കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ബാഡ്മിൻറൺ ലോകത്തിെൻറ നെറുകയിൽ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷെൻറ (ബി.ഡബ്ല്യു.എഫ്) ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീകാന്ത് കമ്പ്യൂട്ടറൈസ്ഡ് റാങ്കിങ് സംവിധാനം നിലവിൽവന്ന ശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. നേരത്തേ, പ്രകാശ് പദുകോൺ ഒന്നാം നമ്പർ സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും അന്ന് കമ്പ്യൂട്ടറൈസ്ഡ് റാങ്കിങ് സംവിധാനം നിലവിൽവന്നിരുന്നില്ല.
സൈന നെഹ്വാളിനുശേഷം ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് 25കാരനായ ശ്രീകാന്ത്. 2015ലാണ് സൈന വനിത റാങ്കിങ്ങിൽ തലപ്പത്തെത്തിയിരുന്നത്. കഴിഞ്ഞ സീസണിലും നടപ്പു സീസണിലും തുടരുന്ന സ്ഥിരതയാർന്ന ഫോമാണ് ശ്രീകാന്തിെൻറ ഒന്നാം നമ്പറിലേക്കുള്ള ഉയർച്ചക്ക് കാരണമായത്. ഇതോടൊപ്പം ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ഡെന്മാർക്കിെൻറ വിക്ടർ അക്സൽസണിന് പരിക്കുമൂലം ഏറെ മത്സരങ്ങൾ നഷ്ടമായതും ഇന്ത്യൻ താരത്തെ തുണച്ചു.
ഇന്നലെ പുറത്തുവിട്ട റാങ്കിങ് പട്ടിക പ്രകാരം ശ്രീകാന്തിന് 76,895 പോയൻറാണുള്ളത്. അക്സൽസണിന് 75,470 പോയൻറും. പ്രകാശ് പദുകോണിനുശേഷം ലോക ഒന്നാം നമ്പർ താരമാവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞ ശ്രീകാന്ത്, നേട്ടം കോച്ച് ഗോപിചന്ദിനും തെൻറ കുടുംബത്തിനും സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.