കോഴിക്കോട് തകര്‍ത്തത് 28 വര്‍ഷം പഴക്കമുളള റെക്കോഡ്
text_fieldsതേഞ്ഞിപ്പലം: ജൂനിയര്‍ പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണക്കൈമാറ്റത്തിനൊപ്പം കോഴിക്കോടിന്‍െറ പെണ്‍കൊടികള്‍ തേഞ്ഞിപ്പലത്തെ ചുവന്ന ട്രാക്കില്‍ ചരിത്രമെഴുതി. 28 വര്‍ഷമായി റെക്കോഡ് പുസ്തകത്തില്‍ മായാതിരുന്ന സമയമാണ് കോഴിക്കോടിന്‍െറ മിടുക്കികള്‍ പഴങ്കഥയാക്കിയത്. 1988ല്‍ ഷേര്‍ളി മാത്യു അടങ്ങുന്ന കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ കുട്ടികളുടെ റെക്കോഡാണ് അന്തര്‍ദേശീയ താരം അപര്‍ണ റോയ് ആങ്കര്‍ലാപ്പില്‍ ഓടിയ മിന്നുംപോരാട്ടത്തില്‍ കോഴിക്കോട് തകര്‍ത്തത്. 49.23 സെക്കന്‍ഡിലാണ് കോഴിക്കോട് ഫിനിഷ് ചെയ്തത്. 49.30 സെക്കന്‍ഡായിരുന്നു കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ ടീമിന്‍െറ പേരിലുണ്ടായിരുന്ന നിലവിലെ റെക്കോഡ്. കോട്ടയത്തിന്‍െറ വെല്ലുവിളി അതിജീവിച്ചാണ് കോഴിക്കോടുകാര്‍ വിജയമധുരം നുകര്‍ന്നത്. 50.80 സെക്കന്‍ഡിലാണ് കോട്ടയത്തിന്‍െറ ഫിനിഷ്. പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെ താരമായ അപര്‍ണ റോയിക്കൊപ്പം ഉഷ സ്കൂളില്‍ പരിശീലിക്കുന്ന ടി. സൂര്യാമോള്‍, ബിസ്മി ജോസഫ്, കെ.ടി ആദിത്യ എന്നിവരാണ് കോഴിക്കോടിനായി ചരിത്രമെഴുതിയത്. 50.80 സെക്കന്‍ഡോടെ കോട്ടയം വെള്ളിയും 51.07 സെക്കന്‍ഡില്‍ ഇടുക്കി വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും അപര്‍ണയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വര്‍ണം നേടിയിരുന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ എറണാകുളവും റെക്കോഡ് ഭേദിച്ചു. 42.50 സെക്കന്‍ഡില്‍ എറണാകുളം പറന്നപ്പോള്‍ വഴിമാറിയത് 2010ല്‍ കോട്ടയം ടീം കുറിച്ച 42.63 സെക്കന്‍ഡാണ്. അവസാന ലാപ്പില്‍ നിബിന്‍ ബൈജു കുതിച്ചതോടെയാണ് എറണാകുളം പാലക്കാടിനെ മറികടന്നത്. എബിന്‍ ജോസ്, ഷെറിന്‍ മാത്യു, ടി.വി. അഖില്‍ എന്നിവരാണ് പുതിയ സമയം കുറിച്ചത്. സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിനാണ് സ്വര്‍ണം. കെ. വിന്‍സി, എം. അഞ്ജന, പി.വി. വിനി, അഞ്ജലി ജോണ്‍സണ്‍ എന്നിവരുടെ സംഘം 49.33 സെക്കന്‍ഡിലാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. 51.10 സെക്കന്‍ഡില്‍ കണ്ണൂര്‍ വെള്ളിയും 51.22 സെക്കന്‍ഡില്‍ കൊല്ലം വെങ്കലവും നേടി.ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് സ്വര്‍ണം നേടി. നിജില്‍ കൃഷ്ണന്‍, കെ.മുഹമ്മദ് സനൂബ്, സുമിന്‍ സുരേഷ്, അഖില്‍ പി.എസ്. എന്നിവരടങ്ങിയ ടീം 44.41സെക്കന്‍ഡിലാണ് അവസാന വര കടന്നത്. 45.03 സെക്കന്‍ഡില്‍ കോട്ടയം വെള്ളി നേടി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഇടുക്കി സ്വര്‍ണം നേടി. സമയം: 54.77 സെക്കന്‍ഡ്. നന്ദന സുരേഷ്, അഭിശ്രീ സാബു, ദിവ്യഭാരതി, രശ്മി ജയരാജ് എന്നിവരായിരുന്നു ഇടുക്കിയുടെ മിടുക്കികളായത്. 54.92 സെക്കന്‍ഡോടെ എറണാകുളം വെള്ളിയും 54.98 സെക്കന്‍ഡില്‍ തിരുവനന്തപുരം വെങ്കലവും നേടി.സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ കൊല്ലം സ്വര്‍ണമണിഞ്ഞു. സമയം: 48.38 സെക്കന്‍ഡ്. ബിന്‍ഷാദ്. എസ്, ആബിദ് സഫര്‍, റോബിന്‍ ജോണ്‍സണ്‍, ബി.എ. നീരജ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലത്തിന്‍െറ പെരുമ ഉയര്‍ത്തിയത്. 48.83 സെക്കന്‍ഡില്‍ പാലക്കാട് വെള്ളിയും 49.14 സെക്കന്‍ഡില്‍ എറണാകുളം വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.