ധോണിപ്പടക്ക് രണ്ടാം തോല്‍വി
text_fieldsമൊഹാലി: തുടര്‍ച്ചയായ രണ്ട് വന്‍ പരാജയങ്ങള്‍ക്കുശേഷം മൊഹാലിയിലെ ഹോംഗ്രൗണ്ടില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ഉദിച്ചുയര്‍ന്നു. മുരളി വിജയ് (53), മനാന്‍ വോഹ്റ (51) എന്നിവര്‍ മുന്നില്‍നിന്നും മാക്സ്വെല്‍ (38) മധ്യനിരയിലും ബൗളര്‍മാര്‍ക്കുമേല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ എം.എസ്. ധോണിയുടെ റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ഡേവിഡ് മില്ലറുടെ ടീമിന് ടൂര്‍ണമെന്‍റിലെ കന്നിജയംകൂടിയാണിത്. മനാന്‍ വോഹ്റയാണ് കളിയിലെ താരം.
സ്കോര്‍: പുണെ 20 ഓവറില്‍ ഏഴിന് 152. പഞ്ചാബ് 18.4 ഓവറില്‍ 153.
വിജയം മാത്രം ലക്ഷ്യംവെച്ചിറങ്ങിയ പഞ്ചാബ് ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിനും കൂട്ടര്‍ക്കും ഇന്നലെ തൊട്ടതെല്ലാം പൊന്നായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നെങ്കിലും പുണെയെ 152 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ മിന്നല്‍വേഗത്തിലായിരുന്നു പഞ്ചാബിന്‍െറ സ്കോറിങ്. ഓപണര്‍മാരായ മുരളി വിജയ്-വോഹ്റ കൂട്ട് 97 റണ്‍സ് അടിച്ചുകൂട്ടിയാണ് പുറത്തായത്. 13ാം ഓവറില്‍ വോഹ്റ പുറത്തായതിന് തൊട്ടുപിന്നാലെ ഷോണ്‍ മാര്‍ഷ് (4), മുരളി വിജയ്, ഡേവിഡ് മില്ലര്‍ (7) എന്നിവര്‍ മടങ്ങിയത് ടീമിന് അല്‍പം ആശങ്കയുളവാക്കി.
പക്ഷേ, അവസാന ഓവറുകളില്‍ തകര്‍ത്താടിയ മാക്സ്വെല്‍ എട്ട് പന്ത് ശേഷിക്കെ ടീമിന് വിജയമധുരം സമ്മാനിച്ചു. 14 പന്തില്‍ രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 32 റണ്‍സാണ് മാക്സ്വെല്‍ വാരിക്കൂട്ടിയത്. വൃദ്ധിമാന്‍ സാഹ നാല് റണ്‍സുമായി പുറത്താകാതെ നിന്നു.
പുണെ നിരയില്‍ ഓപണര്‍ ഫാഫ് ഡുപ്ളസിസ് തിളങ്ങിയെങ്കിലും മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. അജിന്‍ക്യ രഹാനെ (9) ആയിരുന്നു വിക്കറ്റ് വീഴ്ചക്ക് തുടക്കംകുറിച്ചത്. തൊട്ടുപിറകെ കെവിന്‍ പീറ്റേഴ്സണും (15), തിസാരെ പെരേര (8) വന്നവഴിയേ പോയി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കടപുഴകുമ്പോള്‍ അചഞ്ചലനായി ക്രീസില്‍ നില്‍ക്കുകയായിരുന്നു ഫാഫ് ഡുപ്ളസിസ് (67).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.