ഏഷ്യൻ ഗെയിംസ്; ഗുസ്തിയിലൂടെ ആദ്യ സ്വർണ്ണമണിഞ്ഞ് ഇന്ത്യ
text_fieldsജകാർത്ത: വൻകരയുടെ കായിക ഉത്സവത്തിൽ ഇന്ത്യയെ ഗോദ ചതിച്ചില്ല. 18ാമത് ഏഷ്യൻ ഗെയിംസിെൻറ ആദ്യ ദിനത്തിൽ ഗുസ്തിയിലെ സ്വർണത്തിലൂടെ ഇന്ത്യക്കും തിളക്കം. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ബജ്റങ് പൂനിയയാണ് സ്വർണം നേടിയത്. മെഡൽ ഫേവറിറ്റുകളിൽ മുൻനിരയിലായിരുന്ന ഹരിയാനക്കാരൻ ഫൈനലിൽ ജപ്പാെൻറ ദായിചി തകതാനിയെ 11-8ന് തോൽപിച്ചാണ് ആദ്യ സ്വർണത്തിനുടമയായത്.
ഒളിമ്പിക്സിലെ ഇരട്ട മെഡലിനുടമയായ സുശീൽ കുമാർ ഉൾപ്പെടെയുള്ള താരങ്ങൾ ഗോദയിൽ നിറംമങ്ങിയപ്പോഴാണ്, കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിവരുന്ന ബജ്റങ് പൂനിയ ജകാർത്തയിൽ അഭിമാനമായത്. ഗുസ്തി 86 കിലോയിൽ പവൻ കുമാർ റെപാഷെ റൗണ്ടിലൂടെ വെങ്കല പോരാട്ടത്തിനും അർഹത നേടിയെങ്കിലും മെഡൽ മത്സരത്തിൽ തോറ്റു. മംഗോളിയയുടെ ഒർഗഡോൽ ഉടുമെൻ 1-8നാണ് പവൻ കുമാറിനെ മലർത്തിയടിച്ചത്. ഷൂട്ടിങ് റേഞ്ചിലെ ടീം ഇനത്തിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ പിറവി. 10 മീ. എയർ റൈഫിൾ മിക്സഡിൽ അപുർവി ചന്ദേല-രവികുമാർ സഖ്യം വെങ്കലമണിഞ്ഞു.
സുശീൽ വീണ്ടും നിരാശ
ഗുസ്തിയിൽ രണ്ട് ഒളിമ്പ്ക്സ് മെഡലിെൻറ അവകാശിയായ സുശീൽ കുമാറിെൻറ ഏഷ്യൻ ഗെയിംസ് സ്വർണമെന്ന സ്വപ്നം ആദ്യ റൗണ്ടിലേ പൊലിഞ്ഞു. 74 കിലോ വിഭാഗത്തിൽ മത്സരിച്ച വെറ്ററൻ താരത്തെ ബഹ്റൈെൻറ ആദം അൽദിനോവിച് ബതിറോവാണ് അനായാസം മലർത്തിയടിച്ചത്. ആദ്യ റൗണ്ടിൽ സുശീൽ 2-1ന് ലീഡ് ചെയ്തെങ്കിലും, ശക്തനായ തിരിച്ചെത്തിയ ബഹ്റൈൻ താരം ഇന്ത്യൻ കാണികളെ നിശ്ശബ്ദമാക്കി. 5-3െൻറ ജയവുമായി ബതിറോവ് മുന്നേറി. മറ്റു ഇന്ത്യൻ താരങ്ങളായ സന്ദീപ് തോമർ (57), മൗസം ഖത്രി (97) എന്നിവർ ക്വാർട്ടറിൽ പുറത്തായി.
വെങ്കലം തൊട്ട് ഷൂട്ടിങ്
രാജ്യത്തിെൻറ കണ്ണുകളെല്ലാം മനു ഭാകർ എന്ന കൗമാരക്കാരിയിലായിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മത്സരിക്കാനിറങ്ങിയ മനു ഭാകറും കൂട്ടുകാരൻ അഭിഷേക് വർമയും പക്ഷേ യോഗ്യത റൗണ്ട് കടന്നില്ല. കോമൺവെൽത്ത് ഗെയിംസിലും ലോകകപ്പിലും ഇൗ ഇനത്തിൽ വ്യക്തിഗത വിഭാഗം സ്വർണം ചൂടിയ മനു ഭാകർ പക്ഷേ, ടീം ഇനത്തിൽ പ്രതീക്ഷകൾക്കൊത്തുയർന്നില്ല. യോഗ്യത റൗണ്ടിൽ ആറാം സ്ഥാനക്കാരായവർ ഫൈനലിലെത്താതെ പുറത്തായി.
ഇതിനിടെയാണ് മിക്സഡ് ടീം 10 മീ. എയർ റൈഫിളിൽ നിനച്ചിരിക്കാതെ വെങ്കലമെത്തിയത്. അപൂർവി ചന്ദേലയും രവികുമാറും അണിനിരന്ന ഇന്ത്യൻ സഖ്യം യോഗ്യത റൗണ്ടിൽ ഉന്നം പിഴക്കാതെ സ്കോർ െചയ്തപ്പോൾ രണ്ടാം സ്ഥാനക്കാരായി. 835.3 പോയൻറാണ് ഇരുവരും യോഗ്യത റൗണ്ടിൽ വെടിവെച്ചു നേടിയത്. ദക്ഷിണ കൊറിയയായിരുന്നു ഒന്നാമത്. ഫൈനലിൽ പക്ഷേ, ഗെയിംസ് റെക്കോഡ് പ്രകടനവുമായി ചൈനീസ് തായ്പേയിയുടെ സഖ്യം ഒന്നാം സ്ഥാനത്തേക്ക് (494.1) കുതിച്ചു. ചൈന വെള്ളിയിലെത്തി (492.5). അപൂർവി-രവികുമാർ ടീം (429.9) വെങ്കലത്തിലൊതുങ്ങി. ദക്ഷിണ കൊറിയ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷൂട്ടിങ്ങിൽ കൂടുതൽ താരങ്ങൾ ഇന്നിറങ്ങും.
സജൻ അഞ്ചാമത്
ആദ്യ ദിനം മത്സരത്തിനിറങ്ങിയ മലയാളി നീന്തൽ താരം സജൻ പ്രകാശ് അഞ്ചാമത്. 200 മീ. ബട്ടർൈഫ്ല ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരനായിരുന്ന സജൻ ഫൈനലിൽ (1:57.75 മിനിറ്റ്) അഞ്ചാം സ്ഥാനത്തായി. ജപ്പാൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും.
ബാഡ്മിൻറണിൽ വിജയത്തുടക്കം
പുരുഷ വിഭാഗം ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ആദ്യ റൗണ്ടിൽ മാലദ്വീപിനെ 3-0ത്തിന് തോൽപിച്ചവർ അനായാസം ക്വാർട്ടർ ഫൈനലിൽ കടന്നു. സിംഗ്ൾസിൽ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, ബി. സായ് പ്രണീത് എന്നിവർ നേരിട്ടുള്ള ഗെയിമുകൾ ജയിച്ചാണ് ആദ്യ കടമ്പ കടന്നത്. ക്വാർട്ടറിൽ ആതിഥേയരും സൂപ്പർ പവറുകളുമായി ഇന്തോനേഷ്യയുമാണ് എതിരാളി.
ആദ്യ റൗണ്ടിൽ ബൈ നേടിയാണ് ഇന്തോനേഷ്യയുടെ മുന്നേറ്റം. ടോപ് സീഡ് താരങ്ങളായ ജൊനാഥൻ ക്രിസ്റ്റി, ആൻറണി സിസൂക ജിൻടിങ് എന്നിവർ സിംഗ്ൾസിലും, ഡബ്ൾസിലെ ഒന്നാം നമ്പറായ മാർകസ് ഫെർനാൾഡി-കെവിൻ സഞ്ജയ എന്നിവരുമാണ് ഇന്തോന്യേഷ്യയുടെ തുറുപ്പുശീട്ട്. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒരുമണിക്കാണ് ക്വാർട്ടർ. മറ്റൊരു ക്വാർട്ടറിൽ കൊറിയയും ജപ്പാനും ഏറ്റമുട്ടും.
ഹോക്കിയിൽ ജയം
ഹോക്കി വനിതകളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. പൂൾ ‘ബി’യിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയെ മറുപടിയില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യ തോൽപിച്ചത്.
മെഡൽ ഉറപ്പുള്ള കബഡിയിലും ഇന്ത്യ ജയത്തോടെ തന്നെ തുടങ്ങി.
ആദ്യ സ്വർണം ചൈനക്ക്
18ാമത് ഏഷ്യൻ ഗെയിംസിെൻറ ആദ്യ സ്വർണം പതിവുതെറ്റിക്കാതെ ചൈനക്ക്. വുഷുവിൽ സൺ പിയുവാനാണ് ഇന്തോനേഷ്യൻ മണ്ണിലെ ആദ്യ സ്വർണത്തിനുടമ. ആയോധന മത്സര ഇനത്തിൽ ചാങ്കുവാനിലാണ് സൺ പിയുവാൻ 9.75 പോയൻറുമായി സ്വർണം നേടിയത്. ആതിഥേയ താരം മാർവെലോ എഡ്ഗാറിനാണ് വെള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.