ഡയമണ്ട് ലീഗിൽ സ്വർണം നേടി ഉസൈൻ ബോൾട്ട്
text_fieldsമൊണാകോ: ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നിലനിർത്തി അജയ്യനായി ട്രാക്കിനോട് വിടപറയുക. സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ട്രാക്ക് തെറ്റാതെ ഉസൈൻ ബോൾട്ട് കുതിക്കുകയാണ്. ആഗസ്റ്റ് നാല് മുതൽ ലണ്ടനിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിെൻറ വിളംബരമായ മൊണാകോ ഡയമണ്ട് ലീഗിൽ വർഷത്തെ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത് ബോൾട്ട് വരവറിയിച്ചു.
100 മീറ്ററിൽ 9.95 സെക്കൻഡിൽ ഒന്നാമതായി ഒാടിയെത്തിയ ബോൾട്ടിന് അടുത്ത ലക്ഷ്യം ലണ്ടനിലെ വിടവാങ്ങൽ പോരാട്ടം. ലൂയി രണ്ടാമൻ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം ആരാധകർക്കു നടുവിൽ ട്രാക്കിലിറങ്ങിയ ബോൾട്ട് അമേരിക്കയുടെ ഇസിയ യങ്ങിനെയും (9.98 സെ), ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെയും (10.02സെ) പിന്തള്ളിയാണ് അതിവേഗതയിൽ ഫിനിഷ് ചെയ്തത്.
എട്ട് ഒളിമ്പിക്സ് സ്വർണവും 11 ലോകചാമ്പ്യൻഷിപ് സ്വർണവുമണിഞ്ഞ ലണ്ടൻ മീറ്റോടെ കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബോൾട്ടിന് മികച്ച ആത്മവിശ്വാസമായി മൊണാകോയിലെ പ്രകടനം. ‘എെൻറ കുതിപ്പ് ശരിയായ ദിശയിലാണ്. ലണ്ടനിൽ ട്രാക്കിലിറങ്ങും മുമ്പ് ഇനിയും മെച്ചപ്പെടും. 10 സെക്കൻഡിൽ താഴെയുള്ള സമയം മികച്ചതാണ്. ഏറെ കരുത്ത് നൽകുന്ന പ്രകടനം’ -മത്സര ശേഷം ബോൾട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.