സിന്ധു, ശ്രീകാന്ത് പ്രീക്വാർട്ടറിൽ; പ്രണോയ് പുറത്ത്
text_fieldsനാൻജിയാങ്: കഴിഞ്ഞ മൂന്നുതവണ നഷ്ടമായ കിരീടം ചൂടാനെത്തിയ പി.വി. സിന്ധുവിന് ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വപ്നത്തുടക്കം. രണ്ടാം റൗണ്ടിലേക്ക് നേരിട്ട് എൻട്രി നേടിയെത്തിയ സിന്ധു ആദ്യ അങ്കത്തിൽ ഇന്തോനേഷ്യക്കാരി ഫിട്രിയാനിയെ വീഴ്ത്തി പ്രീക്വാർട്ടറിലെത്തി.
കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവരും രണ്ടാം റൗണ്ട് കടന്ന് മുന്നേറി. അതേസമയം, പുരുഷ റാങ്കിങ്ങിൽ 11ാമതുള്ള മലയാളിതാരം എച്ച്.എസ്. പ്രണോയ് സീഡില്ലാതാരം ബ്രസീലിെൻറ യഗർ കൊയ്ലോ ഒലിവിയേരയോട് അട്ടിമറി തോൽവി വഴങ്ങി പുറത്തായി. പ്രതീക്ഷകളോടെ ലോക പോരാട്ടത്തിനിറങ്ങിയ പ്രണോയ് ആദ്യ ഗെയിം ജയിച്ചശേഷം തുടർച്ചയായി രണ്ടു ഗെയിമും കീഴടങ്ങിയാണ് പുറത്തായത്.
കഴിഞ്ഞതവണ വെള്ളി നേടിയ സിന്ധു, 21-14, 21-9 സ്കോറിനാണ് ഫിട്രിയാനിയെ തോൽപിച്ചത്. പ്രീക്വാർട്ടറിൽ കൊറിയയുടെ ഒമ്പതാം റാങ്കുകാരി സങ് ജി യുൻ ആണ് എതിരാളി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച സിന്ധു കോർട്ടിനെ പൂർണമായും വരുതിയിലാക്കിയപ്പോൾ, എതിരാളി തീർത്തും നിഷ്പ്രഭമായി. ഒരുഘട്ടത്തിൽപോലും ഇന്തോനേഷ്യൻ താരത്തിന് വെല്ലുവിളി ഉയർത്താനേ കഴിഞ്ഞില്ല.
തുടർച്ചയായി രണ്ടാം ദിവസവും ജയം തുടർന്നാണ് കെ. ശ്രീകാന്തിെൻറ പ്രീക്വാർട്ടർ പ്രവേശനം. സ്പെയിനിെൻറ പാേബ്ലാ അബിയാനെ (21-15, 12-21, 21-14) മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് കീഴടക്കിയത്. മലേഷ്യയുടെ ല്യൂ ഡാരനാണ് അടുത്ത എതിരാളി. സായ് പ്രണീത് നേരിട്ടുള്ള ഗെയിമിന് സ്പെയിനിെൻറ തന്നെ ലൂയി എൻറിക്വെ പെനൽവറിനെ തോൽപിച്ച് (21-18, 21-11) പ്രീക്വാർട്ടറിലെത്തി. ഡെന്മാർക്കിെൻറ ഹാൻസ് ക്രിസ്റ്റ്യൻ വിറ്റിങ്ഹസാണ് അടുത്ത എതിരാളി. മറ്റൊരു ഇന്ത്യൻ താരമായ സമീർ വർമ മുൻ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ ലിൻഡാനു മുന്നിൽ നേരിട്ടുള്ള ഗെയിമിന്കീഴടങ്ങി. സ്കോർ 17-21, 14-21.
ഡബ്ൾസിൽ ഇന്ത്യൻ പ്രതീക്ഷകളെല്ലാം അവസാനിച്ചു. കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ടീമായ സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം, അശ്വിനി പൊന്നപ്പ-എൻ.എസ്. റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിൽ പുറത്തായി. മിക്സഡ് ഡബ്ൾസിൽ റാങ്കിറെഡ്ഡി-പൊന്നപ്പ കൂട്ട് പ്രീക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.