കുംബ്ലെ എത്തി; ആവേശത്തോടെ ഭാവി താരങ്ങള്‍
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെ തലസ്ഥാനത്ത് എത്തി. തിരുവനന്തപുരം സ്പോര്‍ട്സ് ഹബില്‍ (കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) ആരംഭിച്ച ‘ടെന്‍വിക്’ അക്കാദമിയിലെ കുട്ടികളുമായും പരിശീലകരുമായും സംവദിക്കാനാണ് അദ്ദേഹം ബുധനാഴ്ച എത്തിയത്. രാവിലെ 11ഓടെ ഗ്രീന്‍ഫീല്‍ഡില്‍ അക്കാദമിയിലെ കുട്ടികളുമായും അവരുടെ രക്ഷാകര്‍ത്താക്കളുമായും സംവദിച്ചു. തങ്ങളുടെ ആരാധനാപാത്രത്തെ നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു കുട്ടികള്‍. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
കപില്‍ ദേവുമായി ഡ്രെസിങ് റൂം പങ്കുവെച്ചത് തന്‍െറ ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് കുംബ്ളെ പറഞ്ഞു. ഗുണ്ടപ്പ വിശ്വനാഥും സുനില്‍ ഗവാസ്കറുമൊക്കെയായിരുന്നു ആരാധ്യപുരുഷന്മാര്‍. ഏത് സ്പോര്‍ട്സ് ഇനത്തിനും ശാരീരികക്ഷമത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച സൗകര്യങ്ങളാണ് ഗ്രീന്‍ഫീല്‍ഡിലെന്നും ഇവിടെ പരിശീലിക്കാന്‍ അവസരം ലഭിച്ച കുട്ടികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ടേബ്ള്‍ ടെന്നിസ് താരം വസന്ത് ഭരദ്വാജും കുംബ്ളെക്കൊപ്പം ഉണ്ടായിരുന്നു. ഫുട്ബാള്‍, ക്രിക്കറ്റ് ഇനങ്ങളിലാണ് ടെന്‍വിക്കില്‍ പരിശീലനം ആരംഭിച്ചത്. ഏഴുമുതല്‍ 18 വയസ്സുവരെയുള്ള 140 പേരാണ് അക്കാദമിയിലുള്ളത്. കുട്ടികളുടെ പരിശീലനം കണ്ട കുംബ്ളെ വൈകീട്ട് മൂന്നിനുള്ള വിമാനത്തില്‍ ബംഗളൂരുവിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.