‘ഇന്ത്യൻ ജനതയുടെ ആത്മവീര്യം ഉയർത്താൻ നിങ്ങൾക്കാകും’ -കായിക താരങ്ങളോട് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ‘നിങ്ങൾ രാജ്യത്തിെൻറ യശസ്സ് ഉയർത്തിയവരാണ്. ഇന്ത്യൻ ജനതയുടെ ആത്മവീര്യം ഉയർത്താനും രാജ്യത്ത് നല്ല ചിന്ത വളർത്താനും നിങ്ങൾക്കാകും’ - പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ കായിക ലോകത്തോട് പറഞ്ഞ വാക്കുകളാണിത്.
കോവിഡ്-19 രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് ഇന്ത്യയിലെ മുൻനിര കായികതാരങ്ങളുമായി വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി ചർച്ച നടത്തിയത്. 49 കായികതാരങ്ങൾക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും പങ്കെടുത്തു. രോഗവ്യാപനത്തിെൻറയും ലോക്ക്ഡൗണിെൻറയും പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിെൻറ ഭാഗമായായിരുന്നു ചർച്ച. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളെ കായിക താരങ്ങൾ പ്രേരിപ്പിക്കണം.
സങ്കൽപ്, സന്യം, സകരാത്മകത, സമ്മാൻ, സഹയോഗ് എന്നീ അഞ്ചിന മന്ത്രവും മോദി കായിക താരങ്ങളമായി പങ്കുവെച്ചു. ‘കായിക താരങ്ങൾ നൽകുന്ന പ്രചോദനം ഇന്ത്യക്ക് പുത്തൻ ഉണർവ് നൽകും. ടീം ഇന്ത്യ ആയിട്ടാണ് കോവിഡ് 19നെ നമ്മൾ നേരിടുന്നത്. അതിന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ പോരാട്ട വീര്യം നമ്മൾ കാട്ടണം. സാമൂഹിക അകലം പാലിക്കൽ, വൃത്തി കാത്തുസൂക്ഷിക്കൽ തുടങ്ങിയ സന്ദേശം നിങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണം. അച്ചടക്കം, മനോബലം നേടൽ, രോഗപ്രതിരോധശേഷി നേടാൻ ആരോഗ്യം കാത്തുസൂക്ഷിക്കൽ എന്നിവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കണം. ഇതിനായി നിങ്ങളുടെ സമൂഹമാധ്യമ പേജുകൾ ഉപയോഗപ്പെടുത്തണം’- പ്രധാന മന്ത്രി പറഞ്ഞു.
കോവിഡ് 19നെതിരായുള്ള പോരാട്ടത്തിൽ മുൻ നിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും അംഗീകാരവും ആദരവും ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളെ കായിക താരങ്ങൾ അഭിനന്ദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, വീരേന്ദർ സെവാഗ്, എം.എസ്. ധോണി, രോഹിത് ശർമ, സഹീർ ഖാൻ, യുവരാജ് സിങ്, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ചേതേശ്വർ പൂജാര എന്നീ ക്രിക്കറ്റ് താരങ്ങൾ ചർച്ചയിൽ പങ്കെടുത്തു. മലയാളി അത്ലറ്റുകളായ പി.ടി. ഉഷ, അഞ്ജു ബോബി ജോർജ്, കെ.ടി. ഇർഫാൻ എന്നിവരും ചർച്ചയിൽ അണിനിരന്നു. വിശ്വനാഥ് ആനന്ദ് (ചെസ്), പി.വി. സിന്ധു, ഗോപിചന്ദ്, സായ് പ്രണീത് (ബാഡ്മിൻറൺ), ഹിമദാസ്, നീരജ് ചോപ്ര (അത്ലറ്റിക്സ്), മേരി കോം, സിമ്രൻജിത് കൗർ (ബോക്സിങ്), യോഗേശ്വർ ദത്ത്, വിനേഷ് ഫോഗട്ട്, ബജ്റങ് പുനിയ (ഗുസ്തി), റാണി റാംപാൽ, ശാരദ സിങ് (ഹോക്കി), ഗഗൻ നരംഗ്, മനു ഭാകർ, അപൂർവി ചന്ദേല, അഭിഷേക് വർമ (ഷൂട്ടിങ്), ദീപിക കുമാരി അമ്പെയ്ത്ത് ) തുടങ്ങിയവരും ചർച്ചയുടെ ഭാഗമായി. ഓരോ താരത്തിനും സംസാരിക്കാൻ നിശ്ചിത സമയം നൽകിയായിരുന്നു ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.