയുടെ 7.87 എന്ന മീറ്റ് റെക്കോഡ് പഴങ്കഥയായിരുന്നു. അടുത്ത ചാട്ടം ഫൗളായി. മൂന്നാമത്തേത് 8.11 മീറ്റർ. 7.99 എന്ന പേഴ്സനൽ ബെസ്റ്റും മറികടന്ന് ഇതാദ്യമായി 8 എന്ന മാജിക് നമ്പറിൽ. സ്വർണമുറപ്പിച്ചപ്പോൾ ദേശീയ റെക്കോഡിനുള്ള ശ്രമമായി. അടുത്ത ചാട്ടവും ഫൗൾ. അടുത്ത ശ്രമത്തിൽ 8.20. ഗാലറിയിൽനിന്ന് നിലക്കാത്ത കൈയടി. കാണികൾക്കും മാതാപിതാക്കൾക്കുമൊപ്പം ശ്രീയും തുള്ളിച്ചാടി.
എല്ലാ ചാട്ടവും ഫൗളായ വേദനയിൽ മീറ്റ്, ദേശീയ റെക്കോഡുകാരൻ അങ്കീത് ശർമ. ഉത്തർപ്രദേശിന് വേണ്ടിയാണ് അങ്കീത് ഇറങ്ങിയത്. മലപ്പുറം എടക്കര സ്വദേശിയാണ് വെള്ളി മെഡൽ നേടിയ സർവിസസിെൻറ വി.ഒ. ജിനേഷ് (7.95). ജിനേഷും മീറ്റ് റെക്കോഡ് മറികടന്നപ്പോൾ ഹരിയാനയുടെ സാഹിൽ മഹാബലി (7.81) വെങ്കല ജേതാവായി.
താര കുടുംബ ശ്രീ
ജൂലൈയിൽ ഫിൻലൻഡിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക്സിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തിട്ടുണ്ട് ശ്രീശങ്കർ. തെഹ്റാനിൽ ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് അരങ്ങേറിയപ്പോൾ മലയാളിയായ ഏക പുരുഷതാരമായിരുന്നു പാലക്കാട്ടുകാരൻ. ദേശീയ സ്കൂൾ മീറ്റ് റെക്കോഡും ശ്രീ ശങ്കറിെൻറ പേരിലാണ്. ഇപ്പോൾ പാലക്കാട് വിക്ടോറിയ കോളജിലെ ഒന്നാംവർഷ ബി.എസ്സി മാത്സ് വിദ്യാർഥിയാണ്.
താരകുടുംബമാണ് ശ്രീ ശങ്കറിേൻറത്. അച്ഛനും അമ്മയും അന്താരാഷ്ട്ര അത്ലറ്റുകൾ. പിതാവ് പാലക്കാട് യാക്കര കളത്തിൽ മുരളി ട്രിപ്പ്ൾജംപ് താരമായിരുന്നു. അമ്മ ബിജിമോൾ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാനാവാത്തതിെൻറ നിരാശ തീർന്നുെവന്നായിരുന്നു പരിശീലകൻ കൂടിയായ പിതാവ് മുരളിയുടെ പ്രതികരണം. ടോക്യോ ഒളിമ്പിക്സാണ് ശ്രീശങ്കറിെൻറ അടുത്ത പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.