ഒറ്റലാപ്പിൽ ഈദ്ആഘോഷം
text_fieldsദോഹ: ഒറ്റലാപ്പിൽ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയിലെ ലോകത്തെ ഏറ്റവും വേഗമാർന്ന സമയം കുറിച്ച് ബഹ്റൈെൻറ സൽവ ഈദ് നാസറിെൻറ ആഘോഷം. ലോകചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിലാണ് സൽവ ഈദ് പുതുതാരമായി ഉദിച്ചുയർന്നത്. ഒളിമ്പിക്സ് ചാമ്പ്യനും ലോകചാമ്പ്യൻഷിപ്പിലെ സൂപ്പർതാരവുമായ ബഹാമസിെൻറ ഷോൺ മില്ലർ ഇബോയെ അട്ടിമറിച്ചാണ് ബഹ്റൈൻ താരം ദോഹ ട്രാക്കിലെ താരമായത്.
2017 ലണ്ടൻ ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ സൽവ 48.14 സെക്കൻഡിലാണ് ഫിനിഷിങ് ലൈൻ കടന്നത്. ഒറ്റലാപ് ട്രാക്കിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ സമയമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയിലെ മികച്ച സമയവും. ശീതയുദ്ധവും ഇരു ജർമനികളുടെയും വൈരവും ഇരമ്പിനിന്ന കാലത്ത് 400 മീറ്റർ ട്രാക്കിൽ പോരടിച്ച ഈസ്റ്റ് ജർമനിയുടെ മരിറ്റ കോച്ചും (47.60), ചെക്കോസ്ലൊവാക്യയുടെ ജർമില ക്രറ്റോചിലോവയും (47.99 സെ) കുറിച്ച സമയങ്ങൾ പിന്നിൽ മൂന്നാമതാണ് സൽവയുടെ ഫിനിഷിങ്. 1985ലും 1983ലുമായിരുന്നു ഇരുവരും ലോക റെക്കോഡ് കുറിച്ചത്. 2017ന് ശേഷം ഒറ്റലാപ്പിൽ തോൽവിയറിയാതെ കുതിച്ച ഷോൺ മില്ലറിനെ മത്സരത്തിെൻറ 200 മീറ്ററിനുള്ളിൽതന്നെ സൽവ പിന്തള്ളിയിരുന്നു.
പൗരത്വം നൽകി ആഫ്രിക്കൻ അത്ലറ്റുകളെ സ്വന്തമാക്കുന്നതാണ് അറബ് രാജ്യങ്ങളുടെ പതിവെങ്കിൽ നൈജീരിയൻ-ബഹ്റൈൻ പാരമ്പര്യമുള്ള താരമാണ് സൽവ. അമ്മ നൈജീരിയക്കാരിയും പിതാവ് ബഹ്റൈൻ കാരനും. സ്കൂൾ പഠനകാലത്ത് ഓടിത്തുടങ്ങിയ സൽവ 16ാം വയസ്സിലാണ് അച്ഛെൻറ നാട്ടിലെത്തുന്നത്. പിന്നെ, ബഹ്റൈെൻറ ഗോൾഡൻ ഗേൾ ആയി മാറി. ആറാം വയസ്സിൽ കാർഅപകടത്തിൽ പരിക്കേറ്റ കാലിലായിരുന്നു കുഞ്ഞു സൽവ ഓടിത്തുടങ്ങിയത്. ഇപ്പോഴും ചിലപ്പോഴെല്ലാം ഓർമപ്പെടുത്താനെത്തുന്ന ആ വേദനകളെ മറന്നാണ് താരം ദോഹയിൽ ചരിത്രം രചിച്ചത്.
തിയാമിനെ അട്ടിമറിച്ച് ജോൺസൺ തോംസൺ
ഹെപ്റ്റാത്ലണിലെ ഒളിമ്പിക്സ് -ലോക ചാമ്പ്യൻ ബെൽജിയത്തിെൻറ നഫീസതു തിയാമിനെ അട്ടിമറിച്ച് ബ്രിട്ടെൻറ കാതറിന ജോൺസൺ തോംസൺ പുതു ചാമ്പ്യനായി. ഏഴ് ഇനങ്ങൾ ഉൾപ്പെടുത്ത ഹെപ്റ്റാത്ലണിൽ 2016ന് ശേഷം തിയാമിെൻറ ആദ്യ തോൽവിയാണിത്. തുടക്കത്തിൽ ലീഡ് നേടിയ താരത്തിന് അവസാന ദിനത്തിൽ കൈമുട്ടിലെ പരിക്കാണ് തിരിച്ചടിയായത്. ലോങ്ജംപിലും ജാവലിനും തിയാം പിന്നിലായത് ജോൺസൺ തോംസണിന് അനുകൂലമായി. പുരുഷ വിഭാഗം ഡെകാത്ലണിൽ ജർമനിയുടെ നിക്ലാസ് കോൾ സ്വർണംനേടി. റിയോ ഒളിമ്പിക്സിൽ വെള്ളിയും 2017 ലോകചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ ഫ്രാൻസിെൻറ കെവിൻ മേയർ പാതിവഴിയിൽ പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.