വാരിക്കുഴിയെ പേടിച്ച് ദക്ഷിണാഫ്രിക്ക
text_fieldsബംഗളൂരു: തിരിച്ചുവരവ് കൊതിച്ച് ദക്ഷിണാഫ്രിക്കയും പിടിമുറുക്കാനുറച്ച് ഇന്ത്യയും രണ്ടാം ടെസ്റ്റിനായി ശനിയാഴ്ച കളത്തിലിറങ്ങും. ചിന്നസ്വാമിയിലെ പിച്ചിനെ പേടിക്കേണ്ടതിനൊപ്പം പരിക്കിന്‍െറ രൂപത്തിലും സന്ദര്‍ശകര്‍ക്ക് തലവേദനയുമായാണ് രണ്ടാം അങ്കം തുടങ്ങുന്നത്.
ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍കൂടി ഇടം കിട്ടിയാല്‍ ശിഖര്‍ ധവാന് ആശ്വസിക്കാം. ആദ്യ ടെസ്റ്റിന്‍െറ രണ്ടിന്നിങ്സിലും വട്ടപ്പൂജ്യത്തിന് പുറത്താക്കിയ വെര്‍നണ്‍ ഫിലാണ്ടറിനെ വീണ്ടും ധവാന് നേരിടേണ്ടിവരില്ല. ബംഗളൂരുവില്‍ പരിശീലനത്തിനിടെ ഇടത്തേ കണങ്കാലിന് പരിക്കേറ്റ ഫിലാണ്ടര്‍ക്ക് ആറാഴ്ചത്തെ വിശ്രമം വിധിച്ചതോടെ പരമ്പര തന്നെ നഷ്ടമാകും. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായ ഡെയ്ല്‍ സ്റ്റെയിനും കളിക്കുന്ന കാര്യം സംശയത്തിലാണ്. ഫിലാണ്ടര്‍ക്കു പകരം കെയ്ല്‍ അബോട്ടിനെ തിരികെ വിളിച്ചിട്ടുണ്ട്.
മറുവശത്ത് ശ്രീലങ്കന്‍ പര്യടനത്തിലെ മോശമായ പെരുമാറ്റത്തിന് സസ്പെന്‍ഷനിലായ ഇശാന്ത് ശര്‍മ ഒരു ടെസ്റ്റിലെ വിലക്കിനു ശേഷം കളിക്കാനിറങ്ങുന്നു എന്നത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഉമേഷ് യാദവിന് പകരം ഇശാന്തായിരിക്കും ഇന്ത്യന്‍ ബൗളിങ് നിരയിലത്തെുക. സസ്പെന്‍ഷന്‍ കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു ഇശാന്ത് കാഴ്ചവെച്ചത്. എന്നാലും, ആദ്യ പന്തെറിയാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇശാന്തിനെതന്നെ നിയോഗിക്കുമോ എന്ന് കണ്ടറിയണം.
ജയം നേടി 1-0ത്തിന് പരമ്പരയില്‍ മുന്നിലത്തെിയ മൊഹാലിയില്‍ സ്പിന്നിനായി ഒരുക്കിയ ചതിക്കുഴിയില്‍ ആദ്യ പന്തെറിയാന്‍ ഏല്‍പിച്ചത് ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെയായിരുന്നു. വരുണ്‍ ആരോണിനും ഉമേഷ് യാദവിനും കൂടി രണ്ടിന്നിങ്സിലുമായി ആകെ എറിയാന്‍ കിട്ടിയത് വെറും 20 ഓവര്‍. ഏതാണ്ട് സമാനമായ സാഹചര്യമായിരിക്കും സ്പിന്നിനെ തുണക്കുന്നതില്‍ മൊഹാലിയെക്കാള്‍ പേരുകേട്ട ചിന്നസ്വാമി സ്റ്റേഡിയത്തിലും സംഭവിക്കുക. ദക്ഷിണാഫ്രിക്കയെ അലട്ടുന്നതും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി തീര്‍ത്ത ചിന്നസ്വാമിയിലെ വാരിക്കുഴി തന്നെയാണ്. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സിന്‍െറ നൂറാം ടെസ്റ്റാണ് ബംഗളൂരുവില്‍. കൂറ്റന്‍ സ്കോര്‍ പിറക്കാതെ പോയ, മൂന്നു ദിവസം കൊണ്ട് വിധിപറഞ്ഞ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത് ഡിവില്ലിയേഴ്സ് മാത്രമായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയും ഉജ്ജ്വല ഫോമിലൊന്നുമല്ല. ധവാന്‍ രണ്ടിന്നിങ്സിലും പരാജയമായിരുന്നു. മുരളി വിജയും ചേതേശ്വര്‍ പൂജാരയും മാത്രമാണ് മെച്ചപ്പെട്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മുട്ടിടിക്കുന്ന ധവാനു പകരം ലോകേഷ് രാഹുല്‍ കളിക്കുമോ എന്ന് ഒടുവില്‍ അറിയാം. രണ്ടിന്നിങ്സിലും ഭേദപ്പെട്ട പ്രകടനമാണ് മുരളി വിജയ് കാഴ്ചവെച്ചത് എന്നതാണ് ഇന്ത്യക്ക് ആശ്വാസമേകുന്നത്. അജിന്‍ക്യ രഹാനെ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ എന്നിവരും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലും വിജയം ആവര്‍ത്തിക്കാനാവും. പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിങ് മന്നിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
ഏത് ദിശയിലേക്കും കുത്തിത്തിരിയുന്ന സ്പിന്‍ പിച്ചില്‍ ദീര്‍ഘ ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ഫാഫ് ഡുപ്ളെസിസ്, ഹാഷിം ആംല തുടങ്ങിയ പ്രതിഭാശാലികള്‍പോലും വിയര്‍ക്കുന്ന കാഴ്ചയാണ് മൊഹാലിയില്‍ കണ്ടത്. അതിന്‍െറ ആവര്‍ത്തനം പോലെ ഇന്ത്യയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ ഇടറി വീഴുമോ എന്നതിനെ ആശ്രയിച്ചിരിക്കും രണ്ടാം ടെസ്റ്റിന്‍െറ ജയപരാജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.