ഹൈജമ്പിൽ ദേശീയ റെക്കോർഡ് മറികടന്ന് ജിഷ്‌ന
text_fieldsതേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം. 1.70 മീറ്ററാണ് ജിഷ്‌ന ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്നയാണ് ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
കേരളത്തിെൻറ തന്നെ ലിസ്ബത്ത് കരോളിൻ ജോസഫ് കഴിഞ്ഞ വര്‍ഷം ചാടിയ 1.65 മീറ്ററാണ് ദേശീയ റെക്കോഡ്. 1.68 മീറ്റർ ചാടി വെള്ളി നേടിയ എറണാകുളം സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ഗായത്രി ശിവകുമാറും ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും മീറ്റ് റെക്കോഡും ഭേദിച്ചു. 2013ല്‍ ഭരണങ്ങാനം സ്‌കൂളിലെ ഡൈബി സെബാസ്റ്റിയന്‍ ചാടിയ 1.64 മീറ്ററായിരുന്നു മീറ്റ് റെക്കേഡ്.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റിലും സ്വര്‍ണമണിഞ്ഞാണ് കോതമംഗലം മാര്‍ ബേസിലിെൻറ ബിബിന്‍ ജോര്‍ജ് ട്രിപ്പിള്‍ തികച്ചത്. 1:53.75 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. നേരത്തെ 1500 മീറ്ററിലും 5000 മീറ്ററിലും ബിബിന്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ സി.വി.സുഗന്ധകുമാര്‍ വെള്ളിയും തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുന്ദരേശന്‍ വെങ്കലവും സ്വന്തമാക്കി.
3000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സി.ബബിതയ്ക്ക് നേരിയ വ്യത്യാസത്തിന് ട്രിപ്പിള്‍ നഷ്ടപ്പെട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ 800 മീറ്ററില്‍ ഉഷ സ്‌കൂളിലെ ആബിത മേരി മാന്വലിന് മുന്നില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരം സായിയിലെ അശ്വതി ബിനുവിനാണ് വെങ്കലം.
മീറ്റ് അവസാന ലാപ്പിലേയ്‌ക്കെത്തുമ്പോള്‍ 221 പോയിൻറുമായി എറണാകുളം മുന്നിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 206 പോയിൻറാണുള്ളത്. മറ്റുള്ള ജില്ലകള്‍ക്കൊന്നും 100 പോയിന്റ് കടക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.