ദേശീയ മേളയിലെ വിജയികൾക്ക് സമ്മാനക്കുടിശ്ശിക ഉടൻ
text_fieldsതേഞ്ഞിപ്പലം: ദേശീയ സ്കൂൾ കായികമേളയിലെ വിജയികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കാഷ് അവാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നാലുവർഷമായി മുടങ്ങിക്കിടക്കുന്ന അവാർഡുകൾ ഈ അധ്യയനവർഷം തന്നെ നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടങ്ങിയ സംസ്ഥാന സ്കൂൾ കായികോത്സവത്തിെൻറ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാഷ് അവാർഡ് വിതരണം മുടങ്ങിക്കിടക്കുന്നുവെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. കായികരംഗത്ത് സംസ്ഥാനത്ത് രാജ്യാന്തര സൗകര്യമൊരുക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നീന്തൽക്കുളം നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മുഴുവൻ മണ്ഡലങ്ങളിലും കലാ–കായിക സാംസ്കാരിക പാർക്കുകൾ അഞ്ചു വർഷത്തിനകം പൂർത്തിയാക്കും. കായികപരിശീലനം തൊട്ടടുത്ത് ഒരുക്കുകയാണ് ഈ പാർക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സർവകലാശാലകളിലേതുൾപ്പെടെയുള്ള നിലവിലെ സ്റ്റേഡിയങ്ങൾ ആധുനികവത്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറ ഉത്സവമെന്ന നിലക്കാണ് കായികമേളക്ക് ഈവർഷം മുതൽ കായികോത്സവമെന്ന് പേരിട്ടതെന്നും മന്ത്രി വിശദീകരിച്ചു. 2013 ഫെബ്രുവരിയിൽ നടന്ന ഇറ്റാവ മീറ്റിനുശേഷം കാഷ് അവാർഡുകൾ നൽകുന്നതിൽ വിദ്യാഭ്യാസ വകുപ്പ് അലംഭാവം കാണിച്ചെന്നായിരുന്നു ‘മാധ്യമം’ വാർത്ത. സ്വർണത്തിന് 30,000, വെള്ളിക്ക് 25,000, വെങ്കലത്തിന് 20,000 എന്നിങ്ങനെയാണ് ദേശീയ മേളയിലെ മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുക.
ഇറ്റാവ മീറ്റിൽ കേരളത്തിെൻറ മികച്ച പ്രകടനം കണക്കിലെടുത്ത് സ്പോർട്സ് കൗൺസിൽ കാഷ് അവാർഡ് നൽകിയെങ്കിലും പിന്നീട് അതും മുടങ്ങുകയായിരുന്നു. ‘മാധ്യമം’ വാർത്തയെത്തുടർന്നാണ് സമ്മാനക്കുടിശ്ശികയുള്ളത് അറിഞ്ഞതെന്നും 2.4 കോടി രൂപ ഉടൻ നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ പ്രതികരിച്ചു.
ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ദീപംകൊളുത്തി. വർണാഭമായ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കൂടിയായ സ്ഥലം എം.എൽ.എ പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, വി. അബ്ദുറഹ്മാൻ, എം. ഉമ്മർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സ്പോർട്സ് കൗൺസിൽ ചെയർമാൻ ടി.പി. ദാസൻ, ഒളിമ്പ്യൻ പി.ടി. ഉഷ, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ, എ.പി. അബ്ദുൽ വഹാബ്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോ വി.സി ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, ഗ്രാമ–ബ്ലോക് പഞ്ചായത്ത് പ്രസിഡൻറുമാർ, കാലിക്കറ്റ് സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.