മലയാളക്കരയുടെ അഭിമാനതാരം
text_fieldsലോക രണ്ടാം നമ്പർ താരം കിഡംബി ശ്രീകാന്തിനെ മലർത്തിയടിച്ച് ദേശീയ സീനിയർ ബാഡ്മിൻറൺ കിരീടം സ്വന്തമാക്കിയ എച്ച്.എസ്. പ്രണോയ് മലയാളത്തിെൻറ അഭിമാനമായി. സീസണിൽ മികച്ച വിജയങ്ങളുമായി ലോക റാങ്കിങ്ങിൽ 11ാം റാങ്കിലേക്കുയർന്നതിനു പിന്നാലെയാണ് 24കാരൻ കന്നി ദേശീയ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയത്. തിരുവനന്തപുരം ആനയറ ഇൗശാലയം റോഡിലെ സുനിൽ കുമാർ-ഹസീന ദമ്പതികളുടെ മകനാണ് അച്ഛെൻറയും അമ്മയുടെയും േപരുകൾ സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്ന ഹസീന സുനിൽകുമാർ പ്രണോയ് എന്ന എച്ച്.എസ്. പ്രണോയ്. വ്യോമസേനയിൽ ബാഡ്മിൻറൺ താരമായിരുന്ന സുനിൽകുമാറിനൊപ്പം ഒമ്പതാം വയസ്സിലാണ് പ്രണോയ് ഷട്ട്ൽ തട്ടിത്തുടങ്ങിയത്.
പ്രതിഭയുടെ മിന്നിത്തിളക്കം കണ്ടതോടെ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ പഠനത്തോടൊപ്പംതന്നെ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ പരിശീലനത്തിനും അദ്ദേഹം മകനെ അയച്ചു. ശിവരാമകൃഷ്ണനും എം.എൽ. നരേന്ദ്രനുമായിരുന്നു ആദ്യകാല പരിശീലകർ. തുടർന്ന് സംസ്ഥാനതലത്തിൽ അണ്ടർ 10, 13, 16, 19 സ്റ്റേജുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളുമായതോടെ തെൻറ ജീവിതം റാക്കറ്റാണെന്ന് പ്രണോയ് തിരിച്ചറിയുകയായിരുന്നു.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യൻ ടീമിൽ അംഗമാകുന്നത്. ഇവിടെെവച്ച് പ്രണോയിയുടെ സ്മാഷുകളും റാലികളും കണ്ട് അദ്ഭുതംകൂറിയ പുല്ലേല ഗോപീചന്ദ് തെൻറ അക്കാദമിയിലേക്ക് പ്രണോയിയെ ക്ഷണിക്കുകയായിരുന്നു.
2010ൽ ജൂനിയർ ലോകകപ്പിൽ വെങ്കല മെഡൽ നേടി. അതേ വർഷംതന്നെ യൂത്ത് ഒളിമ്പിക്സിൽ വെള്ളിയും നേടി. അക്കാദമിയിൽ കിഡംബി ശ്രീകാന്ത്, സായി പ്രണീത്, പി. കശ്യപ് തുടങ്ങിയവരോടൊപ്പമുള്ള പരിശീലനമാണ് പ്രണോയിയെ ഇന്ന് ലോകം അറിയപ്പെടുന്ന ബാഡ്മിൻറൺ താരമായി വളർത്തിയത്. രണ്ടു വർഷം മുമ്പ് ഇതിഹാസതാരമായ ചൈനയുടെ ലിൻ ഡാനെ അട്ടിമറിച്ചതോടെയാണ് പ്രണോയിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. 2014ൽ ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം നേടിയ പ്രണോയ് കഴിഞ്ഞ വർഷം സ്വിസ് ഒാപണും സ്വന്തമാക്കി. ഇന്തോനേഷ്യൻ ഒാപൺ സെമിഫൈനലിലേക്കുള്ള വഴിയിൽ മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ ലീ ചോങ് വെയിയെയും ചെൻ ലോങ്ങിനെയും വീഴ്ത്തി ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് യു.എസ് ഒാപൺ കിരീടവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.