സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴുവിക്കറ്റ് ജയം
text_fieldsഹൈദരാബാദ്: നായകന്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിന് ചൂടുപിടിച്ചപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ ഒമ്പതാം സീസണില്‍ ആദ്യ ജയവുമായി ഉദിച്ചുയര്‍ന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം തോല്‍വിയും. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ ആതിഥേയരായ ഹൈദരാബാദ് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് കന്നിജയം സ്വന്തമാക്കിയത്.
അമ്പാട്ടി റായുഡുവും (49 പന്തില്‍ 54), കൃണാല്‍ പാണ്ഡ്യയും (28 പന്തില്‍ 49 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയായിരുന്നു മുംബൈ സുരക്ഷിത ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ബൗളര്‍മാരെ തുണച്ച പിച്ചില്‍ വിജയപ്രതീക്ഷയുമായി മറുപടി ബൗളിങ്ങിനിറങ്ങിയ മുംബൈക്ക് എല്ലാം പിഴച്ചു.
സീസണില്‍ ഉജ്ജ്വല ഫോമിലുള്ള ഡേവിഡ് വാര്‍ണര്‍ ഓപണറായി ഇറങ്ങി തുടങ്ങിയ വെടിക്കെട്ട് അണക്കാന്‍ കഴിഞ്ഞില്ല. 59 പന്തില്‍ നാല് സിക്സും ഏഴ് ബൗണ്ടറിയും പറത്തിയ വാര്‍ണര്‍ 90 റണ്‍സെടുത്തു. ഫോമില്ലാതെ വട്ടംകറങ്ങുന്ന ശിഖര്‍ ധവാന്‍ (2) തിങ്കളാഴ്ചയും ആദ്യ ഓവറില്‍തന്നെ മടങ്ങിയിരുന്നു. ഒരറ്റത്തു നിന്ന് വാര്‍ണര്‍ അടിതുടങ്ങിയപ്പോള്‍ മറുതലക്കല്‍ മോയ്സസ് ഹെന്‍റിക്വസും (20) ഓയിന്‍ മോര്‍ഗനും (11) മികച്ച പിന്തുണയേകി. 17 റണ്‍സുമായി ദീപക് ഹൂഡ പുറത്താവാതെ നിന്നു. ഹൈദരാബാദിന്‍െറ നഷ്ടമായ മൂന്ന് വിക്കറ്റും ന്യൂസിലന്‍ഡ് ബൗളര്‍ ടിം സൗത്തിയാണ് വീഴ്ത്തിയത്.
മുംബൈ നിരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിശ്രമത്തിലായ കീറണ്‍ പൊള്ളാര്‍ഡിനു പകരം ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഐ.പി.എല്ലിലെ അരങ്ങേറ്റ പോരാട്ടത്തിനിറങ്ങിയെങ്കിലും നിരാശപ്പെടുത്തി. കൂറ്റനടിക്കാരനായ ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറില്‍ മടക്കി. രണ്ടാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും (5) അമ്പാട്ടി റായുഡുവും (54) പിടിച്ചുനിന്നതോടെയാണ് മുംബൈ നടുനിവര്‍ത്തിയത്. നായകന്‍ രോഹിത് ശര്‍മ (5) എട്ട് പന്ത് നേരിടുമ്പോഴേക്കും റണ്ണൗട്ടായി മടങ്ങി. തൊട്ടുപിന്നാലെ ജോസ് ബട്ലറും (11) കൂടാരം കയറി.
അഞ്ചാം വിക്കറ്റില്‍ റായുഡുവും കൃണാല്‍ പാണ്ഡ്യയും നടത്തിയ (28 പന്തില്‍ 49) വെടിക്കെട്ടാണ് മുംബൈയുടെ സ്കോര്‍ 100 കടത്തിയത്. അവസാന ഓവറില്‍ അടിച്ചുപറത്തിയ പാണ്ഡ്യ മൂന്ന് സിക്സും ബൗണ്ടറിയും നേടി. ഹൈദരാബാദിനായി സ്രാണ്‍ മൂന്നും ഭുവനേശ്വര്‍, മുസ്തഫിസുര്‍റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.