ഇതാ ഐ.പി.എല്ലിലെ അദ്ഭുത പയ്യൻ..!
text_fieldsബംഗളൂരു: ഭുവനേശ്വര്‍ കുമാര്‍ ആ പന്ത് അടുത്തൊന്നും മറക്കാനിടയില്ല. ഓഫ് സ്റ്റംപിനു നേരെ യോര്‍ക്കര്‍ എന്നുറപ്പിച്ചെറിഞ്ഞൊരു പന്ത്. തേര്‍ഡ്മാന്‍ ബൗണ്ടറിക്കു മുകളിലൂടെ സിക്സറായി അത് പറന്നിറങ്ങുമ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയം മുഴുവന്‍ തരിച്ചിരുന്നുപോയി. അങ്ങനെയൊരു ഷോട്ടായിരുന്നു അത്. അസാധ്യമായൊരു ആംഗിളില്‍ നീട്ടിപ്പിടിച്ച ബാറ്റിന്‍െറ മധ്യത്തിലേക്ക് പാഞ്ഞിറങ്ങിയ പന്തിനെ അതിനെക്കാള്‍ വേഗത്തില്‍ ബൗണ്ടറി വേലിക്ക് പുറത്തേക്ക് പറഞ്ഞയച്ച പയ്യന് വയസ്സ് 18 കഴിഞ്ഞിട്ടേയുള്ളൂ. സര്‍ഫറാസ് നൗഷാദ് ഖാന്‍ എന്ന റോയല്‍ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ 10 പന്തില്‍ നേടിയ 35 റണ്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് ആസ്വാദകന്മാര്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്‍െറ ഓപണിങ് ബൗളറും പരിചയ സമ്പന്നനുമായ ഭുവനേശ്വര്‍ കുമാറിന്‍െറ അവസാന ഓവറില്‍ പിറന്നത് 28 റണ്‍സ്. അതില്‍ 22 റണ്‍സും സര്‍ഫറാസ് വക. അവസാന അഞ്ച് പന്തും അതിര്‍ത്തിവേലിക്ക് പുറത്തത്തെിച്ചായിരുന്നു സര്‍ഫറാസ് ആ പന്തുകളില്‍ റണ്‍സെടുത്തത്. ആ അഞ്ചു ഷോട്ടുകളും അസാധ്യമായ ആംഗിളുകളില്‍.
ഒരു ദിവസം പൊട്ടിവീണൊരു താരമല്ല സര്‍ഫറാസ്. കൈയിലുള്ള വെടിക്കെട്ടിന്‍െറ സാമ്പ്ളുകളില്‍ ചിലത് കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കാഴ്ചവെച്ചിരുന്നു. അന്നേ പലരും പറഞ്ഞതാ ‘ഇവന്‍ പൊളിക്കും...’ എന്ന്. അത് നേരാണെന്ന് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തെളിയുകയും ചെയ്തു. ക്രിസ് ഗെയില്‍ പരാജയമായപ്പോള്‍ വിരാട് കോഹ്ലിയും അബി ഡിവില്ലിയേഴ്സും കത്തിപ്പടര്‍ന്ന പിച്ചില്‍ 227ല്‍ സ്കോര്‍ എത്തിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ജയിച്ചത് 45 റണ്‍സിനായിരുന്നു. അതില്‍ 35 റണ്‍സും സര്‍ഫറാസ് അവസാനത്തെ 10 പന്തില്‍ അടിച്ചുകൂട്ടിയത്.
VIDEO: @IamSarfarazKhan speaks to @ShirinSadikot about @imVkohli masterclass, @ABdeVilliers17 & friend @henrygayle https://t.co/tUqh4hdWMC
— IndianPremierLeague (@IPL) April 13, 2016
Sarfaraz Khan has got 'em moves! RT @IPL Kung Fu Panda - Now showing at Chinnaswamy stadium #RCBvSRH @RCBTweets https://t.co/Qt5XSDIPEe
— Zevenworld (@zevenW0rld) April 12, 2016
74, 74, 21നോട്ടൗട്ട്, 76, 59... ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോക കപ്പില്‍ അവസാനത്തെ അഞ്ച് ഇന്നിങ്സില്‍ സര്‍ഫറാസ് നേടിയ സ്കോര്‍. 76 റണ്‍സ് ശരാശരിയില്‍ 304 റണ്‍സ്. കോച്ച് രാഹുല്‍ ദ്രാവിഡിന് സര്‍ഫറാസിനെക്കുറിച്ച് പറയാന്‍ നൂറുനാവ്.മുംബൈക്കുവേണ്ടി ബംഗാളിനെതിരെ രഞ്ജിയില്‍ അരങ്ങേറിയ സര്‍ഫറാസ് കഴിഞ്ഞ സീണിന്‍െറ അവസാനത്തോടെ യു.പിയിലേക്ക് കളംമാറി. തന്‍െറ ഉയര്‍ന്ന സ്കോറായ 155 യു.പിക്കു വേണ്ടി നേടുകയും ചെയ്തു. പിതാവും യു.പി ടീമിന്‍െറ പരിശീലകനുമായ നൗഷാദ് ഖാന്‍െറ ക്ഷണം സ്വീകരിച്ചായിരുന്നു യു.പി ടീമിലേക്ക് ചേക്കേറിയത്.
കഴിഞ്ഞ സീസണില്‍ 50 ലക്ഷത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് സര്‍ഫറാസിനെ സ്വന്തമാക്കിയത്. ആദ്യ കളികളില്‍ ബെഞ്ചിലിരുന്ന സര്‍ഫറാസ് കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരെ പരാജയപ്പെട്ടെന്ന് കരുതിയ കളി 21 പന്തില്‍ 45 റണ്‍സ് അടിച്ച് വിജയിപ്പിച്ചപ്പോഴാണ് ഇങ്ങനെയൊരു മുതല്‍ കൈയിലുള്ളത് ക്യാപ്റ്റന്‍ കോഹ്ലിക്കുപോലും ബോധ്യമായത്. അന്ന് കോഹ്ലി വാനോളം പുകഴ്ത്തിയ സര്‍ഫറാസിനെ പിന്നീട് പുറത്തിരുത്തിയിട്ടില്ല.
ഇപ്പോള്‍ സര്‍ഫറാസിന്‍െറ കളിമികവിനെ പുകഴ്ത്തുന്നത് കോഹ്ലി മാത്രമല്ല. എതിര്‍ ടീമിന്‍െറ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. ആ ചെക്കന്‍െറ ഒടുക്കത്തെ അടിയില്ലായിരുന്നെങ്കില്‍ കളി തങ്ങള്‍ ജയിക്കുമായിരുന്നെന്ന് വാര്‍ണര്‍ പറഞ്ഞുകഴിഞ്ഞു. ഈ സീസണില്‍ ഇനിയും ചെക്കനില്‍നിന്ന് കടുപ്പപ്പെട്ട ഇന്നിങ്സുകള്‍ പിറക്കുമെന്നും വാര്‍ണര്‍ പ്രത്യാശിക്കുന്നു. ഷോട്ടുകള്‍ക്കു മേല്‍ ഇത്രയും നിയന്ത്രണമുള്ള ഒരാളെ അടുത്തൊന്നും കണ്ടിട്ടില്ളെന്നാണ് ടീമംഗമായ ആസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സണ്‍ പറയുന്നത്. എന്തായാലും ഒരുകാര്യം ഉറപ്പ്. ഇനി സര്‍ഫറാസിനെതിരെ പന്തെറിയാന്‍ എത്തുമ്പോള്‍ ഏത് ബൗളറുടെയും ചങ്കൊന്നു പിടക്കും. കാരണം, ഇനി വരാനിരിക്കുന്നത് സര്‍ഫറാസിന്‍െറ നാളുകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.