ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധു സെമിയിൽ, മെഡലുറപ്പിച്ചു
text_fieldsലണ്ടൻ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത സിംഗ്ൾസിൽ മെഡലുറപ്പിച്ച് പി.വി. സിന്ധു സെമിയിൽ. വെള്ളിയാഴ്ചത്തെ പോരാട്ടത്തിൽ ലോക ആറാം നമ്പറുകാരിയായ ചൈനയുടെ സൺ യുവിനെ നേരിട്ടുള്ള സെറ്റിന് പിടിച്ചുകെട്ടിയാണ് നാലാം നമ്പറുകാരി സിന്ധുവിെൻറ സെമി പ്രവേശം. പുരുഷ സിംഗ്ൾസിൽ കിരീടപ്രതീക്ഷയുമായിറങ്ങിയ കിഡംബി ശ്രീകാന്തിെൻറ പുറത്താവലിനു പിന്നാലെയായിരുന്നു ഗ്ലാസ്ഗോയിലെ എമിറേറ്റ്സ് അറീനയിൽനിന്ന് സിന്ധുവിെൻറ നല്ലവാർത്തയെത്തിയത്. സ്കോർ: 21-14, 21-9.പുരുഷ സിംഗ്ൾസിൽ എട്ടാം സീഡായ ശ്രീകാന്ത് ലോക ഒന്നാം നമ്പർ കൊറിയയുടെ സൺ വാൻ ഹുവിന് മുന്നിൽ കീഴടങ്ങി ക്വാർട്ടറിൽ മടങ്ങി. സ്കോർ 21-14, 21-18.
ഇന്തോനേഷ്യ, ആസ്ട്രേലിയ സൂപ്പർ സീരീസ് കിരീടങ്ങളും സിംഗപ്പൂർ ഒാപൺ റണ്ണർ അപ്പും സ്വന്തമാക്കിയാണ് ശ്രീകാന്ത് എത്തിയത്. ആസ്ട്രേലിയയിലും ഇന്തോനേഷ്യയിലും സൺവാനിനെ അട്ടിമറിച്ച ശ്രീകാന്തിന് ഗ്ലാസ്ഗോയിൽ ഇത് ആവർത്തിക്കാനായില്ല.സീസണിൽ മികച്ച ഫോമിൽ മുന്നേറി ഒന്നാം റാങ്കിലെത്തിയ സൺവാൻ അതിനൊത്ത തുടക്കമായിരുന്നു ശ്രീകാന്തിനെതിരെ പുറത്തെടുത്ത്. 6-1െൻറ ലീഡുമായി തുടങ്ങി. തിരിച്ചടിച്ച ശ്രീകാന്ത് 5-6ന് തിരിച്ചെത്തി 8-8 എന്ന നിലയിലെത്തി. പക്ഷേ, ഇന്ത്യൻതാരത്തിെൻറ പിഴവുകളിൽ പോയൻറ് നേടിയ സൺ വാൻ 19-13ലേക്ക് കുതിച്ചു. രണ്ടു തവണ ബേസ്ലൈൻ ഷോട്ടുകളിൽ പിഴച്ച ശ്രീ ഒന്നാം ഗെയിമിൽ അനായാസം വീണു.
രണ്ടാം ഗെയിമിലും വാൻതന്നെ മുന്നേറി. 13-5ന് കൊറിയൻ താരം ലീഡ് പിടിച്ചശേഷം, തുടർച്ചയായി ഏഴ് പോയൻറ് വാരി സൺവാനിനെ വെല്ലുവിളിച്ചു (16-12). പക്ഷേ, ക്രോസ് ഷോട്ടും നെറ്റ് ഷോട്ടുമായി കൊറിയ താരം തിരിച്ചെത്തി (19-17). ഇതിനിടെ, ചെറു പിഴവുകളിൽ ശ്രീ ഒറ്റപ്പെട്ട പോയൻറുകൾ സ്കോർ ചെയ്തെങ്കിലും ആക്രമണ താളം നിലനിർത്തിയ സൺ വാൻ 21-18ന് കളി ജയിച്ച് സെമി ഉറപ്പിച്ചു. ഏഴാം സീഡ് ലിൻഡാൻ, മൂന്നാം സീഡ് വിക്ടർ അക്സൽസൻ എന്നിവരും സെമിയിൽ കടന്നു.
വെങ്കലം ഉറച്ചു
ഒരു വർഷം മുമ്പത്തെ ചൈന ഒാപൺ ഫൈനലിെൻറ ആവർത്തനമായിരുന്നു പി.വി. സിന്ധു-സൺ യു ക്വാർട്ടർ ഫൈനൽ മത്സരം. അന്ന് കിരീടം ഇന്ത്യൻ താരത്തിനായിരുന്നു. ഇൗ ആത്മവിശ്വാസവുമായി സിന്ധു തുടങ്ങിയപ്പോൾ ഒരിക്കൽപോലും ചൈനക്കാരിക്ക് വെല്ലുവിളി ഉയർത്താനായില്ല. ആക്രമിച്ച് തുടങ്ങിയ സിന്ധു കോർട്ടിെൻറ രണ്ട് മൂലയിലേക്ക് ഷട്ട്ൽ പായിച്ചപ്പോൾ സൺ യു വിയർത്തു. 5-4ന് ലീഡ് പിടിച്ച് തുടങ്ങിയ റിയോ ഒളിമ്പിക്സിലെ വെള്ളി നേട്ടക്കാരി ലീഡ് 8-4, 11-4, 15-5ലേക്ക് ഉയർത്തി. ഇടക്ക് സൺ മാർജിൻ കുറച്ചെങ്കിലും ആദ്യ ഗെയിമിലെ ഫലം തിരുത്താനായില്ല. രണ്ടാം ഗെയിം സിന്ധുവിന് കൂടുതൽ എളുപ്പമായി. സമ്മർദത്തിലായ ചൈനക്കാരിക്ക് പിഴവുകൾ ആവർത്തിച്ചതോടെ സിന്ധുവിെൻറ ജയം വേഗത്തിലായി. 39 മിനിറ്റിലായിരുന്നു ക്വാർട്ടർ കടന്നത്. സെമിയിൽ, ഒമ്പതാം നമ്പറുകാരി ചെൻ യുഫിയാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.