ഹിജാബ് നിയമം: ഇന്ത്യൻ ചെസ് താരം ഇറാനിലെ മത്സരം ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: ഹിജാബ് നിർബന്ധമായും ധരിക്കണമെന്ന ഇറാൻ നിയമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ചെസ് താരം സൗമ്യ സ്വാമിനാഥൻ ഇറാനിൽ നടക്കുന്ന ഏഷ്യൻ നാഷൻസ് കപ്പ് ചെസ് മത്സരം ബഹിഷ്കരിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് പിൻമാറ്റം. തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മത്സരം ബഹിഷ്കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്.
ഇറാൻ നിയമമനുസരിച്ച് ഹിജാബ് ധരിക്കേണ്ടത് നിർബന്ധമാണെന്ന് മനസ്സിലാക്കിയതായും ഇത് തെൻറ പ്രാഥമികമായ മനുഷ്യാവകാശത്തിേൻറയും അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, മത സ്വാതന്ത്രം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നും സൗമ്യ സ്വാമിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് പോകാതിരിക്കുക മാത്രമാണ് തെൻറ അവകാശ സംരക്ഷണത്തിനുള്ള ഒരേയൊരു മാർഗമെന്ന് കരുതുന്നതായും അവർ വ്യക്തമാക്കി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ചെസ് മത്സരത്തിൽ മുൻ ലോക ചാമ്പ്യനാണ് സൗമ്യ സ്വാമിനാഥൻ. 1979 മുതൽ ഇറാനിൽ പൊതുസ്ഥലത്ത് സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണ്.
ഹിജാബ് ധരിക്കാൻ വിസമ്മതിച്ചുകൊണ്ട് 2016ൽ ടെഹ്റാനിൽ വെച്ചു നടന്ന ലോക ചാമ്പ്യൻഷിപ്പ് യു.എസ് ചാമ്പ്യനായ നാസി പൈക്കിസെ ബാൺസ് ബഹിഷ്കരിച്ചിരുന്നു. 2017ൽ മറ്റൊരു രാജ്യത്തു നടന്ന മത്സരത്തിൽ ഹിജാബ് ധരിക്കാതെ മത്സരിച്ചതിെൻറ പേരിൽ ദൊർസ ദെറഖ്ഷനി എന്ന ഇറാനിയൻ മത്സരാർഥിക്ക് ഇറാൻ ചെസ് ഫെഡറേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇവരിപ്പോൾ യു.എസിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.