കോഹ്ലി ജയിച്ചു, ധോണി തോറ്റു
text_fieldsപുണെ: പണ്ടായിരുന്നെങ്കില്‍ ധോണിക്ക് ഇതൊക്കെ പുല്ലായിരുന്നു. കാലമിപ്പോള്‍ പഴയതുപോലെയല്ല. പിള്ളേരൊക്കെ മാറിപ്പോയി. രണ്ടും കല്‍പിച്ച് അവസാനം ആഞ്ഞടിക്കാന്‍ ധോണി തീരുമാനിച്ചപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു. ഇന്ത്യന്‍ ടീമിന്‍െറ രണ്ടു നായകന്മാര്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ ന്യൂജെന്‍ നായകന് വിജയം. മഹേന്ദ്രസിങ് ധോണി നയിച്ച റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന്‍െറ വിക്കറ്റുകള്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നപോലെ അരിഞ്ഞിട്ട ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 13 റണ്‍സ് വിജയം. രണ്ടു തോല്‍വികള്‍ക്കുശേഷം ബാംഗ്ളൂര്‍ വിജയവഴിയില്‍ തിരിച്ചത്തെി.
ബാംഗ്ളൂര്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ധോണിപ്പട 172 റണ്‍സില്‍ കാലിടറി വീണു. അജിന്‍ക്യ രഹാനെയും (46 പന്തില്‍ 60) ക്യാപ്റ്റന്‍ ധോണിയുടെ ഇഴഞ്ഞ ബാറ്റിങ്ങും (38 പന്തില്‍ 41 റണ്‍സ്) അവസാന ഓവറുകളില്‍ തിസര പെരേര നടത്തിയ വെടിക്കെട്ടും (13 പന്തില്‍ 34) പുണെക്ക് വിജയം കൊണ്ടുവന്നില്ല. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സില്‍ പുണെ പത്തിമടക്കി. റണ്‍സെടുക്കും മുമ്പ് കെവിന്‍ പീറ്റേഴ്സന്‍ പരിക്കേറ്റ് മടങ്ങിയതും പുണെക്ക് തിരിച്ചടിയായി.സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നേടിയ പുണെക്കായി ക്യാപ്റ്റന്‍ ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നാലാമത്തെ ഓവറില്‍ വെറും ഏഴു റണ്ണെടുത്ത ലോകേഷ് രാഹുലിനെ തിസര പെരേരയുടെ പന്തില്‍ ഇശാന്ത് ശര്‍മ പിടിച്ച് പുറത്താകുമ്പോള്‍ ധോണി പിടിമുറുക്കിത്തുടങ്ങിയെന്ന് കരുതിയതാണ്. പക്ഷേ, ഡിവില്ലിയേഴ്സ് എത്തിയതോടെ കളിയുടെ ഗതിമാറി. പിന്നെ സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യം തിസര പെരേര എറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്. അവസാന ഓവറുകളിലെ കത്തിക്കയറലില്‍ സ്കോര്‍ 200 കടക്കുമെന്നു കരുതിയതാണ്. പക്ഷേ, അവസാന ഘട്ടത്തില്‍ വമ്പന്‍ അടികള്‍ക്ക് അവസരം നല്‍കാതെ കാക്കാന്‍ പുണെ ബൗളര്‍മാര്‍ക്കായതാണ് സ്കോര്‍ 185ല്‍ നിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.