സര്‍വകലാശാല മീറ്റിന് തുടക്കം; മെഡല്‍പ്പോരാട്ടം രണ്ടാം ദിനം മുതല്‍
text_fieldsകോയമ്പത്തൂര്‍: ഇത്തവണത്തെ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റിലെ മെഡല്‍ ജേതാക്കളെ വ്യാഴാഴ്ച മുതല്‍ അറിയാം. ഉദ്ഘാടന ദിവസം ഏതാനും മത്സരങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടന്നപ്പോള്‍ മലയാളി പ്രതീക്ഷകള്‍ക്ക് ഉണര്‍വേകി കാലിക്കറ്റ്, എം.ജി സര്‍വകലാശാല താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറി. ആണ്‍, പെണ്‍ 5000 മീറ്റര്‍ ഫൈനലോടെയാണ് വ്യാഴാഴ്ച തുടങ്ങുക. മീറ്റിലെ വേഗതാരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റര്‍ ഫൈനല്‍, ഹൈജംപ്, ട്രിപ്ള്‍ ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയുടെ മെഡല്‍പോരാട്ടത്തിലും മലയാളി സാന്നിധ്യമുണ്ട്. മാംഗ്ളൂര്‍ സര്‍വകലാശാലയും പഞ്ചാബ് സര്‍വകലാശാലയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാനായാല്‍ കേരളത്തിലേക്ക് മെഡലൊഴുകും.
5000 മീറ്ററില്‍ കേരളത്തില്‍നിന്ന് മൂന്ന് വനിത താരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടി. കാലിക്കറ്റിന്‍െറ കെ.കെ. വിദ്യക്കൊപ്പം എം.ജിയുടെ അനു മരിയ സണ്ണിയും എയ്ഞ്ചല്‍ ജെയിംസും മെഡല്‍ തേടി ഇറങ്ങും. കാലിക്കറ്റിന്‍െറ പി.യു. ചിത്ര മത്സരിച്ചില്ല. ആണ്‍കുട്ടികളില്‍ കാലിക്കറ്റിന്‍െറ വി.എം. സഞ്ജയും ഫൈനലിലത്തെി. ഹൈജംപില്‍ എം.ജിയുടെ ജിയോ ജോസ്, മനു ഫ്രാന്‍സിസ്, കാലിക്കറ്റിന്‍െറ സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്ക് ചങ്കിടിപ്പുമായി മാംഗ്ളൂര്‍ സര്‍വകലാശാലയുടെ മലയാളി താരം ശ്രീനിത്ത് മോഹനുണ്ട്. വെള്ളിയാഴ്ച നടക്കുന്ന പോള്‍വോള്‍ട്ട് മെഡല്‍ മത്സരത്തില്‍ കേരള സര്‍വകലാശാലയുടെ അഞ്ജലി ഫ്രാന്‍സിസുണ്ടാവും.
വ്യാഴാഴ്ച നടക്കുന്ന ട്രിപ്ള്‍ ജംപില്‍ മലയാളികള്‍ മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന് ഉറപ്പായി. മാംഗ്ളൂര്‍ സര്‍വകലാശാലയുടെ മലയാളി താരങ്ങളായ എന്‍.വി. ഷീന, ശില്‍പ ചാക്കോ, എം.ജിയുടെ അലീന ജോസ്, വിനിജ വിജയന്‍, കാലിക്കറ്റിന്‍െറ കെ. അക്ഷയ, കേരളയുടെ ആല്‍ഫി ലൂക്കോസ് എന്നിവരെല്ലാം ഫൈനലിലത്തെി. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കാലിക്കറ്റിന്‍െറ അഞ്ജു മോഹനും എം.ജിയുടെ സ്മൃതിമോള്‍ വി. രാജേന്ദ്രനും അവസാന റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ആണ്‍കുട്ടികളില്‍ കേരളയുടെ ട്വിങ്ക്ള്‍ ടോമിയും ഫൈനലില്‍ പ്രവേശിച്ചു.
വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലും വ്യാഴാഴ്ചയാണ്. കാലിക്കറ്റിന്‍െറ സോഫി എം. ഷാജുവും റീമ നാഥും മെഡലിലേക്ക് എറിയും. ഷോട്ട്പുട്ട് ഫൈനലില്‍ മത്സരിക്കുന്ന മാംഗ്ളൂരിന്‍െറ വി.പി. ആല്‍ഫിന്‍ മലയാളിയാണ്. വെള്ളിയാഴ്ചത്തെ ഹാമര്‍ ത്രോ ഫൈനലിലേക്ക് എം.ജിയുടെ ആതിര മുരളീധരന് എന്‍ട്രി ലഭിച്ചിട്ടുണ്ട്. പത്ത് ഫൈനലുകളാണ് വ്യാഴാഴ്ച നടക്കുക. മീറ്റ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി. അന്‍പഴകന്‍ ഉദ്ഘാടനം ചെയ്തു.
വേഗപ്പോരില്‍ ആര്?
മീറ്റിലെ വേഗതയേറിയ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തീരുമാനിക്കുന്ന 100 മീറ്റര്‍ ഫൈനലില്‍ നിലവിലെ ജേതാവ് കെ. മഞ്ജു ഉള്‍പ്പെടെ കേരളത്തില്‍നിന്ന് നാല് താരങ്ങള്‍ മത്സരിക്കും. എം.ജി സര്‍വകലാശാലയെ പ്രതിനിധാനം ചെയ്യുന്ന മഞ്ജു സെമി ഫൈനലില്‍ മികച്ച മൂന്നാമത്തെ സമയത്തിലാണ് ഫിനിഷ് ചെയ്തത്, 12.18 സെക്കന്‍ഡ്. കാലിക്കറ്റ് സര്‍വകലാശാലയുടെ എം. സുഗിന (12.10), എം. അഖില (12.19) എന്നിവരും ഫൈനലിലുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ അര്‍ച്ചന 11.88 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എം.ജിയുടെ കെ.എസ്. പ്രണവും ഫൈനലിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.