ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
text_fieldsഭുവനേശ്വർ: കലിംഗയിലെ പോരാട്ടഭൂമിയില്‍ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യദിനം ആതിഥേയരായ ഇന്ത്യക്ക് രണ്ട് സ്വര്‍ണവും വെള്ളിയും നാല് വെങ്കലവും. വനിതകളുടെ ഷോട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ആദ്യ ദിനം ഇന്ത്യക്കായി ആദ്യ സ്വര്‍ണമണിഞ്ഞത്. പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി. ലക്ഷ്മണും മഞ്ഞപ്പതക്കം സ്വന്തമാക്കി. ലോങ്ജംപില്‍ മലയാളി താരങ്ങളായ വി. നീന വെള്ളിയും നയന ജെയിംസ് വെങ്കലവും നേടി. പുരുഷന്മാരുടെ ഡിസ്കസ്ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 5000 മീറ്ററില്‍ സഞ്ജീവനി യാദവും വനിതകളുടെ ജാവലിൻ ത്രോയിൽ അന്നുറാണിയും വെങ്കലമണിഞ്ഞു. ആദ്യ ദിനം ആതിഥേയരാണ് മുന്നിൽ.
ചാട്ടത്തില്‍
വെള്ളി വെളിച്ചം
വനിതകളുടെ ലോങ്ജംപില്‍ ആതിഥേയരുടെ അഭിമാനമായാണ് കോഴിക്കോട് സ്വദേശിനികളായ വി. നീനയും നയന ജെയിസും യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തില്‍ വിയറ്റ്നാമിെൻറ ബിയു തീ തുവാണ് സ്വര്‍ണമണിഞ്ഞത്. നിര്‍ഭാഗ്യത്തിനാണ് നീനക്ക് സ്വര്‍ണം നഷ്ടമായത്്. 6.54 മീറ്ററാണ് വിയറ്റ്നാം താരവും നീനയും താണ്ടിയത്്.
ഈ സീസണില്‍ നീനയുടെ മികച്ച ദൂരമാണിത്. രണ്ടാമത്തെ മികച്ച ദൂരത്തിെൻറ അടിസ്ഥാനത്തിലാണ് സ്വര്‍ണവും വെള്ളിയും നിശ്ചയിച്ചത്. 6.44 മീറ്ററായിരുന്നു വിയറ്റ്നാം താരത്തിെൻറ രണ്ടാമത്തെ മികച്ച ദൂരം. നീനയു ടെ രണ്ടാമത്തെ മികച്ച ചാട്ടം 6.32 മീറ്ററും. 6.42 മീറ്ററോടെയായിരുന്നു നയനയുടെ കുതിപ്പ്. കോഴിക്കോട് മേപ്പയ്യൂര്‍ വരകില്‍ നാരായണെൻറയും പ്രസന്നയുടെയും മകളായ നീന കഴിഞ്ഞ സീസണില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആറ് സ്വര്‍ണവും മൂന്ന് വെങ്കലവും നേടിയിരുന്നു.
ഈ സീസണില്‍ ഏഷ്യന്‍ ഗ്രാൻഡ്പ്രീയില്‍ ഒന്നുവീതം സ്വര്‍ണവും വെങ്കലവും നേടി. കഴിഞ്ഞമാസം കസാഖ്സ്താനിലെ അല്‍മാട്ടിയില്‍ നടന്ന കൊസാനോവ് മെമ്മോറിയല്‍ മീറ്റില്‍ ഈ മിടുക്കി സ്വര്‍ണം നേടിയിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടതില്‍ ഏറെ സങ്കടമുണ്ടെന്ന് നീന മത്സരശേഷം പറഞ്ഞു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിനിയായ നയനക്ക്് ഇത് ആദ്യ അന്താരാഷ്്ട്ര മെഡലാണ്. സ്കൂള്‍ കായികമേളകളില്‍ മിന്നിത്തിളങ്ങിയിരുന്ന നയന പിന്നീട് നിറംമങ്ങിപ്പോയിരുന്നു. അജിത് കുമാറിെൻറ പരിശീലകമികവില് വമ്പന്‍ തിരിച്ചുവരവ് നടത്തിയ നയന ഫെഡറേഷന് കപ്പില്‍ നീനയെ പിന്നിലാക്കി സ്വര്‍ണം നേടിയിരുന്നു.
വികാസ് ഗൗഡക്ക് നിരാശ
പുരുഷന്മാരുടെ ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡക്ക് ഹാട്രിക് സ്വര്‍ണമെന്ന മോഹം പൂവണിയിക്കാനായില്ല. 60.81 മീറ്റര്‍ എറിഞ്ഞ വികാസിന് വെങ്കലത്തിലൊതുങ്ങേണ്ടിവന്നു. നാലാമത്തെ അവസരത്തിലായിരുന്നു വികാസ് ഈ ദൂരത്തിലേക്ക് ഡിസ്ക് പായിച്ചത്. ഇറാെൻറ എഹ്സാന്‍ ഹദാദിക്കാണ് സ്വര്‍ണം. 64.54 മീറ്റര്‍ എറിഞ്ഞാണ് ഭുവനേശ്വര്‍ മീറ്റിലെ ആദ്യ സ്വര്‍ണം ഇറാന്കാരന് സ്വന്തമാക്കിയത്. മലേഷ്യയുടെ മുഹമ്മദ് ഇര്‍ഫാനാണ് വെള്ളി. ദൂരം: 60.96 മീറ്റർ.
പോള്‍വാള്‍ട്ടില്‍ യോഗ്യതനേടി
മലയാളി താരങ്ങൾ
പുരുഷന്മാരുടെ 400 മീറ്റര്‍ കലാശപ്പോരാട്ടത്തിലേക്കു മലയാളി താരങ്ങളായ മുഹമ്മദ് അനസും അമോജ് ജേക്കബും യോഗ്യത നേടി. ആരോക്യ രാജീവും ഈയിനത്തില്‍ ഫൈനലിെലത്തി. 400 മീറ്ററില്‍ ദേശീയ റെക്കോഡുകാരന് കൂടിയാണ് കൊല്ലം നിലമേല്‍ സ്വദേശിയായ വൈ. മുഹമ്മദ് അനസ്. സീസണിലെ മികച്ച പ്രകടനവും (45.32 സെക്കന്‍ഡ്) അനസിെൻറ പേരിലാണുള്ളത്. വെള്ളിയാഴ്ചയാണ് ഫൈനല്‍. ആഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കു നിലവില്‍ യോഗ്യത നേടിയ താരം കൂടിയാണ് അനസ്. വനിതകളില്‍ ജിസ്ന മാത്യുവും എം.ആര്. പൂവമ്മയും ഫൈനലിലത്തെി. പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യന്‍താരം അജയ്കുമാറും ഫൈനലിലെത്തി. വനിതകളുടെ 1500 മീറ്ററില്‍ മലയാളിതാരം പി.യു. ചിത്രയും മോണിക്ക ചൗധരിയും യോഗ്യത നേടി.
ജന്മദിനത്തിൽ
മനം നിറച്ച് മന്‍പ്രീത്
വനിതകളുടെ ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം മന്‍പ്രീത് കൗറിേൻറത് വമ്പന്‍ തിരിച്ചുവരവ്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മന്‍പ്രീതിന് ഇത് ആദ്യ ഏഷ്യന്മീറ്റ് സ്വര്‍ണമാണ്. പിറന്നാൾ ദിനത്തിൽ തന്നെ ആ സ്വർണം നേടാനായത് ഇരട്ടി മദുരം നൽകുന്നു. 18.28 മീറ്റാണ് ഈ പഞ്ചാബുകാരി ഷോട്ട് പായിച്ചത്. പട്യാലയിലെ സഹൗലി ഗ്രാമത്തില്‍നിന്നുള്ള മന്‍പ്രീത് ഈ വര്‍ഷം ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയാണ് തിരിച്ചു വരവറിയിച്ചത്. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഈ താരം യോഗ്യത നേടിയിരുന്നു. 18.86 മീറ്ററായിരുന്നു അന്നത്തെ ദൂരം. ദേശീയ റെക്കോഡും മന്പ്രീതിെൻറ പേരിലാണ്. പരിശീലകനായ കരംജീത് സിങ്ങാണ് ഭര്‍ത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.