രഞ്ജി ട്രോഫി: കേരളത്തിന് നാടകീയ ജയം
text_fieldsപെരിന്തല്‍മണ്ണ: കെ.എസ്. മോനിഷിന്‍െറ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്കു മുന്നില്‍ വട്ടംചുറ്റി വീണ സൗരാഷ്ട്രയെ 45 റണ്‍സിന് തോല്‍പിച്ച കേരളത്തിന് രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഇതോടെ 25 പോയന്‍റുമായി ഗ്രൂപ് സിയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന കേരളം ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു. തോറ്റെങ്കിലും 29 പോയന്‍റുമായി സൗരാഷ്ട്ര തന്നെയാണ് മുന്നില്‍. ജയിക്കാന്‍ രണ്ടാം ഇന്നിങ്സില്‍ 115 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൗരാഷ്ട്രയെ ആതിഥേയര്‍ വെറും 69 റണ്‍സില്‍ ചുരുട്ടിക്കൂട്ടി. 46 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടങ്കൈയന്‍ സ്പിന്നര്‍ മൊത്തം 11 വിക്കറ്റുമായി കളിയിലെ കേമനുമായി. സ്കോര്‍: കേരളം 166, 105. സൗരാഷ്ട്ര:157, 69.
ഡിസംബര്‍ ഒന്നിന് പെരിന്തല്‍മണ്ണയില്‍ തുടങ്ങുന്ന അവസാന മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെ തോല്‍പിച്ചാല്‍ കേരളത്തിന്‍െറ ക്വാര്‍ട്ടര്‍ പ്രവേശം സുഗമമാകും. മൂന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡിനൊപ്പം ഹിമാചലിനും 24 പോയന്‍റുണ്ട്. ഹൈദരാബാദിനെതിരെയാണ് ഝാര്‍ഖണ്ഡിന്‍െറ അടുത്ത മത്സരം. സൗരാഷ്ട്രക്ക് ജമ്മു-കശ്മീരാണ് എതിരാളി. 20 പോയന്‍റുള്ള സര്‍വീസസ് ദുര്‍ബലരായ ത്രിപുരയുമായും കളിക്കും. ഈ മത്സരഫലങ്ങളെ ആശ്രയിച്ചാകും ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകള്‍ യോഗ്യത നേടുക.
ഒന്നിന് 16 റണ്‍സ് എന്ന നിലയില്‍ ബുധനാഴ്ച കളി തുടര്‍ന്ന സൗരാഷ്ട്രയുടെ അവി ബരോട്ടിനെ ആദ്യ പന്തില്‍ പുറത്താക്കി പ്രഹരമേല്‍പിച്ച സന്ദീപ് വാര്യര്‍ തൊട്ടുപിന്നാലെ 100ാം രഞ്ജി മത്സരം കളിക്കുന്ന ക്യാപ്റ്റന്‍ ജയദേവ് ഷായെ പറഞ്ഞയച്ച് വിജയത്തിലേക്കുള്ള പാത തുറന്നു. പിന്നീടങ്ങോട്ട് മോനിഷിന്‍െറ സംഹാരതാണ്ഡവമായിരുന്നു. സൗരാഷ്ട്രയുടെ ഒമ്പത് ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടക്കം കാണാനായില്ല. സന്ദീപ് വാര്യരും അക്ഷയ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതവും രോഹന്‍ പ്രേം ഒരു വിക്കറ്റും നേടി വിജയത്തില്‍ പങ്കാളികളായി.
ബൗളര്‍മാരെ തുണച്ച വിക്കറ്റില്‍ മോനിഷും സന്ദീപുമടക്കമുള്ളവര്‍ മികവുകാട്ടിയതിന്‍െറ ഫലമാണ് ഈ വിജയമെന്ന് കോച്ച് ബാലചന്ദ്രന്‍ പറഞ്ഞു. ഫീല്‍ഡിങ്ങിലും ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ വിക്കറ്റില്‍ രണ്ടാം ഇന്നിങ്സില്‍ എളുപ്പം പുറത്തായത് ബൗളര്‍മാരുടെ ദൗത്യം കൂടുതല്‍ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവുമായി അടുത്ത മത്സരത്തിലും വിജയത്തിനായി കളിക്കും -ബാലചന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.