ലോക താരങ്ങളെ ‘ചോദ്യം ചെയ്ത്’ കുട്ടികള്‍
text_fieldsദുബൈ: എത്ര വയസ്സിലാണ് കളി തുടങ്ങിയത്?, ആരാണ് ഇഷ്ട കളിക്കാരന്‍?, കളിക്കാത്ത സമയത്ത് എന്തു ചെയ്യും? ,ദിവസം എത്ര മണിക്കൂര്‍ പരിശീലനം നടത്തും?, ഏറ്റവും കഠിനമായ മത്സരം ആരോടായിരുന്നു?. ലോക ബാഡ്മിന്‍റണിലെ സൂപ്പര്‍ താരങ്ങളെ മുന്നില്‍ കിട്ടിയപ്പോള്‍ കുരുന്നു താരങ്ങള്‍ക്ക് ചോദിക്കാന്‍ ഏറെയുണ്ടായിരുന്നു. ഈ മാസം ഒമ്പതിന് ദുബൈയില്‍ ആരംഭിക്കുന്ന ലോക സൂപ്പര്‍സീരീസ് ബാഡ്മിന്‍റണ്‍ ഫൈനലിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടയിലാണ് കൊച്ചുകുട്ടികള്‍ ചോദ്യങ്ങള്‍ തൊടുത്തത്.
വേദിയില്‍ ഉണ്ടായിരുന്നത് ലോക ബാഡ്മിന്‍റണെ തന്നെ നിയന്ത്രിക്കുന്ന സംഘാടകരും കളിക്കാരും. അക്കൂട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യയുടെ സൈന നെഹ്വാളുമുണ്ടായിരുന്നു. ലോക ചാമ്പ്യനും ദുബൈ ലോക സൂപ്പര്‍ സീരീസ് നിലവിലെ ചാമ്പ്യനുമായ ചൈനയുടെ ചെങ് ലോങ്, ലോക വനിതാ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സ്പെയിനിലെ കരോലിന മാരിന്‍, ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ കളിക്കാരനും നിലവിലെ ലോക ചാമ്പ്യനുമായ കൊറിയയുടെ യൂ യിവോണ്‍ സിയോങ്, മിക്സഡ് ഡബിള്‍സിലെ ലോകതാരം ഡെന്‍മാര്‍ക്കിലെ ക്രിസ്റ്റിന പെഡേഴ്സണ്‍ എന്നിവരും ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പോള്‍ എറിക് ഹോയര്‍, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരീബ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
എത്ര വയസ്സിലാണ് കളി തുടങ്ങിയതെന്ന ചോദ്യത്തിന് ഏഴ്, എട്ടു വയസ്സില്‍ എന്നായിരുന്നു എല്ലാവരുടെയും മറുപടി. വലിയ കളിക്കാരിയാകണമെന്ന് ആശിച്ചൊന്നുമല്ല കളിച്ചു തുടങ്ങിയതെന്ന് സൈന നെഹ്വാള്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടറാകാനായിരുന്നു തന്‍െറയും വീട്ടുകാരുടെയും മോഹം. പിതാവ് ശാസ്ത്രജ്ഞനായതിനാല്‍ പഠിപ്പിനുതന്നെയായിരുന്നു മുന്‍തൂക്കം. പിന്നീട് ചില ടൂര്‍ണമെന്‍റുകളിലെല്ലാം കളിച്ചു. ട്രോഫിയും പണവുമെല്ലാം കിട്ടുക എന്നത് സന്തോഷം പകരുന്ന കാര്യമായിരുന്നു. പിന്നീട് പ്രഫഷണല്‍ കളിക്കാരിയായി. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു. ഒമ്പതാം വയസ്സില്‍ അമ്മ പറഞ്ഞ ഒരു ആഗ്രഹമുണ്ടായിരുന്നു. സൈന രാജ്യത്തിന് വേണ്ടി ഒളമ്പിക് മെഡല്‍ നേടണമെന്ന്. അന്ന് വെറും തമാശപറച്ചിലായിരുന്നു അത്. എങ്കിലും 2012ല്‍ ലണ്ടനില്‍ അതും നേടി-ബാഡ്മിന്‍റണില്‍ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ സൈന പറഞ്ഞു. ഇഷ്ടമുള്ള കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് ടെന്നിസ് താരം റോജര്‍ ഫെഡറര്‍ എന്നായിരുന്നു സൈനയുടെ മറുപടി. ടെന്നിസ് ആണെങ്കിലൂം അദ്ദേഹത്തിന്‍െറ കളിയും നീക്കങ്ങളും കാണാന്‍ ഇഷ്ടമാണ്.
കളിക്കാത്തപ്പോള്‍ എന്തു ചെയ്യുമെന്ന ഒരു കുട്ടിയുടെ അന്വേഷണത്തിന് ദിവസം ഏഴു മണിക്കൂറോളം പരിശീലനം നടത്തേണ്ടതുണ്ടെന്നായിരിന്നു മിക്കവരുടെയും മറുപടി.സൈനയുടെ മറുപടി വീണ്ടും വ്യത്യസ്തമായി. താന്‍ ഇന്ത്യക്കാരിയായതിനാല്‍ തന്നെ വിവാഹം ഉള്‍പ്പെടെ ധാരാളം ആഘോഷ-വിനോദ പരിപാടികളില്‍ പങ്കെടുക്കാനുണ്ടാകും. ടെലിവിഷനില്‍ വരാന്‍ ഇഷ്ടമാണ്. അതിനാല്‍ ചില പരസ്യങ്ങളിലെല്ലാം അഭിനയിക്കുന്നുമുണ്ട്-സൈന പറഞ്ഞു.
12 ടൂര്‍ണമെന്‍റുകളുടെ പരമ്പരയായ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാണ് ദുബൈയില്‍ ഈ മാസം ഒമ്പതു മുതല്‍ 13 വരെ ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ അരങ്ങേറുക. മൊത്തം അഞ്ചു ലക്ഷം ഡോളര്‍ സമ്മാനത്തുക നല്‍കുന്ന ടൂര്‍ണമെന്‍റില്‍ പുരുഷ, വനിത, സിംഗിള്‍സ്, ഡബിള്‍സ് മേഖലയിലെ ലോകത്തെ ആദ്യ എട്ടു താരങ്ങളാണ് മാറ്റുരക്കുക.
എല്ലാ വര്‍ഷത്തെയും അവസാന പ്രധാന ടൂര്‍ണമെന്‍റായാണ് ലോക സൂപ്പര്‍ സീരീസ് ഫൈനല്‍ നടക്കുന്നത്.
ഇത്തവണ ഇന്ത്യയില്‍ നിന്ന് സൈന നെഹ്വാളിനു പുറമെ കെ.ശ്രീകാന്തും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.