അനിഷ് ബൻവാലേ, തേജസ്വിനി സാവന്ത്, ബജ്റങ് എന്നിവർക്ക് സ്വർണം; ഗ്ലാസ്കോ 2014 കടന്ന് ഇന്ത്യ
text_fieldsഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയാഴ്ച ഇന്ത്യയുടെ മെഡൽകൊയ്ത്തിെൻറ ദിനം. മൂന്നു സ്വർണം, നാലുവീതം വെള്ളി, വെങ്കലമെഡലുകളുമായി മേളയുടെ ഒമ്പതാം ദിനം ഇന്ത്യ ടോപ്ഗിയറിൽ. ഷൂട്ടിങ്ങിൽ രണ്ടും ഗുസ്തിയിൽ ഒാരോ സ്വർണവുമാണ് വെള്ളിയാഴ്ച പിറന്നത്. ഇതോടെ, 17 സ്വർണവുമായി ഇന്ത്യ 2014 ഗ്ലാസ്കോയിലെ പ്രകടനത്തെ (15 സ്വർണം) മറികടന്നു. മേളക്ക് കൊടിയിറങ്ങാൻ രണ്ടു ദിനം ശേഷിക്കെയാണ് ഇന്ത്യൻ കുതിപ്പ്. ബാഡ്മിൻറൺ, ബോക്സിങ് ഫൈനലുകൾ ബാക്കിനിൽക്കെ ഇന്ത്യൻ കൊയ്ത്ത് ഇനിയും ഉയരും.
പൊന്നായ ഉന്നങ്ങൾ
ഷൂട്ടിങ് റേഞ്ചാണ് വെള്ളിയാഴ്ച ഇന്ത്യക്ക് അനുഗ്രഹമായത്. രണ്ട് സ്വർണവും ഒരു വെള്ളിയും ഇവിടെനിന്ന് പിറന്നു. വെറ്ററൻ താരം തേജസ്വിനി സാവന്ത് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സ്വർണമണിഞ്ഞപ്പോൾ ഇതേ ഇനത്തിൽ കൂട്ടുകാരി അഞ്ജും മുദ്ഗിൽ വെള്ളിയണിഞ്ഞു. തൊട്ടുപിന്നാലെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റളിൽ 15കാരനായ അനിഷ് ബൻവാല െപാൻതാരമായി ഉദിച്ചുയർന്നു. സാധ്യത പട്ടികയിൽ പോലുമില്ലാതിരുന്ന കൗമാരക്കാരൻ ഗെയിംസ് റെക്കോഡ് പ്രകടനവുമായാണ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ആറാം സ്വർണം സമ്മാനിച്ചത്. കോമൺവെൽത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി അനിഷ് മാറി.
ഗോദയും കൈവിട്ടില്ല
ഷൂട്ടിങ്ങിനുശേഷം അഭിമാനം കാത്തത് ഗോദയാണ്. 61 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ബജ്റങ് സ്വർണം നേടി. രണ്ട് വെള്ളിയും ഒരു വെങ്കലവും കൂടി വെള്ളിയാഴ്ച ഇന്ത്യൻ അക്കൗണ്ടിലെത്തി. വനിതകളുടെ 57 കിലോയിൽ പൂജ ദണ്ഡ ഒളിമ്പിക്സ് വെങ്കല ജേതാവിനു മുന്നിൽ കീഴടങ്ങി വെള്ളിയിലൊതുങ്ങി. 97കിലോയിൽ അരങ്ങേറ്റക്കാരൻ മൗസം ഖത്രിയും ഫൈനലിൽ കീഴടങ്ങി. കൗമാര താരം ദിവ്യ കക്റൻ വെങ്കലം നേടി. ഗുസ്തിയിലെ അവസാന മത്സരദിനമായ ഇന്ന് നാല് ഫൈനലുണ്ട്. ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, വിനീഷ് ഫോഗട്ട് എന്നിവർ ഇന്നിറങ്ങും.
ഇടിക്കൂട്ടിൽ മെഡൽ മഴ
ഏറെ പ്രതീക്ഷയുള്ള ബോക്സിങ് റിങ്ങിൽനിന്ന് മെഡൽ വാർത്തകൾ എത്തിത്തുടങ്ങി. ശനിയാഴ്ച പിറക്കാനിരിക്കുന്ന സുവർണ നേട്ടങ്ങൾക്കു മുന്നോടിയായാണ് മൂന്ന് വെങ്കലമെത്തിയത്. ഹുസാമുദ്ദീൻ, മനോജ് കുമാർ, നമാൻ തൻവർ എന്നിവരുടെ വകയായിരുന്നു മെഡലുകൾ.
അട്ടിമറിയോടെ ടി.ടി
ടീം ഇനത്തിൽ സ്വർണം സമ്മാനിച്ച ടേബ്ൾ ടെന്നിസിൽനിന്ന് വെള്ളിയാഴ്ച വെള്ളി പിറന്നു. ടീം ഇനത്തിലെ തോൽവിക്ക് സിംഗപ്പൂർ വനിതകൾ പകരം വീട്ടിയപ്പോൾ വനിത ഡബ്ൾസ് ഫൈനലിൽ മൗമ ദാസ്-മണിക ബത്ര സഖ്യം കീഴടങ്ങി. 3-0ത്തിനായിരുന്നു സിംഗപ്പൂർ ടീമിെൻറ ജയം.
ബാഡ്മിൻറണിൽ മുന്നോട്ട്
ടോപ് സീഡുകളായ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, പി.വി സിന്ധു, സൈന നെഹ്വാൾ എന്നിവർ സിംഗ്ൾസിൽ സെമിയിൽ കടന്നു. വനിതാ ഡബ്ൾസിൽ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും സെമിയിൽകടന്നു. പുരുഷ സിംഗ്ൾസിൽ ശ്രീകാന്ത് സിംഗപ്പൂരിെൻറ സിൻ റെ റ്യാനെ 21-15, 21-12 സ്കോറിനാണ് തോൽപിച്ചത്. ഇംഗ്ലണ്ടിെൻറ രാജീവ് ഒൗസേഫാണ് സെമിയിൽ ശ്രീകാന്തിെൻറ എതിരാളി. സൈന കാനഡയുടെ റേചൽ ഹോൻഡ്രിചിനെ 21-8, 21-13സ്കോറിന് തോൽപിച്ചു. ശ്രീലങ്കൻ താരത്തെ തോൽപിച്ച പ്രണോയിക്ക് മലേഷ്യൻ താരം ലീചോങ്വെയാണ് അടുത്ത എതിരാളി. സിന്ധു കാനഡയുടെ ബ്രിട്ട്നിയെ തോൽപിച്ചു.
നീരജ്, ജിൺസൺ, റിലേ ഫൈനൽ
ഗോൾഡ്കോസ്റ്റ്: അത്ലറ്റിക്സിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ ജാവലിൻ, റിലേ മത്സരങ്ങളിൽ ഫൈനൽ യോഗ്യത. ജാവലിൻ േത്രായിൽ ലോക ജൂനിയർ െറക്കോഡുകാരനായ നീരജ് ചോപ്ര യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തി. 80.42 മീറ്ററാണ് നീരജ് എറിഞ്ഞത്.
ശനിയാഴ്ച രാവിലെ 10.05നാണ് മത്സരം. 4x400 മീറ്റർ റിലേ ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തി. അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ്, ജീവൻ കെ. സുരേഷ് എന്നിവരാണ് ഒാടിയത്.
പുരുഷ വിഭാഗം 1500 മീറ്ററിൽ മലയാളിതാരം ജിൻസൺ ജോൺസൺ ഫൈനലിൽ കടന്നു. 3:47.04 മിനിറ്റിലാണ് ജിൻസൺ ഒാടിയെത്തിയത്.
അഞ്ചാം ദിനം ഇന്ത്യ
3 സ്വർണം; 4 വെള്ളി, 4 വെങ്കലം
സ്വർണം: അനിഷ് ബൻവാലേ (ഷൂട്ടിങ്ങ്, 25 മീ റാപിഡ്) •തേജസ്വിനി സാവന്ത് (ഷൂട്ടിങ്ങ്, 50 മീ റൈഫിൾ ത്രീപൊസിഷൻ) • ബജ്റങ് (ഗുസ്തി, 65 കി. ഫ്രീ സ്റ്റൈൽ)
വെള്ളി: അഞ്ജും മുദ്ഗിൽ (ഷൂട്ടിങ്, 50മീ ത്രീ പൊസിഷൻ) • ബത്ര മണിക-മൗമ ദാസ് (ടേബ്ൾ െടന്നിസ്, വനിത ഡബ്ൾസ്) •മൗസം ഖത്രി (ഗുസ്തി, 97കി ഫ്രീസ്റ്റൈൽ) •പൂജ ദൻഡ (ഗുസ്തി, 57 കി ഫ്രീസ്റ്റൈൽ)
4 വെങ്കലം: നമാൻ തൻവർ (ബോക്സിങ്, 91 കിലോ) •മനോജ് കുമാർ (ബോക്സിങ്, 69 കി) •ഹുസാമുദ്ദീൻ മുഹമ്മദ് (ബോക്സിങ്, 56 കി) •ദിവ്യ കക്റാൻ (ഗുസ്തി, 68 കി ഫ്രീസ്റ്റൈൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.