ചാമ്പ്യന്‍സ് ഫൈനല്‍
text_fieldsകൊല്‍ക്കത്ത: ആരു ജയിച്ചാലും ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായൊരു ഡബ്ള്‍ ചാമ്പ്യന്‍ ഇന്ന് പിറക്കും. ഓരോ കിരീടവുമായി ഇതിനകം ട്വന്‍റി20യില്‍ തങ്ങളുടെ സുവര്‍ണ താളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇംഗ്ളണ്ടാകുമോ വെസ്റ്റിന്‍ഡീസാകുമോ ചാമ്പ്യന്മാരിലെ ചാമ്പ്യന്‍ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത്തവണത്തെ ഫേവറിറ്റ് പ്രവചനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി കലാശക്കൊട്ടിനിറങ്ങുന്നവരാണ് ഇരുകൂട്ടരും. വമ്പന്മാരെ മുഴുവന്‍ വീഴ്ത്തി അപ്രതീക്ഷിതമായി കുതിച്ച രണ്ടു ടീമുകളുടെ ഫൈനല്‍. അട്ടിമറികളും തട്ടുപൊളിപ്പന്‍ ആവേശപ്പോരാട്ടങ്ങളുമായി കുതിച്ച ഇംഗ്ളണ്ടും വിന്‍ഡീസും ഈഡന്‍ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് അവിസ്മരണീയമായൊരു ഏറ്റുമുട്ടലിനാണ്.
രണ്ടു ദിവസം മുമ്പുവരെ ഇവരെ കിരീടാവകാശികളായി കണ്ടവര്‍ ചുരുക്കം. എന്നാല്‍, അപ്രവചനീയതയെ ക്രിക്കറ്റ് വീണ്ടും മുറുകെപ്പിടിച്ചപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും പോലുള്ള വീരന്മാര്‍ പാതിവഴിയില്‍ വീണുടഞ്ഞു.
അവിസ്മരണീയ കുതിപ്പുകള്‍
സൂപ്പര്‍ ടെന്നിലെ ഒന്നാം ഗ്രൂപ്പിലെ ആദ്യ മത്സരത്തിന്‍െറ ആവര്‍ത്തനമാണ് ഞായറാഴ്ച നടക്കുക. മുംബൈയില്‍ മാര്‍ച്ച് 16ന് നടന്ന പോരില്‍ ക്രിസ് ഗെയില്‍ താണ്ഡവവുമായി ആറു വിക്കറ്റിന് ജയം വെസ്റ്റിന്‍ഡീസിനൊപ്പം നിന്നു.
സെമിപോലും കാണില്ളെന്നു കരുതിയ ഒരു ടീമിന്‍െറ തോല്‍വിയായി മാത്രമേ അതിനെ എല്ലാവരും കണക്കാക്കിയുള്ളൂ. ആ വീഴ്ചയില്‍നിന്ന് കരകയറിയ ഇംഗ്ളണ്ട് പിന്നീട് നടത്തിയ ആവേശക്കുതിപ്പാണ് ഇന്നത്തെ ഫൈനലില്‍ എത്തിനില്‍ക്കുന്നത്. അതില്‍ ദക്ഷിണാഫ്രിക്കയുടെ 230 റണ്‍സ് പിന്തുടര്‍ന്ന് കീഴടക്കിയ തട്ടുപൊളിപ്പന്‍ അടി മുതല്‍ ശ്രീലങ്കയെ 10 റണ്‍സ് അകലെ പിടിച്ചുനിര്‍ത്തിയ വെല്ലുവിളി നിറഞ്ഞ പ്രതിരോധം വരെ ഉള്‍പ്പെടുന്നു. ഒരു തോല്‍വിപോലും അറിയാതെ സെമി വരെ കുതിച്ച ന്യൂസിലന്‍ഡിനെതിരെ നേടിയ ഏഴു വിക്കറ്റിന്‍െറ ആധികാരിക ജയം ഇംഗ്ളണ്ടിന്‍െറ ആയുധപ്പുരയെ കൂടുതല്‍ അപകടകരമാക്കിത്തീര്‍ത്തിട്ടുണ്ട്.
മറുവശത്ത് കടുത്ത ആരാധകര്‍ക്കുപോലും പ്രതീക്ഷയില്ലാതെയാണ് വിന്‍ഡീസ് ടൂര്‍ണമെന്‍റിനായി ഇന്ത്യയില്‍ കാലുകുത്തിയത്. ഒരു ട്വന്‍റി20 മത്സരംപോലും ഈ ടൂര്‍ണമെന്‍റിനുമുമ്പ് ഈ വര്‍ഷം അവര്‍ കളിച്ചിരുന്നില്ല. സുനില്‍ നരെയ്ന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങിയ വിശ്വസ്തരുടെ അഭാവവും കൂടിച്ചേര്‍ന്നതോടെ ചടങ്ങു മാത്രമായി വിന്‍ഡീസ് പങ്കാളിത്തം ഒതുങ്ങുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റുപറയാനാകില്ല.
ഗെയില്‍ കൊടുങ്കാറ്റില്‍ മാത്രമായിരുന്നു അല്‍പമെങ്കിലും പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ സെഞ്ച്വറിയുമായി ഗെയില്‍ മുന്നില്‍നിന്ന് നയിച്ചപ്പോഴും വിന്‍ഡീസിന്‍െറ മുന്നേറ്റം വലിയ ചര്‍ച്ചാവിഷയമായില്ല. എന്നാല്‍, ഗെയില്‍ മാത്രമല്ല തങ്ങളെന്ന് നിരീക്ഷകരെക്കൊണ്ട് പറയിപ്പിച്ച് ഡാരന്‍ സമിയും സംഘവും കുതിച്ചു. ആതിഥേയരുടെ ഹൃദയം തകര്‍ത്ത് ‘ഒന്നാം നമ്പര്‍’ കിരീടാവകാശികളായിരുന്ന ഇന്ത്യയെ സെമിയില്‍ മുട്ടികുത്തിച്ചപ്പോഴേക്കും ആ ടീം സ്പിരിറ്റിന് സബാഷ് പറയാന്‍ കാഴ്ചക്കാര്‍ പഠിച്ചു.
ഫൈനല്‍ പ്രതീക്ഷ
ട്വന്‍റി20 ലോകകപ്പ് ചരിത്രത്തില്‍ വിന്‍ഡീസിനോട് ജയിക്കാനായിട്ടില്ല എന്ന കണക്ക് വെല്ലുവിളിയായി ഓയിന്‍ മോര്‍ഗന്‍െറ സംഘത്തിനു മുന്നിലുണ്ട്. ഇത്തവണത്തെ സൂപ്പര്‍ ടെന്നിലെ മത്സരമുള്‍പ്പെടെ അഞ്ചു തവണയാണ് ഇംഗ്ളീഷ് പട കരീബിയന്‍ കരുത്തിനു മുന്നില്‍ കവാത്തുമറന്നത്.
ഫൈനല്‍ വരെയത്തെിച്ച ഇലവനില്‍ മാറ്റംവരുത്തേണ്ട ഒരു കാര്യവും ഇരുപക്ഷത്തിനുമില്ല. ഈഡനിലെ പിച്ച് സ്പിന്നിനൊപ്പം നിന്നാലും പേസിനൊപ്പം നിന്നാലും മുതലെടുക്കാനുള്ള ആള്‍ബലം രണ്ടു കൂട്ടര്‍ക്കുമുണ്ട്. ഏതാനും കളിക്കാര്‍ക്ക് ചെറിയ ആരോഗ്യപ്രശ്നമുണ്ടായിരുന്നത് മാറി പരിശീലനത്തിനിറങ്ങിയത് ഇംഗ്ളണ്ടിന് ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണ്. വിന്‍ഡീസിന്‍െറ ബാറ്റിങ് മികവ് മുന്‍നിര്‍ത്തി ബൗളിങ്ങിനാണ് ഇംഗ്ളീഷ് താരങ്ങള്‍ പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കിയത്. മൂടിയിട്ടിരുന്ന ഈഡന്‍ പിച്ചിലെ പച്ചപ്പ് ഓയിന്‍ മോര്‍ഗനെ ഇതിനകം സന്തോഷിപ്പിച്ചുകഴിഞ്ഞു. സ്കോര്‍ പിന്തുടരുന്ന ടീമിന് മേല്‍ക്കൈ ലഭിക്കാനാണ് സാധ്യത. കളി പുരോഗമിക്കുന്തോറും മഞ്ഞിന്‍െറ സാന്നിധ്യവും നിര്‍ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.