ധോണിയുടെ ചിറകിലേറി പുണെ കുതിപ്പ് തുടങ്ങി
text_fieldsമുംബൈ: എം.എസ്. ധോണി, ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ളെസിസ്... പഴയ ചെന്നൈ സൂപ്പര്‍കിങ്സിന്‍െറ വീര്യവും കരുത്തുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒമ്പതാം സീസണില്‍ പുതുമുഖക്കാരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന്‍െറ ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് പുണെ സൂപ്പര്‍ ജയന്‍റ്സ് എം.എസ്. ധോണിയുടെ ചിറകിലേറി പുണെ കുതിപ്പ് തുടങ്ങി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് ലക്ഷ്യംകണ്ടു. ഓപണര്‍മാരായ അജിന്‍ക്യ രഹാനെയും (42 പന്തില്‍ 66 നോട്ടൗട്ട്) ഫാഫ് ഡുപ്ളെസിസും (33 പന്തില്‍ 34) നല്‍കിയ തുടക്കത്തിന് ഇംഗ്ളീഷ് വെറ്ററന്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സന്‍ (14 പന്തില്‍ 21) പൂര്‍ണത നല്‍കിയതോടെ പുണെയുടെ വിജയം അനായാസമായി.
മഹാരാഷ്ട്രയെ വറുതിയിലാക്കിയ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്‍െറയും പേരില്‍ കോടതി കയറിയ മുംബൈ വാംഖഡെയിലെ പിച്ചില്‍ ചാമ്പ്യന്മാര്‍ക്ക് റണ്‍ വരള്‍ച്ചയായിരുന്നു. സാധാരണ റണ്‍സൊഴുകുന്ന പിച്ചില്‍ അടിച്ചുപറത്താനായിരുന്നു ലക്ഷ്യമെങ്കിലും നായകന്‍ രോഹിതിന്‍െറ തീരുമാനങ്ങളെല്ലാം പിഴച്ചു. ഇശാന്ത് ശര്‍മയും മിച്ചല്‍ മാര്‍ഷും ബൗളിങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ മുംബൈ നിരയില്‍ ഹര്‍ഭജന്‍െറ ബാറ്റിന് മാത്രമേ റണ്‍സടിച്ചെടുക്കാനായുള്ളൂ. 30 പന്തില്‍ 45 റണ്‍സുമായി ഭാജി ടോപ് സ്കോററായി. അമ്പാട്ടി റായുഡു 27 പന്തില്‍ 22 റണ്‍സുമായി രണ്ടാമത്തെ മികച്ച സ്കോറിനുടമയുമായി. ഓപണര്‍മാരായ ലെന്‍ഡല്‍ സിമ്മണ്‍സ് (8), രോഹിത് ശര്‍മ (7), ഹാര്‍ദിക് പാണ്ഡ്യ (9), ജോസ് ബട്ലര്‍ (0), കീരണ്‍ പൊള്ളാഡ് (1), ശ്രേയസ് ഗോപാല്‍ (2) എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായി. വിനയ് കുമാര്‍ 12ഉം മക്ളെനാന്‍ രണ്ടും റണ്‍സെടുത്തു. ഇശാന്തും മാര്‍ഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആര്‍.പി. സിങ്, രാഹുല്‍ ഭാട്ടിയ, മുരുകന്‍ അശ്വിന്‍, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ പതുക്കെ തുടങ്ങിയ രഹാനെ പുണെയെ വിജയതീരമണിയിക്കുമ്പോഴേക്കും മൂന്നു സിക്സറും ഏഴു ബൗണ്ടറിയും പറത്തിയിരുന്നു. ഡുപ്ളെസിസും നേടി മൂന്നു സിക്സര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.