ഇനി ഒരുമിച്ച് കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയില്ല -സമ്മിയുടെ വികാരനിർഭര പ്രസംഗം
text_fieldsകൊൽക്കത്ത: ഒരു മാസം മുമ്പ് വിൻഡീസ് ലോക ട്വൻറി20 കളിക്കുമെന്ന് പോലും ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ഇനി കളിച്ചാൽ തന്നെ അവർ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്പെഷ്യലിസ്റ്റ് ട്വൻറി20 താരങ്ങളായ കീരോൺ പൊള്ളാർഡ്, സുനിൽ നരെയ്ൻ, ഡ്വെയ്ൻ സ്മിത്ത് എന്നിവർ പുറത്താവുകയും ചെയ്തു.
എന്നാൽ ക്രിക്കറ്റ് ബോർഡിന് വേണ്ടാത്ത വിൻഡീസ് ടീം ഇപ്പോൾ ലോക ചാമ്പ്യൻമാരായിരിക്കുകയാണ്. ഓരോ ദിവസവും ഒരു കളിക്കാരൻ ടീമിൻെറ ഉത്തരവാദിത്തം ചുമലിലേറ്റി വിൻഡീസിനെ വിജയത്തിലേക്കെത്തിച്ചു. മികച്ച സ്കോറുകൾ പിന്തുടർന്ന് അവർ ജയിച്ചു. ടീമിൻെറ മികച്ച പ്രകടനത്തിന് പിന്നിലെ ഊർജ്ജങ്ങളിലൊന്ന് തീർച്ചയായും ഡാരൻ സമ്മി എന്ന ക്യാപ്റ്റൻ തന്നെയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീർത്തില്ലെങ്കിലും ടീമംഗങ്ങളെ ഒത്തുചേർത്ത് കൊണ്ടുപോകാൻ സമ്മിക്ക് സാധിച്ചു. നിർണായക ഘട്ടത്തിൽ സമ്മി മികച്ച തീരുമാനങ്ങളെടുത്തു. എന്നാൽ തങ്ങളെ പിന്തുണക്കാത്ത ക്രിക്കറ്റ് ബോർഡിൻെറ നിലപാടിൽ ഏറെ നിരാശനാണ് സമ്മി. അത് അദ്ദേഹം പറയുകയും ചെയ്തു. ഫൈനൽ മത്സരത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ ടീം നേരിട്ട പരിമിതികളായിരുന്നു സമ്മിക്ക് പറയാനുണ്ടായിരുന്നത്.
സമ്മിയുടെ പ്രസംഗത്തിൽ നിന്ന്
ആദ്യം തന്നെ സർവശക്തന് നന്ദി പറയുന്നു. അവനില്ലാതെ ഒരു കാര്യവും സാധ്യമാകില്ല. ഞങ്ങളുടെ ടീമിൽ ഒരു പാസ്റ്ററുണ്ട്, ആന്ദ്രെ ഫ്ലച്ചർ. അദ്ദേഹം എപ്പോഴും പ്രാർഥിക്കുമായിരുന്നു. ഞങ്ങൾ എപ്പോഴും പ്രാർഥിക്കുന്ന ടീമാണ്. ഈ വിജയത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഈ വിജയം ഞങ്ങൾ ഏറെക്കാലം മനസ്സിൽ താലോലിക്കും.
ഞങ്ങളുടെ ടീമിൽ 15 മാച്ച് വിന്നർമാരാണുള്ളത്. ഓരോരുത്തർ ഓരോ ദിവസവും ഉത്തരവാദിത്തം ഏറ്റെടുത്തു. തൻെറ അരങ്ങേറ്റ ലോകകപ്പിൽ തന്നെ മികച്ച പ്രകടനമാണ് ബ്രാത്ത് വെയിറ്റ് കാഴ്ചവെച്ചത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ക്രിക്കറ്റിൽ ഏറെ പ്രതീക്ഷയുള്ളവരാണ് കരീബിയൻസ്. ട്വൻറി20യിലെ മികവ് ഏകദിനത്തിലും ടെസ്റ്റിലും തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാവർക്കും അറിയാം എങ്ങനെയാണ് തങ്ങൾ ഈ ടൂർണമെൻറിന് എത്തിയതെന്ന്. ഞങ്ങൾക്ക് ടൂർണമെൻറിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നുവരെ സംശയിച്ചവരുണ്ട്. ഞങ്ങൾ പല പ്രശ്നങ്ങളും നേരിട്ടു. ഞങ്ങളുടെ ക്രിക്കറ്റ് ബോർഡിന് ടീമിനോട് താത്പര്യമില്ല. മുൻ ഇംഗ്ലീഷ് താരവും ക
മൻറേറ്ററുമായ മാർക്ക് നികോളസ് ഞങ്ങളെ വിശേഷിപ്പിച്ചത് തലച്ചോറില്ലാത്തവർ എന്നാണ്. എന്നാൽ ഇത്തരം വിമർശങ്ങളും പ്രശ്നങ്ങളും ഞങ്ങളെ കൂടുതൽ ഐക്യമുള്ളവരാക്കി. ഈ 15 കളിക്കാരോടും എനിക്ക് തീരാത്ത നന്ദിയുണ്ട്. എല്ലാ പ്രശ്നങ്ങളുടെ നടുവിലും മികച്ച കാണികളുടെ മുമ്പിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചതിന്.
വ്യക്തിപരമായി കോച്ചിങ് സ്റ്റാഫിന് ഞാൻ നന്ദി പറയുന്നു, പ്രത്യേകിച്ച് മുഖ്യ കോച്ച് ഫിൽ സിമ്മൺസിന്. അദ്ദേഹം മികച്ച രീതിയിലാണ് ടീമിന് കളി പറഞ്ഞു തന്നത്. സമർഥനായ കോച്ചാണ് അദ്ദേഹം. മറ്റെല്ലാ പരിശീലകരും അവരുടെ റോൾ ഭംഗിയായി ചെയ്തു. ഈ ടൂർണമെൻറിൽ ഞങ്ങൾക്ക് പുതിയ മാനേജറെയാണ് ലഭിച്ചത്, റൗൾ ലൂയിസ്. ഇതിന് മുമ്പ് അദ്ദേഹം ഒരു ടീമിൻെറയും മാനേജരായിട്ടില്ല. എന്നാൽ മികച്ച മാനേജറായി അദ്ദേഹം തിളങ്ങി. ദുബൈയിൽ പരിശീലനത്തിന് വന്ന തങ്ങൾക്ക് ജെഴ്സി പ്രിൻറ് ചെയ്തിട്ടില്ലായിരുന്നു. അദ്ദേഹം ദുബൈയിൽ നിന്ന് കൊൽക്കത്തയിൽ എത്തി. എല്ലാ കാര്യങ്ങളും ചെയ്തുതന്നു. ജെഴ്സി സംഘടിപ്പിക്കാൻ വരെ ബുദ്ധിമുട്ടുണ്ടായി. എല്ലാ ക്രെഡിറ്റും ടീമംഗങ്ങൾക്ക് സമർപ്പിക്കുന്നു. വെസ്റ്റിൻഡീസിലെ എല്ലാ ആരാധകർക്കുമായി ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു.
15 കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'കാരികോമി'ന് നന്ദി പറയുന്നു. ടൂർണമെൻറിലുടനീളം അവർ ഞങ്ങളെ ഏറെ പിന്തുണച്ചു. ഗ്രനേഡയുടെ പ്രധാനമന്ത്രി കീത്ത് മിച്ചൽ ആശംസകൾ നേർന്ന് ഞങ്ങൾക്ക് ഇ-മെയിൽ അയച്ചു. ഏറെ പ്രചേദിപ്പിക്കുന്ന സന്ദേശമാണ് അദ്ദേഹം കൈമാറിയത്. എന്നാൽ ഇത്തരത്തിലൊരു ആശംസ ഞങ്ങളുടെ ക്രിക്കറ്റ് ബോർഡിൽ നിന്ന് ലഭിച്ചിട്ടില്ല. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്.
ഇന്നത്തെ ദിവസം 15 കളിക്കാരും കോച്ചിങ് സ്റ്റാഫുമായി ചേർന്ന് ഞാൻ ആഘോഷിക്കാനൊരുങ്ങുകയാണ്. ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് കളിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ഏകദിന ടീമിലേക്ക് ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇനി എന്നാണ് ട്വൻറി20 കളിക്കുകയെന്ന് ഞങ്ങൾക്ക് തീർച്ചയില്ല. അതിനാൽ എൻെറ സഹതാരങ്ങളെ, പരിശീലകരെ നിങ്ങൾക്ക് നന്ദി. വെസ്റ്റിൻഡീസ് ചാമ്പ്യൻമാരായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.