ബാഡ്മിൻറൺ താരങ്ങളെ കണ്ടെത്താൻ ഗോപീചന്ദ് കേരളത്തിൽ
text_fieldsകൊച്ചി: ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാറും സ്പോര്‍ട്സ് കൗണ്‍സിലും ചേർന്ന് നടപ്പാക്കുന്ന ഓപറേഷന് ഒളിമ്പ്യ പദ്ധതിയിലെ ബാഡ്മിൻറണ്‍ പരിശീലനത്തിന് താരങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിെൻറ മുഖ്യപരിശീലകന്‍ ഗോപീചന്ദിെൻറ നേതൃത്വത്തിലായിരുന്നു സെലക്ഷന് ട്രയല്‍സ്. 14-18 പ്രായപരിധിയിലെ ഇരുനൂറോളം താരങ്ങള്‍ പങ്കെടുത്തു.
25-30 താരങ്ങളെയാണ് ജനുവരി 10ന് കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെൻററില്‍ തുടങ്ങുന്ന റെസിഡന്‍ഷ്യല്‍ പരിശീലന ക്യാമ്പിലേക്ക് പരിഗണിക്കുകയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന് അറിയിച്ചു. ഡിസംബറില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. ഗോപീചന്ദ് ബാഡ്മിൻറണ്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം. രണ്ടു മാസത്തിലൊരിക്കല്‍ ഗോപീചന്ദ് ക്യാമ്പിലെത്തി വേണ്ട നിര്‍ദേശം നല്‍കും.
പദ്ധതിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗോപീചന്ദ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.2020, -2024 ഒളിമ്പിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ 11 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാഡ്മിൻറണിന് പുറമേ അത്ലറ്റിക്സ്, കനോയിങ്, സൈക്ലിങ്, റെസ്ലിങ് എന്നീ ഇനങ്ങളിലും ട്രയല്‍സ് തുടങ്ങി. ജനുവരിക്ക് മുമ്പ് താരങ്ങളുടെ തെരെഞ്ഞടുപ്പ് പൂര്‍ത്തിയാക്കും.
സിന്ധുവിേൻറത് മികച്ച പ്രകടനം -ഗോപീചന്ദ്
കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിൻറണിൽ ജപ്പാെൻറ നൊസോമി ഒകുഹരക്കെതിരായ ഫൈനൽ കടുത്തതും മികച്ചതുമായിരുെന്നന്ന് സിന്ധുവിെൻറ പരിശീലകനും ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനുമായ പുല്ലേല ഗോപീചന്ദ്. ലോക ബാഡ്മിൻറൺ മത്സരത്തിെൻറ തനിയാവർത്തനമായിരുന്നു ഫൈനൽ. എന്നാൽ, ഫലം മാറിവന്നു. കഴിഞ്ഞ ഫൈനലിലെ പിഴവുകൾ തിരുത്തി മുന്നേറാൻ സിന്ധുവിന് കഴിഞ്ഞു. ആക്രമണമികവാണ് സിന്ധുവിന് നേട്ടമായത്. സ്ഥിരതയില്ലായ്മയെന്ന വെല്ലുവിളി മറികടക്കാനും കഴിഞ്ഞു. കിരീടനേട്ടം സിന്ധുവിനെ പുതിയ ഉയരത്തിലെത്തിച്ചു. 22ാം വയസ്സിലെ അവരുടെ പ്രകടനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഭാവിയിൽ മികച്ച പ്രകടനം അവരിൽനിന്നുണ്ടാകും. ബാഡ്മിൻറണിൽ ഇന്ത്യ വൻശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വർഷത്തിനുശേഷം സൈന നെഹ്വാൾ പരിശീലനത്തിന് തിരിച്ചെത്തുന്നത് മികച്ച വിജയങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.