പ്രസിഡന്റ്സ് ഇലവന് ഭേദപ്പെട്ട സ്കോര്‍
text_fields
മുംബൈ: ഒരാഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയുടെ കൈയില്‍നിന്ന് കണക്കിന് കിട്ടി ഇന്ത്യന്‍ ടീം നടുവൊടിഞ്ഞ അതേ മുംബൈ. സീനിയര്‍ താരങ്ങള്‍ തളര്‍ന്നിരുന്ന അതേ നഗരം, ജൂനിയര്‍ താരങ്ങളുടെ മിന്നലാട്ടങ്ങള്ക്കും സാക്ഷിയായി. ദക്ഷിണാഫ്രിക്കക്കെതിരായ ദ്വിദിന മത്സരത്തില്‍ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ഭേദപ്പെട്ട പ്രകടനത്തോടെ ഒന്നാം ദിവസം സ്വന്തമാക്കി. 296 റണ്‍സ് നേടി പുറത്തായ പ്രസിഡന്റ്സ് ഇലവന് കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി ബാറ്റുമായി ഇറങ്ങിയ പ്രസിഡന്റ്സ് ഇലവനെ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിര ഞെട്ടിച്ചുകളഞ്ഞു. നാലു റണ്‍സെടുത്ത ഓപണര്‍ ഉന്മുക്ത് ചന്ദിനെ ഹാഷിം അംലയുടെ കൈയിലത്തെിച്ച് ഡെയില്‍ സ്റ്റെയിന് ആക്രമണം തുടങ്ങി. വെര്‍നോന്‍ ഫിലാണ്ടറും ഒപ്പംകൂടിയപ്പോള്‍ 27 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നുപേര്‍ പവിലിയനില്‍ തിരികെയത്തെി. ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര അഞ്ചു റണ്‍സിനും ശ്രേയസ് അയ്യര്‍ ഒമ്പതു റണ്‍സിനും പുറത്തായി. തുടര്‍ന്നായിരുന്നു ഇന്ത്യ കാത്തിരുന്ന ചെറുത്തുനില്പ്. വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ നിന്ന ലോകേഷ് രാഹുലിന് കൂട്ടായി കരുണ്‍ നായരെ കിട്ടിയപ്പോള്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നു. 132ലാണ് നാലാം വിക്കറ്റ് വീണത്. 44 റണ്‍സുമായി കരുണ്‍ നായര്‍ പുറത്ത്. വൈകാതെ 72 റണ്‍സ് നേടിയ ലോകേഷും പുറത്തായി. യുവപോരാട്ടം തുടരുന്ന കാഴ്ചയാണ് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ പിന്നെ കണ്ടത്. 52 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമാന്‍ ഓജയും 47 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും 22 റണ്‍സുമായി ജയന്ത് യാദവും പിടിച്ചുനിന്നപ്പോള്‍ സ്കോര്‍ 296ല്‍ എത്തി. നവംബര്‍ അഞ്ചിന് മൊഹാലിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിലേക്ക് വഴിതേടുന്ന യുവതാരങ്ങള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ കൂടിയാണ് ഈ മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കും അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടി. 46 റണ്‍സെടുത്തപ്പോഴേക്കും ഓപണര്‍ സ്റ്റിയാന്‍ വാന്‍ സൈലിനെയും (18) സൈമണ്‍ ഹാര്‍മറിനെയും (നാല്) പുറത്താക്കാന്‍ ഇന്ത്യന്‍ യുവനിരക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.