സെക്രട്ടറി നാലകത്ത് ബഷീർ രണ്ട് ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ പുതിയ സംഘടന
text_fieldsകൊച്ചി: വിവാദങ്ങൾക്കുപിന്നാലെ കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ പിളർപ്പിലേക്ക്. സെക്രട്ടറി നാലകത്ത് ബഷീർ രണ്ട് ദിവസത്തിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ പുതിയ സംഘടന രൂപവത്കരിക്കുമെന്ന് മുൻ അന്താരാഷ്ട്ര താരങ്ങളുടെ കൂട്ടായ്മ അറിയിച്ചു. എസ്.എ. മധു, ആർ. രാജീവ്, എൻ.സി. ചാക്കോ, രാജ് വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിക്കുക. നാലകത്ത് ബഷീർ രണ്ട് ദിവസത്തിനകം രാജിവെക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രണ്ടുതവണ സെക്രട്ടറിയായിരുന്ന ബഷീർ സംസ്ഥാനത്തെ വോളിബാളിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് ഇവർ കുറ്റപ്പെടുത്തി.
കേരള വോളിബാൾ ലീഗ് നടത്താൻ നീക്കമുണ്ടായില്ല. ഇന്ത്യൻ വോളിബാൾ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ വോളിബാൾ ലീഗിന് തുരങ്കംവെച്ചത് ബഷീറാണ്. പങ്കെടുത്താൽ വിലക്കുമെന്ന് താരങ്ങളെ ഭീഷണിപ്പെടുത്തിയും കോടതിയിൽ അനുകൂലവിധി നേടിയും ബഷീർ ലീഗ് തടസ്സപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു. ടോം ജോസഫിനെപോലുള്ള മുതിർന്ന താരങ്ങളെ അധിക്ഷേപിച്ചതും കുറ്റകരമാണ്. വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം പുതിയ സംഘടനക്ക് ലഭിക്കുമെന്നും ഇവർ പറഞ്ഞു.കേരള വോളിബാൾ അസോസിയേഷൻ ഭാരവാഹികളിൽ പകുതിലേറെപേർ പുതിയ സംഘടനക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ പിന്തുണയുമുണ്ട്.
മുൻ താരങ്ങളുടെ സംഘടന, ക്ലബുകൾ എന്നിവയുടെ പിന്തുണയുമുണ്ടെന്ന് ഇവർ അറിയിച്ചു. താൽക്കാലിക സമിതിക്കായിരിക്കും പുതിയ സംഘടനയുടെ നേതൃത്വം. പിന്നീട് തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തീരുമാനിക്കും. പുതിയ സംഘടനക്ക് പൂർണപിന്തുണ നൽകുമെന്ന് പ്രശസ്ത വോളിബാൾ താരം ടോം ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. വോളിബാളിനുവേണ്ടി നാലകത്ത് ബഷീർ ഒന്നും ചെയ്തില്ല. സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഷയല്ല അയാൾ തനിക്കെതിരെ ഉപയോഗിച്ചത്. സംസ്ഥാനത്തെ മിക്ക താരങ്ങളുടെ പിന്തുണയും പുതിയ സംഘടനക്കുണ്ടാകുമെന്നും ടോം ജോസഫ് പറഞ്ഞു.നേരത്തേ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് ടോം ജോസഫിന് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
മറുപടി അർഹിക്കുന്നില്ല
കൊച്ചി: പുതിയ സംഘടന രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയം മറുപടി അർഹിക്കുന്നതല്ലെന്ന് നാലകത്ത് ബഷീർ പ്രതികരിച്ചു. കൃത്യമായ ചട്ടക്കൂടിനുള്ളിൽ നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് വോളിബാൾ അസോസിയേഷൻ. സംഘടനയിൽ ഭാരവാഹികൾ പോലുമല്ലാത്തവർ വന്ന് രാജിവെക്കാൻ പറഞ്ഞാൽ എങ്ങനെ അംഗീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആരെങ്കിലും വന്ന് പറഞ്ഞാൽ രാജിവെക്കേണ്ടതല്ല കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ സെക്രട്ടറി സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.