രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു
text_fieldsപെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ചൊവ്വാഴ്ച കളത്തിലിറങ്ങും. ഗ്രൂപ് ‘സി’യിലെ കേരളത്തിന്‍െറ അവസാന മത്സരത്തില്‍ ഹിമാചല്‍പ്രദേശാണ് എതിരാളികള്‍.
പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. പോയന്‍റ് പട്ടികയില്‍ 25 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് കേരളം. മൂന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡിനും ഹിമാചലിനും 24 പോയന്‍റ് വീതമുണ്ട്. 29 പോയന്‍റുള്ള സൗരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ ഉജ്ജ്വല ജയം നേടാനായതിന്‍െറ ആത്മവിശ്വാസത്തിലാണ് കേരളം പോരിനിറങ്ങുന്നത്. മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന്‍െറ ക്വാര്‍ട്ടര്‍ പ്രവേശം സുഗമമാകും. ഹൈദരാബാദിനെതിരെയാണ് ഝാര്‍ഖണ്ഡിന്‍െറ അടുത്ത മത്സരം.
സൗരാഷ്ട്ര ജമ്മു-കശ്മീരുമായും സര്‍വിസസ് ദുര്‍ബലരായ ത്രിപുരയുമായും ഏറ്റുമുട്ടും. സൗരാഷ്ട്രക്കെതിരെ ഉജ്ജ്വലഫോമില്‍ കളിച്ച ബൗളിങ് നിരയിലാണ് കേരളത്തിന്‍െറ പ്രതീക്ഷ. ഏഴ് മത്സരങ്ങളില്‍ നിന്നായി 42 വിക്കറ്റ് കൊയ്ത എസ്.കെ. മോനിഷും സന്ദീപ് വാര്യരും ഫോമിലാണ്.
നായകന്‍ സഞ്ജു വി. സാംസണ്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും ബാറ്റിങ് നിരയില്‍ രോഹന്‍ പ്രേം, ഫാബിദ് അഹമ്മദ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, അക്ഷയ് കോടോത്ത്, സച്ചിന്‍ ബേബി തുടങ്ങിയവര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ ജയം കൈപ്പിടിയിലൊതുക്കാനാവും. ഹിമാചല്‍പ്രദേശിനെ ബിപുല്‍ ശര്‍മ നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.