നിങ്ങള്‍ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല –ബോംബെ ഹൈകോടതി
text_fieldsമുംബൈ: നിങ്ങള്‍ ഇപ്പോഴും സാമ്പത്തിക നേട്ടത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെക്കുറിച്ചല്ല.
പിച്ച് നനക്കാനുള്ള വെള്ളത്തിന്‍െറ പേരില്‍ കളി മുടങ്ങിനില്‍ക്കെ ഐ.പി.എല്ലിന്‍െറ നടത്തിപ്പുകാരോടാണ് ബോംബെ ഹൈകോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.മഹാരാഷ്ട്ര സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കുള്ള പിച്ച് നനക്കാന്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി വാദത്തിനെടുക്കവെയാണ് കോടതി ക്രിക്കറ്റ് അധികൃതര്‍ക്കുനേരെ രൂക്ഷമായ വിമര്‍ശമുന്നയിച്ചത്. സാമ്പത്തിക നഷ്ടമുണ്ടായാലും മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ വിയോജിപ്പില്ളെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചൊവ്വാഴ്ച കോടതിയിലും ആവര്‍ത്തിച്ചപ്പോഴാണ് നിങ്ങള്‍ വരുമാനത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജനങ്ങളെക്കുറിച്ചല്ളെന്നും കോടതി ആഞ്ഞടിച്ചത്. പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ഉദ്ഘാടനവും സമാപനവുമടക്കം 20 മത്സരങ്ങളാണ് മഹാരാഷ്ട്രയില്‍ നിശ്ചയിച്ചിരുന്നത്. സംശയത്തിന്‍െറ നിഴലിലായിരുന്നെങ്കിലും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സും തമ്മിലുള്ള ഉദ്ഘാടന മത്സരം കോടതിയുടെ കനിവിലാണ് നടന്നത്. ഈ മത്സരത്തിന് പിച്ച് നനക്കാന്‍ ഉപയോഗിച്ചത് കുടിവെള്ളമാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന നടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുണെയില്‍ നിശ്ചയിച്ച മത്സരങ്ങളുടെ വേദി സ്വമേധയാ മാറ്റാന്‍ കഴിയുമോ എന്നും കോടതി ആരാഞ്ഞു.
അതിനിടയില്‍, മുംബൈയിലും പുണെയിലുമായി ഇനി നടക്കാനിരിക്കുന്ന 17 മത്സരങ്ങള്‍ക്കും ക്രിക്കറ്റ് പിച്ച് നനക്കാന്‍ സംസ്കരിച്ച മലിനജലമേ ഉപയോഗിക്കൂവെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. വരള്‍ച്ച പരിഹരിക്കാന്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് വന്‍തുക സംഭാവന ചെയ്യാന്‍ കഴിയുമോ എന്നും വാംഖഡെ സ്റ്റേഡിയം നനക്കാന്‍ ഉപയോഗിക്കുന്ന 40 ലക്ഷം ലിറ്റര്‍ വെള്ളത്തിന് പകരമായി വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ അത്രയും കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. കേസില്‍ കോടതി ബുധനാഴ്ചയും വാദം കേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.