താരപോരാട്ടം: സചിനെ വീഴ്ത്തി വോണ്‍
text_fieldsന്യൂയോര്‍ക്: ക്രിക്കറ്റ് ലോകം ഒന്നാകെ സിറ്റിഫീല്‍ഡിലെ 22 വാരയിലേക്ക് ചുരുങ്ങിയ ദിനത്തില്‍ മുന്‍താരങ്ങളുടെ ഓള്‍ സ്റ്റാര്‍ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സചിന്‍െറ ബ്ളാസ്റ്റേഴ്സിനെ വോണിന്‍െറ വാരിയേഴ്സ് ആറ് വിക്കറ്റിന് തറപറ്റിച്ചു. സുവര്‍ണകാലത്തിന്‍െറ ഓര്‍മകളിലേക്ക് ആരാധകരെ വീണ്ടും നയിച്ച താരക്കൂട്ടം റണ്‍സുകളായും വിക്കറ്റുകളായും അവര്‍ക്ക് വിരുന്നൊരുക്കി. സചിന്‍സ് ബ്ളാസ്റ്റേഴ്സ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 140 റണ്‍സ് ലക്ഷ്യം 16 പന്തുകള്‍ ശേഷിക്കെയാണ് വാരിയേഴ്സ് മറികടന്നത്.
തട്ടുപൊളിപ്പന്‍ ബാറ്റിങ്ങുമായി വീരേന്ദര്‍ സെവാഗ് സ്വന്തമാക്കിയ അര്‍ധശതകത്തിന്‍െറയും(55) സചിന്‍ ടെണ്ടുല്‍കറുടെയും(26) ബലത്തില്‍ ലക്ഷ്യമൊരുക്കിയ ബ്ളാസ്റ്റേഴ്സിനെ റിക്കി പോണ്ടിങ്ങിന്‍െറയും (48*) കുമാര്‍ സംഗക്കാരയുടെയും (41) ജോണ്ടി റോഡ്സിന്‍െറയും(20*) തകര്‍പ്പന്‍ ബാറ്റിങ്ങിന്‍െറ മികവിലാണ് വോണിന്‍െറ സംഘം തോല്‍പിച്ചത്. സചിന്‍െറയും ലാറയുടേതുമടക്കം ബ്ളാസ്റ്റേഴ്സിന്‍െറ മൂന്ന് വിക്കറ്റുകള്‍ കൊയ്ത വോണാണ് കളിയിലെ താരം.
ടോസ് നേടി എതിര്‍നിരയെ ബാറ്റിങ്ങിനയച്ച വോണിന്‍െറ നെഞ്ചിടിപ്പേറ്റിയ പ്രകടനമായിരുന്നു സെവാഗ് പുറത്തെടുത്തത്. ഗാലറിയില്‍ നിറഞ്ഞ ആരാധകരെ കോരിത്തരിപ്പിച്ച് സചിന്‍-സെവാഗ് ഓപണിങ് ജോടി അരങ്ങുവാണു.
എട്ടാം ഓവറില്‍ വോണ്‍ തന്നെ എത്തിയതോടെയാണ് കഥ മാറിയത്. വോണിനെ സിക്സിന് പറത്തി 20ാം പന്തില്‍ സെവാഗ് അര്‍ധശതകം തികച്ചു. എന്നാല്‍, ആ ഓവറിലെ അവസാനപന്തില്‍ ആരാധകരെ മുഴുവന്‍ നിശബ്ദമാക്കി സചിന്‍ പുറത്തായി. പ്രശസ്തമായ സചിന്‍-വോണ്‍ പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി വോണ്‍ ജയിച്ചു. 27 പന്ത് നേരിട്ട് രണ്ട് ഫോറും ഒരും സിക്സും സചിന്‍ പറത്തി. തൊട്ടടുത്ത ഓവറില്‍ ഡാനിയല്‍ വെറ്റോറിയെ നേരിട്ട സെവാഗിന് പിഴച്ചു. 22 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സുമായി 55 റണ്‍സ് കുറിച്ച സെവാഗ് ബൗള്‍ഡായി തിരിച്ചുകയറി. മഹേല ജയവര്‍ധനെ(18), കാള്‍ കൂപ്പര്‍ (11), ഷോണ്‍ പൊള്ളോക് (11) എന്നിവരാണ് പിന്നീട് സ്കോര്‍ നീക്കിയത്. ആന്‍ഡ്രു സിമണ്‍സ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ മാത്യു ഹെയ്ഡനെ (4) ഷൊയബ് അക്തറിന് മുന്നിലും കല്ലിസിനെ (13) റണ്ണൗട്ടിലും നഷ്ടമായതോടെ പ്രതിസന്ധിയിലായ വാരിയേഴ്സിനെ പോണ്ടിങ്-സംഗക്കാര കൂട്ടുകെട്ടാണ് താങ്ങിയത്. സംഗക്കാര വീണിട്ടും പോണ്ടിങ് പോരാട്ടം തുടര്‍ന്നു. 38 പന്തില്‍ മൂന്നുവീതം ഫോറും സിക്സുമടിച്ചാണ് പോണ്ടിങ് 48 റണ്‍സെടുത്തത്. നവംബര്‍ 11ന് ഹൂസ്റ്റണിലാണ് പരമ്പരയിലെ രണ്ടാംമത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.