ദക്ഷിണാഫ്രിക്ക 121ന് പുറത്ത്; ഇന്ത്യക്ക് 213 റൺസ് ലീഡ്
text_fieldsന്യൂഡൽഹി: രവീന്ദ്ര ജദേജ ഒരു തവണ കൂടി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം. ദക്ഷിണാഫ്രിക്കൻ ടീമിനെ 121 റൺസിൽ ചുരുട്ടിക്കെട്ടിയ ഇന്ത്യക്ക് 213 റൺസിൻെറ ഒന്നാം ഇന്നിങ്സ് ലീഡായി. ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ എബി ഡിവിലിയേഴ്സ് ഒറ്റക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
പത്ത് ഓവറിൽ 30 റൺസ് വഴങ്ങിയാണ് ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഉമേഷ് യാദവും ആർ. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റൺസെടുത്ത ഡിവിലിയേഴ്സിനെയും പുറത്താക്കിയത് ജദേജയാണ്. കൂറ്റനടിക്ക് മുതിർന്ന എബിയെ ബൗണ്ടറി ലൈനിൽ ഇഷാന്ത് ശർമ ഗംഭീരമായി പിടികൂടുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കുവേണ്ടി ഓപണർമാരായ ഡീൻ എൽഗർ 17ഉം ബാവുമ 22ഉം റൺസ് സ്കോർ ചെയ്തു. ക്യാപ്റ്റൻ ഹാഷിം ആംല മൂന്ന് റൺസെടുത്ത് പുറത്തായി. ഫഫ് ഡൂപ്ലെസി റൺസെടുക്കാതെ പുറത്തായി. മോശം ഷോട്ടിന് മുതിർന്ന ഡുപ്ലെസിയെ ലെഗിൽ രഹാനെ പിടികൂടുകയായിരുന്നു.
നേരത്തെ ആദ്യ ഇന്നിങ്സിൽ 334 റൺസിന് ഇന്ത്യ പുറത്തായി. 231ന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് ആരംഭിച്ചത്. 127 റൺസെടുത്ത അജിൻക്യ രഹാനെയും 56 റൺസെടുത്ത അശ്വിനുമാണ് ഇന്ത്യൻ ബാറ്റിങ്ങിനെ നയിച്ചത്. തൻെറ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് രഹാനെ നേടിയത്. രഹാനെ ഇന്ത്യയിൽ നേടുന്ന ആദ്യ സെഞ്ച്വറിയുമാണിത്.
ദക്ഷിണാഫ്രിക്കക്കുവേണ്ടി കൈൽ ആബട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഡെയ്ൻ പിയറ്റ് നാല് വിക്കറ്റും ഇമ്രാൻ താഹിർ ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.